
കോഴിക്കോട്: സംസ്ഥാന പാതയിൽ കലുങ്ക് നിര്‍മാണത്തിനായി നടുറോഡില്‍ കുഴിച്ച ഭീമന്‍ കുഴിയില്‍ വീണ് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്. കൊയിലാണ്ടി - എടവണ്ണ സംസ്ഥാന പാതയിൽ താമരശ്ശേരി വെഴുപ്പൂരില്‍ ബുധനാഴ്ച രാത്രി 9.30 ഓടെയായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ ഉണ്ണികുളം എകരൂല്‍ സ്വദേശി അബ്ദുല്‍ റസാഖിനെ സ്വകാര്യ ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ഇയാളുടെ തുടയെല്ലിന് പൊട്ടലേല്‍ക്കുകയും ശരീരമാസകലം പരിക്കുക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
റസാഖ് സഞ്ചരിച്ച ബുള്ളറ്റ് കുഴിയില്‍ വീണ് കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് അപകട വിവരം നാട്ടുകാര്‍ അറിയുന്നത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അപകടത്തില്‍പ്പെട്ടയാള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയതായി കണ്ടെത്തിയത്. ബുധനാഴ്ച സന്ധ്യയോടെയാണ് ഇവിടെ കൽവർട്ട് പുനർ നിർമ്മിക്കാനായി കുഴിയെടുത്തത്. വീതി കുറഞ്ഞ റോഡിൻറെ പകുതി ഭാഗങ്ങളാണ് കലുങ്കിനായി കുഴിയെടുത്തത്.
അപകടം നടന്ന സ്ഥലത്ത് റിഫ്ളക്ടറുകളോ മറ്റ് മുന്നറിയിപ്പ് ബോര്‍ഡുകളോ ഇല്ലാതെ വെറുമൊരു റിബണ്‍ മാത്രം വലിച്ച് കെട്ടിയ നിലയിലായിരുന്നു. എതിരെ വന്ന വാഹനത്തിന്റെ പ്രകാശത്തില്‍ ഒന്നും കാണാനാവാതെ അബ്ദുള്‍ റസാഖ് നേരെ കുഴിയില്‍ പതിക്കുകയായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. സംഭവത്തില്‍ കരാറുകാരനെതിരെ നടുപടിയെടുക്കാനും കൂടുതല്‍ അന്വേഷണം നടത്താനും ആവശ്യം ഉയർന്നിട്ടുണ്ട്. പ്രവൃത്തി നടക്കുന്ന ഇവിടെ തെരുവ് വിളക്ക് ഇല്ലാത്തതും അപകടത്തിന് കാരണമായെന്ന് നാട്ടുകാർ.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam