
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ മേയർ ആരെന്ന കാര്യത്തിൽ ആകാംക്ഷ നിലനിർത്തി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. മേയർ സ്ഥാനാർത്ഥിയെ ഡിസംബർ 26-ന് തീരുമാനിക്കുമെന്നും അതുവരെ "കുറച്ച് സസ്പെൻസ് ഇരിക്കട്ടെ" എന്നും അദ്ദേഹം പറഞ്ഞു. കോർപ്പറേഷനിൽ ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് പിന്നാലെ നഗരസഭയിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി അധികാരത്തിലെത്തിയത് ചരിത്ര നിമിഷമാണെന്ന് രാജീവ് ചന്ദ്രശേഖർ വിശേഷിപ്പിച്ചു. നഗരത്തിന്റെ വികസനത്തിനായി ബിജെപി വലിയ പദ്ധതികളാണ് വിഭാവനം ചെയ്യുന്നത്. അധികാരമേറ്റ് 45 ദിവസത്തിനകം തിരുവനന്തപുരത്തിന്റെ വികസന ബ്ലൂ പ്രിന്റ് പുറത്തിറക്കും. ഈ വികസന പദ്ധതികളുടെ പ്രഖ്യാപനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്ത് എത്തുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
ബിജെപിയുടെ കേരളത്തിന്റെ ചുമതലയുള്ള നേതാവ് പ്രകാശ് ജാവ്ദേക്കറും ചടങ്ങിൽ പങ്കെടുത്തു. തിരുവനന്തപുരത്തെ വിജയം ഉജ്ജ്വലമാണെന്നും നിയമസഭാ തെരഞ്ഞെടുപ്പിലും ഈ പ്രകടനം ആവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജീവ് ചന്ദ്രശേഖറിന്റെ നേതൃമികവാണ് ഈ വിജയത്തിന് ആധാരമെന്നും ജാവ്ദേക്കർ കൂട്ടിച്ചേർത്തു. നിലവിലുണ്ടായിരുന്ന ഭരണസമിതിയുടെ കാലാവധി ഇന്നലെ അവസാനിച്ചതിനാലാണ് അവധി ദിനമായിട്ടും ഇന്ന് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടത്തിയത്.
കോർപ്പറേഷനുകളിലും ജില്ലാ പഞ്ചായത്തുകളിലും കളക്ടർമാരും മറ്റിടങ്ങളിൽ അതത് വരണാധികാരികളുമാണ് സത്യപ്രതിജ്ഞയ്ക്ക് നേതൃത്വം നൽകിയത്. സത്യപ്രതിജ്ഞയ്ക്ക് ശേഷം പുതിയ ഭരണസമിതിയുടെ ആദ്യ യോഗവും ഇന്ന് തന്നെ നടക്കും. എന്നാൽ മലപ്പുറത്തെ എട്ട് തദ്ദേശ സ്ഥാപനങ്ങളിൽ കാലാവധി അവസാനിക്കാത്തതിനാൽ അവിടെ സത്യപ്രതിജ്ഞ ഡിസംബർ 22-നും അതിനു ശേഷവുമാണ് നടക്കുക. തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാരെ തിരഞ്ഞെടുക്കുന്നതിനുള്ള തീയതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. 26ന് മേയർ, ചെയർപേഴ്സൺ തിരഞ്ഞെടുപ്പുകൾ നടക്കും. ഡിസംബർ 27നാണ് പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുക. തിരുവനന്തപുരത്തിന് പുറമെ കൊച്ചിയിലും മേയർ ആരെന്ന കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല. വരും ദിവസങ്ങളിൽ രാഷ്ട്രീയ നീക്കങ്ങൾ സജീവമാകാനാണ് സാധ്യത.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam