അപകടത്തിൽ സുഷുമ്ന നാഡി പൊട്ടി കഴുത്തിന് താഴെ തളർന്നു; ചികിത്സയ്ക്ക് സുമനസുകളുടെ സഹായം തേടി ബിജു

By Web TeamFirst Published Aug 25, 2020, 10:43 PM IST
Highlights

അവിവാഹിതനായ ബിജുവിന് എല്ലാ കാര്യത്തിനും കൈത്താങ്ങായി നിൽക്കുന്നത് അമ്മയാണ്. മാതാപിതാക്കൾക്കും വാർധക്യ സഹജമായ എല്ലാ അസുഖവുമുണ്ട്. 

അമ്പലപ്പുഴ: ബിജു ജോസഫിന് ഇത് രണ്ടാം ജൻമം. പര സഹായമില്ലാതെ നടക്കാൻ കഴിയില്ലെങ്കിലും വലിയ ഒരു ദുരന്തത്തിൽ നിന്ന് ജീവൻ തിരികെ ലഭിച്ചതിന്റെ ആശ്വാസത്തിലാണ് ബിജു ജോസഫ്. പുന്നപ്ര വടക്ക് പഞ്ചായത്ത് പത്താം വാർഡ് തറയിൽ ജോസഫ് റോസ്സ് ദലീമാ ദമ്പതികളുടെ മകൻ ബിജു ജോസഫി (48) ന് അപകടമുണ്ടായത് 1996 ഓഗസ്റ്റ് 4 നായിരുന്നു. കപ്പക്കടയിലുള്ള വാട്ടർ ടാങ്ക് ക്ലോറിനേഷൻ ചെയ്യുന്നതിനിടെ ബിജു ജോസഫ് താഴെ വീഴുകയായിരുന്നു. 

ദിവസ വേതനാടിസ്ഥാനത്തിലായിരുന്നു ഈ ജോലി ചെയ്തിരുന്നത്. അപകടത്തിന് ശേഷം മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സ ആരംഭിച്ചു. അപകടത്തിൽ സുഷുമ്ന നാഡി പൊട്ടിയതിനാൽ കഴുത്തിന് താഴെ തളർന്നു. പിന്നീട് ഹോമിയോ, ആയുർവേദം, ഫിസിയോതെറാപ്പി ഉൾപ്പെടെയുള്ള ചികിത്സകൾ നടത്തി. ഏറ്റവും ഒടുവിൽ അക്യംപങ്ചർ(Acupuncture) ചികിത്സയാണ് നടത്തുന്നത്. 

ഇതിനകം ആറു ലക്ഷത്തോളം രൂപ പല ഘട്ടങ്ങളിലായി ചികിത്സക്ക് ചെലവഴിച്ചു. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയുമൊക്കെ സഹായം കൊണ്ടാണ് ഇത്രയും നാൾ ചികിത്സ നടന്നത്. ഇപ്പോൾ വാക്കറിന്റെ സഹായത്താൽ ചെറുതായി നടക്കും. അവിവാഹിതനായ ബിജുവിന് എല്ലാ കാര്യത്തിനും കൈത്താങ്ങായി നിൽക്കുന്നത് അമ്മയാണ്. മാതാപിതാക്കൾക്കും വാർധക്യ സഹജമായ എല്ലാ അസുഖവുമുണ്ട്. പിതാവിന് കണ്ണിന് കാഴ്ചയും കുറവാണ്. വർഷങ്ങൾക്ക് മുൻപ് നിർമിച്ച വീടും തകർച്ചാ ഭീഷണിയിലാണ്. ഇനിയുള്ള ചികിത്സയ്ക്കായി യാതൊരു മാർഗവും ഇല്ലാത്ത അവസ്ഥയിലാണ് ഈ കുടുംബം. 

ബിജു ജോസഫിനെ സഹായിക്കാൻ സൻമനസുള്ളവർ പുന്നപ്ര എസ്.ബി.ഐയിൽ റോസ് ദലീമയുടെ പേരിലുള്ള 57036475982 എന്ന അക്കൗണ്ട് നമ്പരിൽ സഹായം കൈമാറുക.  

lFSC കോഡ് SBIN 0070215.
ഫോൺ 9947078495

click me!