ഹിമാലയം കടന്ന് വന്ന അതിഥി വയനാട്ടിലാദ്യമായി, നീർപക്ഷി സർവേയിൽ കുറിത്തലയൻ വാത്ത്‌ ഉൾപ്പെടെ 159 ഇനം പക്ഷികൾ

Published : Jan 19, 2026, 04:38 PM IST
BIRD

Synopsis

ടിബറ്റൻ പീഠഭൂമിയിലാണ് ഇവ സാധാരണ കൂടുണ്ടാക്കുന്നത്. തണുപ്പുകാലത്ത് ഹിമാലയം താണ്ടി തെക്കൻ ഏഷ്യയിലേക്ക് ചേക്കേറുന്ന ഇവ ഇന്ത്യയുടെ തെക്കേ അറ്റം വരെ എത്തുന്നു.

ലോകത്തിലെ ഉയരം കൂടിയ മലനിരയായ ഹിമാലയത്തിനുമുകളിലൂടെ പറന്ന് ദേശാടനം നടത്തുന്ന കുറിത്തലയൻ വാത്ത്‌ ( Bar-headed goose ) വയനാട്ടിൽ. വയനാട് ജില്ലയിലെ തണ്ണീർത്തടങ്ങളുടെ ആരോഗ്യവും പക്ഷിസമ്പത്തും വിലയിരുത്തുന്നതിനായി നടത്തിയ ഈ വർഷത്തെ ഏഷ്യൻ നീർപ്പക്ഷി സെൻസസി (Asian Waterbird Census)ലാണ് കുറിത്തലയൻ വാത്തിനെ കണ്ടെത്തിയത്. 

ടിബറ്റൻ പീഠഭൂമിയിലാണ് ഇവ സാധാരണ കൂടുണ്ടാക്കുന്നത്. തണുപ്പുകാലത്ത് ഹിമാലയം താണ്ടി തെക്കൻ ഏഷ്യയിലേക്ക് ചേക്കേറുന്ന ഇവ ഇന്ത്യയുടെ തെക്കേ അറ്റം വരെ എത്തുന്നു. ഓക്സിജൻ കുറഞ്ഞ ഉയരത്തിൽ പറക്കുന്ന ഈ പക്ഷി ജീവ ലോകത്തെ ഒരു അത്ഭുതമാണ് ജില്ലയിലെ വിവിധ ഭാഗങ്ങളിലായി ഒൻപതോളം പ്രധാന തണ്ണീർത്തടങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ സർവേയിൽ ദേശാടനപ്പക്ഷികളും തദ്ദേശീയ പക്ഷികളും ഉൾപ്പെടെ ആകെ 159 ഇനം പക്ഷികളിലായി 1467 പക്ഷികളെ കണ്ടെത്തി.

ഹ്യൂം സെന്റർ ഫോർ എക്കോളജി ആൻഡ് വൈൽഡ് ലൈഫ് ബയോളജി, സോഷ്യൽ ഫോറസ്ട്രി വയനാട്, കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ്, വയനാട് ബേഡേഴ്സ് എന്നിവർ സംയുക്തമായാണ് ജനുവരി 18-ന് സർവേ സംഘടിപ്പിച്ചത്.പനമരം, വള്ളിയൂർക്കാവ്, ആറാട്ടുതറ, കാരാപ്പുഴ, നെല്ലറച്ചാൽ, ചേകാടി, കൊളവള്ളി, ബാണാസുര ഡാം എന്നിവിടങ്ങളിലും വയനാട് വന്യജീവി സങ്കേതത്തിലെ ഗോളൂർ, അമ്മവയൽ എന്നീ ഭാഗങ്ങളിലുമാണ് നീർപ്പക്ഷി സർവേ നടന്നത്. മുതിർന്ന പക്ഷി നിരീക്ഷകർ, പരിസ്ഥിതി പ്രവർത്തകർ, വിദ്യാർത്ഥികൾ എന്നിവരടക്കം 35 ഓളം പേർ സർവ്വേക്ക് നേതൃത്വം നൽകി. വയനാടിന്റെ സ്വന്തം 'വയനാട് കുട്ടി ബേർഡേഴ്സ്' അംഗങ്ങളുടെ സജീവ പങ്കാളിത്തം ഇത്തവണത്തെ സർവേയുടെ പ്രത്യേകതയായിരുന്നു. സോഷ്യൽ ഫോറസ്ട്രി ആർഎഫ്ഒ സജീവൻ ഉദ്ഘാടനം നിർവഹിച്ചു. 

കുറിത്തലയൻ വാത്ത്‌ കൂടാതെ അപൂർവയിനം പക്ഷികളായ തീപ്പൊരിക്കണ്ണൻ (Watercock), മഴക്കൊച്ച (Cinnamon Bittern) എന്നിവയുംദേശാടകനായി എത്തിയ വലിയ പുള്ളി പരുന്തും (Greater spotted eagle) സർവ്വേയിൽ കണ്ടെത്താനായി. വയനാട്ടിൽ വളരെ അപൂർവമായി കാണപ്പെടുന്നതും എന്നാൽ കേരളത്തിൽ മറ്റിടങ്ങളിൽ കാണപ്പെടുന്നതുമായ പവിഴക്കാലിയെ (Black winged stilt ) കണ്ടെത്തിയതും സർവ്വേയുടെ പ്രത്യേകതയായി. കാലാവസ്ഥാ വ്യതിയാനവും തണ്ണീർത്തടങ്ങളുടെ വിസ്തൃതി കുറയുന്നതും പക്ഷി വൈവിധ്യത്തെ എങ്ങനെ ബാധിക്കുന്നു എന്ന് വിലയിരുത്താൻ ഇത്തരം ശാസ്ത്രീയമായ കണക്കെടുപ്പുകൾ സഹായിക്കുമെന്ന് സർവ്വേ കോർഡിനേറ്റർമാരായ രതീഷ് RL ഉം സഈദും അഭിപ്രായപ്പെട്ടു.  

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കോഴിക്കോട് വീണ്ടും തെരുവുനായ ആക്രമണം, വിദ്യാര്‍ത്ഥിനിക്ക് പരിക്കേറ്റു
'എന്തിനാ വാവേ ഇത് ചെയ്തത്...', ദീപക്കിന്‍റെ അമ്മയുടെ കരച്ചിൽ ഉള്ളുലയ്ക്കുന്നു, ആ അമ്മയ്ക്ക് നീതി വേണം; ടി സിദ്ദിഖ്