
കൊച്ചി: കസ്റ്റംസ് ഉദ്യോഗസ്ഥൻ ഓടിച്ച കാർ ഇടിച്ച് കൊച്ചിയിൽ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. വില്ലിംഗ്ടൺ ഐലൻഡിലെ ഹോട്ടൽ ജീവനക്കാരൻ വിനയ് മാത്യുവാണ് മരിച്ചത്. മദ്യപിച്ച് അമിത വേഗതയിൽ കാർ ഓടിച്ച കസ്റ്റംസ് ഇൻസ്‌പെക്ടർ പങ്കജ് കുമാർ വർമയെ പൊലീസ് അറസ്റ്റ് ചെയ്തു.
പുലർച്ചെ രണ്ട് മണിയോടെ വില്ലിംഗ്ട്ടൻ ഐലൻഡിലെ ഇന്ദിര ഗാന്ധി റോഡിൽ ആയിരുന്നു നടുക്കുന്ന അപകടം. കൊച്ചിയിൽ നിന്ന് വന്ന കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഓടിച്ച കാർ അമിത വേഗത്തിലെത്തി എതിരെ വന്ന വിനയ് മാത്യുവിന്റെ ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ അഘാതത്തിൽ കാറിന്റ ചില്ലിലേക്ക് വിനയ് തെറിച്ചു വീണു. തലയിടിച്ചു ചില്ല് തകർന്നു. 30 മീറ്ററോളം വിനയ് മാത്യുവിനെ വലിച്ചുകൊണ്ടുപോയാണ് കാർ നിന്നത്. അതും എതിർ ദിശയിലേക്ക് തിരിഞ്ഞ്. അപകടത്തിൽ ബൈക്ക് പൂർണമായും തകർന്നു. യുപി സ്വദേശിയായ കസ്റ്റംസ് ഇൻസ്‌പെക്ടർ പങ്കജ് കുമാർ വർമയും, സ്റ്റെനോഗ്രാഫർ അന്തരീക്ഷ് ഡാഗെയുമായിരുന്നു കാറിൽ ഉണ്ടായിരുന്നത്. ഇരുവരെയും കസ്റ്റഡിയിലെടുത്ത പൊലീസ് വാഹനം ഓടിച്ച പങ്കജിന്റെ വൈദ്യപരിശോധന പൂർത്തിയാക്കി.
24 വയസുള്ള വിനയ് തിരുവല്ല സ്വദേശിയാണ്. വില്ലിംഗ്ടൺ അയലന്റിലെ ഹോട്ടലിൽ ആണ് ഒരു വർഷത്തോളമായി ജോലി. വിനയ് മാത്യുവിന്‍റെ മൃതദേഹം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam