
കോഴിക്കോട്: വിവിധ കാരണങ്ങളാൽ പഠനം പാതിവഴിയിൽ ഉപേക്ഷിച്ച വിദ്യാർത്ഥികളെ തിരികെ സ്കൂളിൽ എത്തിച്ച് കോഴിക്കോട് സിറ്റി പൊലീസ്. വിവിധ കാരണങ്ങളാൽ പഠനം പാതിവഴിയിൽ ഉപേക്ഷിച്ച 54 കുട്ടികളെയാണ് 'ബാക് ടു സ്കൂൾ' ക്യാമ്പയിനിലൂടെ തിരികെ സ്കൂളുകളിൽ ചേർത്തത്.
കോഴിക്കോട് സിറ്റി സോഷ്യൽ പൊലീസിങ് വിഭാഗത്തിന്‍റെ ഭാഗമായി പദ്ധതിയുടെ നോഡൽ ഓഫീസറും അഡീഷണൽ എസ്പിയുമായ വി എം അബ്ദുൽ വഹാബിന്‍റെ നേതൃത്വത്തിലാണ് ഈ ക്യാമ്പയിൻ ആരംഭിച്ചത്. സംസ്ഥാനത്ത് തന്നെ ആദ്യമായാണ് ഇങ്ങനൊരു പദ്ധതി പൊലീസ് നടപ്പാക്കുന്നത്. പഠനത്തിൽ നിന്ന് കൊഴിഞ്ഞുപോയ കുട്ടികളെ കണ്ടെത്തി സ്കൂളിലേക്ക് തിരികെ എത്തിച്ച് പഠനം ഉറപ്പാക്കുന്ന ഈ പദ്ധതി വിദ്യാഭ്യാസ വകുപ്പിന്റെയും സന്നദ്ധ സംഘനകളുടെയും സോഷ്യൽ പൊലീസിങ് വിഭാഗത്തിന്‍റെയും സഹകരണത്തോടു കൂടിയാണ് നടക്കുന്നത്.
വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറിൽ നിന്നും ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ 68 കുട്ടികളാണ് ജില്ലയിൽ പഠനം പൂർത്തിയാക്കാതെ സ്കൂൾ വിട്ടുപോയതെന്ന് മനസ്സിലായതായി നോഡൽ ഓഫീസർ പറഞ്ഞു. ഈ കുട്ടികളുടെ താമസസ്ഥലം തേടിപ്പിടിച്ച് പൊലീസുകാർ കുട്ടികളുടെ മാതാപിതാക്കളെ ബന്ധപ്പെട്ടു. 54 കുട്ടികളെ സ്കൂളിലേക്ക് തിരികെ അയക്കാൻ തീരുമാനമായി. അവർക്ക് സ്കൂളുകളിൽ റീ- അഡ്മിഷൻ തയ്യാറാക്കുകയും ചെയ്തു.
സോഷ്യൽ പോലീസിങിന്‍റെ ഭാഗമായ ഹോപ് പദ്ധതിയിലേക്ക് കുട്ടികളെ കണ്ടെത്തുന്നതിനോട് ഒപ്പമാണ് ഈ പദ്ധതിയും നടപ്പിലാക്കിയത്. ബാക്കിയുള്ള 14 കുട്ടികളിൽ 7 പേരെ ഹോപ് പദ്ധതിയിലും ചേർത്ത് തുടർപഠനത്തിന് അവസരമൊരുക്കി. എന്നാൽ അന്യസംസ്ഥാനത്ത് നിന്നുള്ള മറ്റ് കുട്ടികളുടെ വിവരം ഇനിയും ലഭിക്കാനുണ്ട്. അവർ മടങ്ങി സ്വദേശത്തേക്ക് പോയിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു. പഠനം ഉപേക്ഷിച്ചവരിൽ കൂടുതലും ഹൈസ്കൂൾ ക്ലാസ്സുകളിലെ കുട്ടികളാണ്.ആൺകുട്ടികളാണ് ഇവരിൽ കൂടുതൽ പേരും. തിരികെ സ്കൂളിലെത്തിച്ച കുട്ടികളുടെ പഠന കാര്യങ്ങൾ സ്കൂൾ അധികൃതരുമായി ബന്ധപ്പെട്ട് കേരള പൊലീസ് വിലയിരുത്തുകയും ഒപ്പം ഈ കുട്ടികൾക്ക് വ്യക്തിഗത മെന്‍റർമാരെ നൽകി പഠനത്തിൽ സഹായിക്കുകയും ചെയ്യും എന്ന് നോഡൽ ഓഫീസർ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam