
തിരുവനന്തപുരം: വിലകൂടിയ വിദേശമദ്യക്കുപ്പികളിൽ നിറച്ച് വിൽപനയ്ക്കെത്തിച്ച വ്യാജമദ്യം പിടികൂടി. ഓണക്കാലം ലക്ഷ്യമിട്ട് എത്തിച്ച 33 ലിറ്റർ വ്യാജമദ്യമാണ് തിരുവനന്തപുരത്ത് പിടികൂടിയത്. കൊഞ്ചിറയിലെ വാടക വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിൽ 33 ലിറ്റർ വ്യാജമദ്യവും 20 ലിറ്റർ കോടയും 2ലക്ഷം രൂപയും വാറ്റുപകരണങ്ങളുമാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് തേക്കട കൊഞ്ചിറ പെരുംകൂർ കാർത്തികയിൽ വാടകയ്ക്ക് താമസിക്കുന്ന സതീശൻ(64) അറസ്റ്റിലായി. കുറച്ച് കാലമായി പ്രതി കൊഞ്ചിറയിൽ വാടക വീട് കേന്ദ്രീകരിച്ച് വ്യാജ മദ്യനിർമ്മാണവും വില്പനയും നടത്തി വരുന്നതായി റൂറൽ ജില്ലാ പൊലീസ് മേധാവി സുദർശനന് വിവരം ലഭിച്ചിരുന്നു. ഈ വിവരം നെടുമങ്ങാട് പൊലീസ് സബ് ഡിവിഷനിലേക്കും വട്ടപ്പാറ പൊലീസിനും കൈമാറി. തുടർന്ന് നെടുമങ്ങാട് എ.എസ്.പി അച്യുത് അശോക്, വട്ടപ്പാറ സി.ഐ.ശ്രീജിത്ത്, എസ്.ഐമാരായ ബിനിമോൾ, പ്രദീപ്, മനോജ്, സിവിൽ പൊലീസ് ഓഫീസർമാരായ സൂരജ്, സജീവ്, പ്രശാന്ത്, ബിനോയി, മാധവൻ എന്നിവർ അടങ്ങിയ സംഘം നടത്തിയ പരിശോധനയിൽ വീട്ടിൽ നിന്നും വിദേശ മദ്യക്കുപ്പികളിൽ നിറച്ചിരുന്ന വ്യാജമദ്യവും കോടയുമടക്കം പ്രതിയെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
മറ്റൊരു സംഭവത്തിൽ സ്വന്തമായി നിർമ്മിച്ച വീട്ടിലെ രഹസ്യ അറകളിൽ നിന്ന് വലിയ തോതിൽ വാഷുമായി കെട്ടിട നിർമ്മാണ തൊഴിലാളി മലപ്പുറത്ത് പിടിയിലായത് ഇന്നലെയാണ്. ചാരായം നിര്‍മിക്കാനായി ബാരലില്‍ സൂക്ഷിച്ച 500 ലിറ്ററോളം വാഷുമായി യുവാവിനെ കാളികാവ് എക്‌സൈസ് സംഘം പിടികൂടിയത്. മമ്പാട് പള്ളിക്കുന്ന് സ്വദേശി പഴംപാലക്കോട് വീട്ടില്‍ രാജുവിനെ (45) യാണ് പിടികൂടിയത്. നിറയെ രഹസ്യ അറകളും 500 ലിറ്ററോളം വാഷ് ബാരലുകളിലായി സൂക്ഷിക്കാനുള്ള സൗകര്യവും ഇയാള്‍ വീട്ടില്‍ ഒരുക്കിയിരുന്നു. പൊലീസിലും എക്‌സൈസിലുമായി നാല് ചാരായ കേസുകളും രാജുവിന്റെ പേരിലുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam