
മലപ്പുറം: കുടവയർ കാരണം നിത്യ ജീവിതത്തിൽ പലപ്പോഴും വയ്യാവേലിയാകാറുണ്ട്. കളിയാക്കലുകളൊക്കെ നേരിടേണ്ടി വരുമെങ്കിലും ഓണമടുത്താൽ വയറൻമാർക്ക് വൻ ഡിമാൻഡാണ്. ഓണക്കാലത്ത് മാവേലിയായി വേഷം കെട്ടിയാൽ ദിവസവും 3000 രൂപ മുതൽ 4500 രൂപ വരെ സമ്പാദിക്കാനാവും. മാവേലി വേഷം കെട്ടി എല്ലാവരെയും അനുഗ്രഹിക്കൽ മാത്രമാണ് ജോലി. ഓണക്കാലത്ത് ഇതിനേക്കാൾ വരുമാനം കിട്ടുന്ന മറ്റൊരു തൊഴിലില്ലെന്ന് ചുരുക്കിപ്പറയാം. മെഗാ ഓഫറുകളുമായി വിപണി പിടിച്ചടക്കാനൊരുങ്ങുന്ന കമ്പനികൾക്ക് മുമ്പിൽ നിൽക്കുന്നതാണ് പ്രധാന ജോലി.
ഉപഭോക്താക്കളെ ആകർഷിക്കാൻ വേഷം കെട്ടി നിന്നാൽ മാത്രം മതി. വേഷമൊക്കെ കമ്പനി തരുമെന്ന് പത്ത് വർഷമായി മാവേലിയായി വേഷമിടുന്ന എം.എം പുറത്തൂർ പറുന്നു. കാതിൽ നീളത്തിലുള്ള കമ്മലും കിരീടവും ഓലക്കുടയും കുടവയർ കുലുക്കിയും നിന്നാൽ ഉപഭോക്താക്കൾ കടയിലേക്ക് വരുമെന്നും കച്ചവടക്കാർ പറയുന്നു. സ്ഥാനപനങ്ങളിലേക്ക് വരുന്നവർക്ക് അനുഗ്രഹം ചൊരിയുകയും സെൽഫികൾക്ക് പോസ് ചെയ്യണമെന്നും സ്ഥിരം മാവേലിയായ എ.എം പുറത്തൂർ പറയുന്നു. സ്ഥിരമായി മാവേലിയാകുന്നവർ ഇപ്പോൾ തന്നെ തിരക്കിലായിട്ടുണ്ട്.
പല സ്ഥാപനങ്ങളും പത്ത് ദിവസം മുതൽ 20 ദിവസം വരേക്കാണ് കരാർ ഉറപ്പിക്കുന്നത്. അതു വരെ വേഷമിട്ട് നിൽക്കണം എന്ന് മാത്രം. ഇത്തവണ എ.എം പുറത്തൂർ കോഴിക്കോട്ടെ ഒരു സ്ഥാപനത്തിന് വേണ്ടിയാണ് വേഷമിടുന്നത്. ഓണക്കാലമായാൽ മാവേലി വേഷം കെട്ടുന്നവർക്ക് വൻ ഡിമാൻഡ് തന്നെയാണ്. സ്ഥിരമായി വേഷം കെട്ടുന്നവർ പല സ്ഥാപനങ്ങൾക്കും വേണ്ടി മാവേലിയായതോടെ പല ക്ലബുകളും സംഘടനകളും മാവേലിക്കായി നെട്ടോട്ടമോടേണ്ടി വരും.
രണ്ട് വർഷം മുമ്പ് മാവേലി വേഷം കെട്ടാൻ ആളെ അന്വേഷിച്ച് പത്ര പരസ്യം വരെ കൊടുത്ത കമ്പനികളുണ്ട്. ഒരു പ്രമുഖ പത്രത്തിൽ “മാവേലിയെ ആവശ്യമുണ്ട്” എന്ന പേരിൽ വന്ന പരസ്യം വലിയ ചർച്ചയായിരുന്നു. നല്ല വണ്ണവും, വയറും ഉള്ള മാവേലിയെ തേടി ശമ്പളമടക്കം വാഗ്ദാനം ചെയ്തുള്ള പരസ്യം സമൂഹമാധ്യമങ്ങളിലും വൈറലായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകള്‍ തൽസമയം കാണാം- LIVE
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam