വടക്കേ വയനാടിന്‍റെ ദാഹം തീര്‍ക്കാന്‍ ബാണാസുര സാഗര്‍ സമഗ്ര കുടിവെള്ള പദ്ധതി

By Web TeamFirst Published Dec 27, 2018, 10:18 PM IST
Highlights

അഞ്ച് പഞ്ചായത്തുകളിലെ ഒന്നര ലക്ഷം പേര്‍ക്ക് കുടിവെള്ളമെത്തിക്കുന്ന ബൃഹത് പദ്ധതിയാണ് ബാണാസുര ഡാമില്‍ ഒരുക്കിയിരിക്കുന്നത്. 

കല്‍പ്പറ്റ: പ്രളയകാലത്ത് വടക്കേ വയനാടന്‍ ഗ്രാമങ്ങളെ കണ്ണീരിലാഴ്ത്തിയ അതേ ബാണാസുരസാഗര്‍ ആ ഗ്രാമങ്ങള്‍ക്കെല്ലാം ആശ്വാസമേകാനൊരുങ്ങുകയാണ്. വേനലെത്തുന്നതോടെ വരണ്ടുണങ്ങുന്ന ഗ്രാമങ്ങള്‍ക്ക് ദാഹജലമെത്തിക്കാന്‍ ആരംഭിച്ച ബാണാസുരസാഗര്‍ സമഗ്ര കുടിവെള്ള പദ്ധതി നിര്‍മാണം അന്തിമഘട്ടത്തിലേക്ക്. അഞ്ച് പഞ്ചായത്തുകളിലെ ഒന്നര ലക്ഷം പേര്‍ക്ക് കുടിവെള്ളമെത്തിക്കുന്ന ബൃഹത് പദ്ധതിയാണ് ബാണാസുര ഡാമില്‍ ഒരുക്കിയിരിക്കുന്നത്. സംസ്ഥാന ജല അതോറിറ്റി എന്‍ ഡി ആര്‍ ഡി ഡിബ്ല്യു പി വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയാണ് കുടിവെള്ള പദ്ധതി ആസൂത്രണം ചെയ്തത്. തരിയോട്, പൊഴുതന, കോട്ടത്തറ, വെങ്ങപ്പള്ളി, പടിഞ്ഞാറത്തറ പഞ്ചായത്തുകളിലാണ് പദ്ധതി വഴി ജലവിതരണം നടത്തുക. 

2015 ല്‍ അന്നത്തെ കല്‍പ്പറ്റ മണ്ഡലം എം എല്‍ എയായിരുന്ന ശ്രേയാംസ്‌കുമാര്‍ മുന്‍കയ്യെടുത്താണ് പദ്ധതി തയ്യാറാക്കിയത്. 78 കോടി രൂപ ഇതിനായി കണ്ടെത്തി. പദ്ധതി പാതിവഴിക്ക് നിന്നുപോകാതിരിക്കാന്‍ കൂടിയാണ് കടുത്തവേനലിലും തെളിനീരുള്ള ബാണാസുരസാഗര്‍ അണക്കെട്ട് പദ്ധതിയുടെ സ്രോതസ്സാക്കിയത്. അണക്കെട്ടില്‍ എട്ടുമീറ്റര്‍ വ്യാസമുള്ള കിണര്‍ നിര്‍മിച്ചാണ് ജലശേഖരണം ഉറപ്പാക്കുന്നത്. കിണറിന്റെ നിര്‍മാണവും അവസാനഘട്ടത്തിലാണ്. തരിയോട് പഞ്ചായത്തിലെ കമ്പനിക്കുന്നില്‍ പൂര്‍ത്തിയാവുന്ന എട്ട് ദശലക്ഷം ലിറ്റര്‍ വെള്ളം ശേഖരിക്കാന്‍ കഴിയുന്ന കൂറ്റന്‍ സംഭരണിയിലാണ് അണക്കെട്ടില്‍ നിന്നും കുടിവെള്ളം എത്തിക്കുക. പടിഞ്ഞാറത്തറയില്‍ നാല് ദശലക്ഷം ലിറ്റര്‍ ശേഖരണശേഷിയുള്ള സംഭരണിയിലും ജലമെത്തിക്കും. കമ്പനിക്കുന്നില്‍ ശുദ്ധീകരണശാലയ്ക്ക് സമീപം 7.5 ലക്ഷം ലിറ്റര്‍ ശേഷിയുള്ള ഭൂഗര്‍ഭ സംഭരണിയും ഇതിനായി ഒരുക്കും. 

കോടഞ്ചേരിക്കുന്ന്, കാവുംമന്ദം, വലിയപാറ എന്നിവിടങ്ങളില്‍ നിര്‍മ്മിക്കുന്ന സംഭരണികളിലും ശുദ്ധീകരിച്ച ജലമെത്തിക്കും. പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ അനുവദിച്ച  15 കോടി രൂപ വകയിരുത്തിയാണ് കിണറും ശുദ്ധീകരണശാലയും പൂര്‍ത്തിയായത്. 2015 സെപ്തംബറില്‍ അന്നത്തെ ജലവിഭവ വകുപ്പ് മന്ത്രി പി ജെ ജോസഫാണ് പടിഞ്ഞാറത്തറയില്‍ സമഗ്ര കുടിവെള്ള പദ്ധതിയുടെ നിര്‍മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തത്. 2018 ഡിസംബറില്‍ പദ്ധതി പൂര്‍ത്തിയാക്കാനായിരുന്നു ലക്ഷ്യമിട്ടതെങ്കിലും വിവിധ കാരണങ്ങളാല്‍ നിര്‍മ്മാണം  തടസ്സപ്പെട്ടു. എങ്കിലും അധികം വൈകാതെ കുടിവെള്ള പദ്ധതി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് വാട്ടര്‍ അതോറിറ്റി അധികൃതര്‍ പറയുന്നത്. കുടിവെള്ളത്തിന് വലിയ ജലസ്രോതസ്സുകളൊന്നുമില്ലാത്ത ഒട്ടനവധി ഗ്രാമങ്ങളിലേക്കാണ് ബാണാസുരസാഗറില്‍ നിന്നും ജലമെത്തുക. 

പുഴകള്‍ കേന്ദ്രീകരിച്ചുള്ള കുടിവെള്ള പദ്ധതികള്‍ വരള്‍ച്ചയെത്തുമ്പോള്‍ നോക്കുകുത്തിയാകുന്ന കാഴ്ചകള്‍ക്കിടയില്‍ ഈ ബ്രഹത് പദ്ധതിയെ കാത്തിരിക്കുന്നത് ലക്ഷക്കണക്കിന് കുടുംബങ്ങളാണ്. കാരാപ്പുഴ അണക്കെട്ടില്‍ നിന്നും കല്‍പ്പറ്റ നഗരത്തില്‍ ഇപ്പോള്‍ തന്നെ കുടിവെള്ളമെത്തിക്കുന്നുണ്ട്. വാരാമ്പറ്റ മുള്ളങ്കണ്ടി പാലത്തിന് സമീപമുള്ള പമ്പ് ഹൗസില്‍ നിന്നാണ് നിലവില്‍ പടിഞ്ഞാറത്തറ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടിവെള്ളമെത്തിക്കുന്നത്. എന്നാല്‍ മാര്‍ച്ച് മാസാമാകുന്നതോടെ പുഴയിലെ വെള്ളം വറ്റി പദ്ധതി കൊണ്ട് പ്രയോജനമില്ലാതാവും. ഇതിനെല്ലാം പരിഹാരമാണ് ബാണാസുരസാഗര്‍ പദ്ധതി. പൈപ്പുകള്‍ സ്ഥാപിക്കലാണ് അടുത്ത ലക്ഷ്യം. ഒരു വര്‍ഷത്തിനകം ഇക്കാര്യങ്ങള്‍ പൂര്‍ത്തിയാക്കി ജലവിതരണം തുടങ്ങാനാവുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

click me!