
കായംകുളം: കോളേജ് കാലത്ത് ഊണിലും ഉറക്കത്തിലും ഒരുമിച്ചുണ്ടായിരുന്ന സുഹൃത്തിന് സഹായം നൽകി ആശുപത്രിയിൽ നിന്ന് ഉറങ്ങുമ്പോൾ കൂട്ടുകാരി മരിച്ചു. മണിക്കൂറുകളുടെ വ്യത്യാസത്തിൽ ചികിത്സയിലിരുന്ന സുഹൃത്തും മരിച്ചു. ഓർമകൾക്ക് മരണമില്ലാത്തതിനാലാണ് രോഗക്കിടക്കയിലായ ശ്യാമളയെ സഹായിക്കാൻ ഖദീജാകുട്ടി എത്തിയത്. എന്നാൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരണം ഇരുവരെയും കാത്തുനിന്നു. ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ കോളജ് പഠന കാലത്തെ സഹപാഠിക്ക് ചികിത്സാ സഹായം കൈമാറിയ ശേഷം പുറത്തേക്കിറങ്ങിയ കൂട്ടുകാരി കുഴഞ്ഞു വീണു മരിച്ചു. മണിക്കൂറുകൾക്കുള്ളിൽ ചികിത്സയിലിരുന്ന കൂട്ടുകാരിയും മരണത്തിന് കീഴടങ്ങി.
ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സാ സഹായവുമായി എത്തിയ കൃഷ്ണപുരം കാവിന്റെ വടക്കതിൽ ഖദീജാകുട്ടി (49), ചികിത്സയിൽ കഴിഞ്ഞ കണ്ടല്ലൂർ വടക്ക് മഠത്തിൽ പടീറ്റതിൽ ശ്യാമള (50) എന്നിവരാണ് ഇന്നലെ മരിച്ചത്. ഒരു മാസമായി കാൻസർ ചികിത്സയുമായി ആശുപത്രിയിലായിരുന്നു ശ്യാമള. കായംകുളം എംഎസ്എം കോളജിലെ 1990–92 കാലത്ത് പ്രീഡിഗ്രി വിദ്യാർഥികൾ ചേർന്ന് രൂപം നൽകിയ സ്നേഹതീരം കൂട്ടായ്മയാണ് ഇതിൽ അംഗമായ ശ്യാമളയ്ക്ക് 42500 രൂപ ധനസഹായമായി സ്വരൂപിച്ചത്. കൂട്ടായ്മ അംഗങ്ങളായ ശ്രീജി, ഖദീജ, വിനീഷ്, റസിയ, ഷൈലജ എന്നിവർ വെള്ളി വൈകിട്ട് ആശുപത്രിയിൽ എത്തി ശ്യാമളയ്ക്ക് തുക കൈമാറിയിരുന്നു.
ഇതിന് ശേഷം വാർഡിൽ നിന്ന് പുറത്തേക്കിറങ്ങിയപ്പോഴാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടൻ തന്നെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. തുടർന്ന് എക്സ്റേ എടുക്കാനായി കൊണ്ടുപോകുമ്പാഴാണ് ഖദീജ മരിച്ചത്. ഇരുവരുടെയും സംസ്കാരം നടത്തി. ഷാജഹാനാണ് ഖദീജയുടെ ഭർത്താവ്. മക്കൾ. അജ്മൽഷ, അമൽഷ. പരേതനായ ശ്രീകുമാറാണ് ശ്യാമളയുടെ ഭർത്താവ്. മക്കൾ. സൂരജ്, സിദ്ധാർഥ്.