
കോഴിക്കോട്: കെഎസ്ആർടിസി ബസ് സ്റ്റേഷൻ എന്നെന്നേക്കുമായി മാവൂർ റോഡിൽ നിന്ന് മാറ്റി കെഎസ്ആർടിസിയുടെ കെട്ടിടസമുച്ചയം പൂർണമായും സ്വകാര്യ വാണിജ്യ കേന്ദ്രം ആക്കാനുള്ള ഗൂഢാലോചനയാണ് ഇപ്പോൾ നടക്കുന്നതെന്ന് ബിജെപി ജില്ലാ പ്രസിഡൻറ് അഡ്വക്കേറ്റ് വികെ സജീവൻ. ഈ നീക്കത്തിനു പിന്നിൽ മിസ്റ്റർ മരുമകൻ ആണെന്നും അദ്ദേഹം ആരോപിച്ചു.
കെഎസ്ആർടിസി സമുച്ചയ ഇടപാടുകളെ കുറിച്ച് ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് യുവമോർച്ച ജില്ലാ കമ്മിറ്റി കെഎസ്ആർടിസി ആസ്ഥാനത്തേക്ക് സംഘടിപ്പിച്ച മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 2004 മുതൽ പകൽകൊള്ള നടത്താനുള്ള ഉപകരണമായി ഈ സ്ഥാപനത്തെ ഭരണക്കാർ ഉപയോഗപ്പെടുത്തുകയാണ്. ആലിഫ് ബിൽഡേഴ്സ്സിന് പിന്നിൽ ഭരണ-പ്രതിപക്ഷ ബിനാമികൾ ആണുള്ളത്.
2020 ജനുവരിയിൽ റദ്ദാക്കിയ ടെൻഡർ അവർക്കുതന്നെ തിരിച്ചുകിട്ടിയത് സർക്കാർ ഒത്താശയോടെയാണ്. ടെണ്ടറിൽ പെടാത്ത ബസ് സ്റ്റാൻഡ് ഫ്ളോറും കിയോസ്കും ഓഴിപ്പിച്ചു സ്വന്തമാക്കാൻ ഐഐടി റിപ്പോർട്ട് ഉപയോഗപ്പെടുത്തുകയാണ്. 30 കോടി വീണ്ടും ചിലവ് വയ്ക്കുന്നതിനുമുമ്പ് ഐഐടി റിപ്പോർട്ട് പരസ്യപ്പെടുത്തണം. സെപ്തംബർ ഒമ്പതിന് മുൻപേ ധാരണാപത്രം അനുസരിച്ച് താക്കോൽ വാങ്ങേണ്ടവർ അത് ചെയ്യാതെ കാത്തിരുന്നതിൽ നിന്ന് മനസ്സിലാവുന്നത് ഇതു വൻ ഒത്തുകളിയാണ് എന്നതാണ്. ജനങ്ങളുടെ നികുതിപ്പണം തിന്ന് കുംഭ വീർപ്പിക്കാൻ ആരെയും അനുവദിക്കില്ല. രാഷ്ട്രീയമായും നിയമപരമായുള്ള പോരാട്ടത്തിന് ബിജെപി തയ്യാറെടുക്കുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശ്രീകണ്ഠേശ്വര ക്ഷേത്ര പരിസരത്തു നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ച് കെ എസ് ആർ ടി സിക്ക് സമീപം പോലീസ് തടഞ്ഞു. തുടർന്ന് പ്രവർത്തകർക്ക് നേരെ മൂന്ന് തവണ ജലപീരങ്കി ഉപയോഗിച്ചു. യുവമോർച്ച ജില്ലാ പ്രസിഡൻ്റ് ടി രനീഷ്, ജനറൽ സെക്രട്ടറിമാരായ ഹരിപ്രസാദ് രാജ, ജുബിൻ ബാലകൃഷ്ണൻ, ബി.ജെ.പി.നോർത്ത് മണ്ഡലം പ്രസിഡൻ്റ് കെ.ഷൈബു .എന്നിവർ സംസാരിച്ചു. അതുൽ പെരുവട്ടൂർ, ഹരീഷ് മലാപ്പറമ്പ്, വിഷ്ണു പയ്യാനക്കൽ,നിപിൻ കൃ ഷണൻ, കപിൽ ചെറുവറ്റ,ശ്യാം കുന്ദമംഗലം, രജീഷ് വിരുപ്പിൽ, സജീഷ് കെ, അരുൺപ്രസാദ്, നിഖിൽ കുമാർ എന്നിവർ മാർച്ചിന് നേതൃത്വം നൽകി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam