
കൊല്ലം: ബിജെപി കൊല്ലം ജില്ലാ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നെടുമ്പന ഓമനക്കുട്ടൻ രാജിവച്ചു. രാജിക്ക് പിന്നിൽ അപമര്യാദയായി പെരുമാറിയെന്ന വീട്ടമ്മയുടെ പരാതിയാണെന്നാണ് വിവരം. നെടുമ്പന സ്വദേശിയായ ജവാന്റെ ഭാര്യയാണു ബിജെപി നേതൃത്വത്തിനു പരാതി നൽകിയത്. ഭർത്താവിന്റെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട കാര്യത്തിനായി തിരുവനന്തപുരത്ത്, പാർട്ടിയുടെ മുതിര്‍ന്ന നേതാവിനെ കാണാൻ പോയപ്പോൾ അപമര്യാദയായി പെരുമാറിയെന്നാണ് പരാതി.
ബിജെപി ദേശീയ അധ്യക്ഷൻ, സംസ്ഥാന പ്രസിഡന്റ്, സംഘടനാ സെക്രട്ടറി തുടങ്ങിയവർക്ക് ഇ മെയിലായി ഇവര്‍ പരാതിപ്പെട്ടതായി കൊല്ലം ജില്ല പ്രസിഡന്റ് ജി ഗോപിനാഥ് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് സ്ഥിരീകരിച്ചു. "പ്രാദേശികമായിട്ടുള്ള പ്രശ്നങ്ങളാണ് പരാതിക്ക് പിന്നിലെന്ന് സംശയിക്കുന്നു. പ്രദേശത്തെ ഒരു ക്ഷേത്ര കമ്മിറ്റിയുമായി ബന്ധപ്പെട്ട് എൻഎസ്എസിനകത്ത് പ്രശ്നങ്ങളുണ്ട്. അതാണ് ഇതിലേക്ക് നയിച്ചതെന്ന് കരുതുന്നു. രണ്ട് വര്‍ഷം മുൻപ് തിരുവനന്തപുരത്ത് ഭര്‍ത്താവിന്റെ സ്ഥലംമാറ്റം ശരിയാക്കാൻ പോയപ്പോൾ വാഹനത്തിൽ വച്ച് അപമര്യാദയായി പെരുമാറിയെന്നാണ് അവര്‍ ആരോപിച്ചിരിക്കുന്നത്. പിന്നീട് പരാതിക്കാരി വിദേശത്തേക്ക് പോയി. വിദേശത്തേക്ക് പോയിട്ട് തന്നെ ഇപ്പോൾ ഒന്നര വര്‍ഷമായി. പൊലീസിൽ പരാതി നൽകാനും അവര്‍ തയ്യാറായിട്ടില്ല. ഏതായാലും അതിന്റെ നിജസ്ഥിതി പരിശോധിക്കാൻ നിൽക്കാതെ തന്നെ അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെടുകയായിരുന്നു." ജി ഗോപിനാഥ് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam