
കൊച്ചി: ബൈക്ക് മോഷ്ടാവും മോഷ്ടിച്ച ബൈക്കില്‍ കറങ്ങി നടന്നയയാളും പിടിയിൽ. നിലവിൽ വെങ്ങോല മാർബിൾ ജംഗ്ഷനിൽ താമസവും വണ്ണപ്പുറം, പഴയരിക്കണ്ടം, പുളിക്കത്തൊട്ടി തോട്ടത്തിൽ വീട്ടില്‍ അനീഷ് ഷാജി (18), ഇടുക്കി, പഴയ വിടുതി, മമ്മൂട്ടിക്കാനം, പെരിങ്ങാട്ടുമാലിൽ വീട്ടില്‍ വിശാൽ (18) എന്നിവരെയാണ് പെരുമ്പാവൂര്‍ പൊലീസ് പിടികൂടിയത്.
ജൂലൈ ഒന്നിന് പുലർച്ചെ പെരുമ്പാവൂർ സോഫിയ കോളേജ് ഭാഗത്തുനിന്നുമാണ് ബൈക്ക് മോഷണം നടത്തിയത്. പ്രത്യേക അന്വേഷണസംഘം നടത്തിയ അന്വേഷണത്തിനിടയിലാണ് പ്രതികള്‍ പിടിയിലാകുന്നത്. അനീഷ് മോഷ്ടിച്ചെടുത്ത ശേഷം ബൈക്ക് വിശാലിന് ഓടിക്കാൻ നൽകുകയായിരുന്നു. പിടികൂടുമ്പോള്‍ വാഹനത്തിന്‍റെ നമ്പര്‍ പ്ലേറ്റ് തിരുത്തിയ നിലയിലായിരുന്നു. അനീഷിന് പെരുമ്പാവൂർ, എടത്തല പൊലീസ് സ്റ്റേഷനുകളില്‍ ബൈക്ക് മോഷണത്തിനും, എറണാകുളം റെയിൽവേ പൊലീസ് സ്റ്റേഷനിൽ മൊബൈൽ ഫോൺ മോഷണത്തിനും കേസുകളുണ്ട്.
കഴിഞ്ഞയാഴ്ച രണ്ട് സ്കൂട്ടർ മോഷ്ടിച്ച ചെന്നൈ സ്വദേശി ശരവണനെ പെരുമ്പാവൂർ പൊലീസ് പിടികൂടിയിരുന്നു. എ.എസ്.പി അനൂജ് പലവാലിന്‍റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ ആര്‍.രഞ്ജിത്ത്, എസ്.ഐ മാരായ റിൻസ് എം തോമസ്, ജോസ്സി എം ജോൺസന്‍, ബിനോയ്, എ.എസ്.ഐ ജയചന്ദ്രൻ, എസ്.സി.പി.ഒ അബ്ദുൾ മനാഫ്, സി.പി.ഒ മാരായ സുബൈർ, ജിജുമോൻ തോമസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
അതേസമയം ആളൂരില്‍ വീട് കുത്തിതുറന്ന് 35 പവനും കാൽ ലക്ഷം രൂപയും കവർന്നു. മോഷണം നടന്ന വീട്ടിൽ പരിശോധനക്ക് എത്തിയ പൊലീസ് നായ മണം പിടിച്ച് എത്തിയ ഫാം ഹൗസിൽ നിന്ന് വാഷും ചാരായവും പിടികൂടി. ഫാം ഹൗസിൽ ജോലിക്ക് ഉണ്ടായിരുന്ന കോഴിക്കോട് സ്വദേശി ബിജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും ചോദ്യംചെയ്യലിനിടെ ഇയാൾ ചാടി പോയി.
തൃശൂർ ആളൂര്‍ ചങ്ങല ഗേറ്റ് സമീപം വടക്കേപീടിക വീട്ടില്‍ ജോര്‍ജ്ജിന്റെ വീട്ടിലാണ് പുലർച്ചെ മോഷണമുണ്ടായത്. രാവിലെ ഉറക്കമുണര്‍ന്ന വീട്ടുകാർ വാതില്‍ തുറന്ന് കിടക്കുന്നത് കണ്ട് സംശയം തോന്നിയപ്പോഴാണ് അലമാലയിലുള്ള സ്വര്‍ണ്ണം പരിശോധിച്ചത്. ജോയും ഭാര്യയും മക്കളും കിടന്നിരുന്ന റൂമിലെ അലമാരയില്‍ നിന്നാണ് ഏകദേശം 35 പവനോളം സ്വര്‍ണ്ണവും മേശയ്ക്ക് മുകളില്‍ ഇരുന്നിരുന്ന പേഴ്‌സില്‍ നിന്ന് 22,000 രൂപയും നഷ്ടപ്പെട്ടത്.