
കോട്ടയം: കോട്ടയം ഏറ്റുമാനൂരിൽ വീട്ടമ്മ ലീന ജോസിന്‍റെ മരണത്തിന് കാരണം കഴുത്തിനേറ്റ ആഴത്തിലുള്ള മുറിവെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ബലം പ്രയോഗിച്ച് മുറിവേൽപ്പിച്ചത് ആകാനുള്ള സാധ്യത ഉണ്ടെന്നും പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ പറയുന്നു. സംഭവത്തില്‍ ലീനയുടെ ഭർത്താവ് ജോസ് ചാക്കോയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. ജോസ് ചാക്കോയുടെ മൊഴിയിൽ അവ്യക്തത ഉണ്ടെന്ന് പൊലീസ് പറയുന്നു. ലീനയുടെ ഇളയമകൻ തോമസ് ജോസിനെയും പൊലീസ് ചോദ്യം ചെയ്യുകയാണ്. ലീന ജോസിന്റെ സംസ്കാരം അല്പസമയത്തിനകം നടക്കും.
തെള്ളകം പൂഴിക്കുന്നേൽ വീട്ടിൽ ലീന ജോസിന് ഇന്നലെ രാത്രിയാണ് വീടിന്റെ പിൻവശത്താണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിനകത്ത് അടുക്കളയുടെ ഭാഗത്താണ് മൃതദേഹം കണ്ടത്. കഴുത്തിന് മുറിവേറ്റ നിലയിലായിരുന്നു മൃതദേഹം. സമീപത്ത് ഒരു കത്തിയും പൊലീസ് കണ്ടെത്തി. ഇന്നലെ രാത്രി 12 മണിയോടെ ജോലി കഴിഞ്ഞ് എത്തിയ ലീനയുടെ മൂത്തമകൻ ജെറിൻ തോമസാണ് മൃതദേഹം കണ്ടത്. രണ്ട് മക്കളും ഭർത്താവും ഭർത്താവിന്റെ അച്ഛനുമാണ് വീട്ടിൽ താമസിക്കുന്നത്. ഫോറൻസിക് സംഘവും ഡോഗ് സ്‌ക്വാടും സ്ഥലത്ത് പരിശോധന നടത്തി. മാനസിക വെല്ലുവിളി നേരിടുന്ന ആളാണ് ലീന എന്ന് ബന്ധുക്കൾ പറഞ്ഞു. മരണത്തിൽ ദൂരുഹത ഉണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്.