
സുല്‍ത്താന്‍ബത്തേരി: ''മൂന്ന് ദിവസം മുമ്പ് അതിരാവിലെയായിരുന്നു ആ സംഭവം. പശുത്തൊഴുത്തിലേക്കെത്തിയ അനുജന്‍ വിവേക്, നായ പതിവില്ലാതെ കുരക്കുന്നത് കേട്ട് നോക്കിയപ്പോഴാണ് കരടി തേന്‍ ഭക്ഷിക്കുന്നത് കണ്ടത്. എന്തോ തല്ലിപ്പൊളിക്കുന്ന ശബ്ദം ഞാനും കേട്ടിരുന്നു. തൊടിയില്‍ സ്ഥാപിച്ചിരുന്നു കൂടുകള്‍ മുഴുവന്‍ മറിച്ചിട്ട് തേന്‍ അകത്താക്കുകയായിരുന്നു കരടി''- ഈസ്റ്റ് ചീരാലിലെ കുടുക്കി പൂളക്കര കുമ്പാരക്കര വിനീതിന്റെ വാക്കുകളില്‍ നിരാശയുണ്ടായിരുന്നു. എട്ട് വര്‍ഷമായി ഉപജീവനത്തിനായി താന്‍ പരിപാലിച്ച് പോന്നിരുന്ന തേന്‍കൂടുകള്‍ പാടെ നശിപ്പിക്കപ്പെട്ടപ്പോഴും മറ്റു അപകടങ്ങളൊന്നുമുണ്ടായില്ലല്ലോ എന്ന ആശ്വാസവും ഉണ്ട് ഈ യുവകര്‍ഷകന്.
ഒരു മാസം മുമ്പാണ് കുടുക്കിയിലേക്ക് കരടിയെത്തിയത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുന്നത്. പല തവണ വനംവകുപ്പിനെ ഇക്കാര്യം അറിയിച്ചിരുന്നു. പതിവ് പരിശോധനകള്‍ക്കപ്പുറം മറ്റൊന്നും നടന്നിട്ടില്ല. വിനീതിന്റെ വീടിരിക്കുന്ന പ്രദേശത്ത് നിന്ന് ഏകദേശം രണ്ട് കിലോമീറ്റര്‍ അകലെയാണ് വനമുള്ളത്. വനത്തില്‍ നിന്ന് എപ്പോഴോ പുറത്തിറങ്ങിയ കരടിയാണ് ഇപ്പോള്‍ നാട്ടുകാരുടെ ഉറക്കം കെടുത്തുന്നത്. വിനീതിന്റെ കൃഷിയിടത്തില്‍ വെച്ച പത്ത് പെട്ടികളിലായിട്ടായിരുന്നു തേനീച്ച വളര്‍ത്തല്‍. ആദ്യ തവണ കരടിയെത്തി കുറച്ച് കുടുകള്‍ തകര്‍ത്ത് തേനും ഭക്ഷിച്ചുപോയിരുന്നു. ഇതിന് ശേഷമെത്തിയാണ് മറ്റുള്ളത് കൂടി തകര്‍ത്തത്. ഇനി ഒരു കൂട് മാത്രമാണ് ശേഷിക്കുന്നത്. ഇതും തേടി കരടി വരുമെന്ന ഭീതിയിലാണ് വിനീതും കുടുംബവും. തേനീച്ചകളടക്കം നഷ്ടപ്പെട്ടതിനാല്‍ കൃഷി പൂര്‍ണമായി നിലച്ചിരിക്കുകയാണിപ്പോള്‍.
ദിവസങ്ങള്‍ക്ക് മുമ്പ് പ്രദേശത്തെ പടമാടന്‍ ഡെയ്‌സിയുടെ വീട്ടിലും കരടിയെത്തിയിരുന്നു. ഇവരുടെ അയല്‍വാസിയായ വിശ്വനാഥന്റെ വീട്ടുപറമ്പിലെ പ്ലാവില്‍ കയറി ചക്ക പറിച്ചു തിന്നുന്ന കരടിയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കരടിയെ പേടിച്ച് പ്ലാവില്‍ അവശേഷിച്ചിരുന്ന ചക്കകളെല്ലാം പിഴുത് കളയേണ്ടി വന്നു ഈ കുടുംബത്തിന്. കാടിലേക്ക് പോകാതെ പ്രദേശത്തെ തോട്ടങ്ങളിലും മറ്റും തങ്ങുകയാണ് കരടിയെന്ന് നാട്ടുകാര്‍ പറയുന്നു. ഇത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. പകല്‍ സമയങ്ങളില്‍ പോലും ആളുകള്‍ കരടിയുടെ ആക്രമണം ഭയക്കുന്നുണ്ട്.