Latest Videos

ഖാദി കേന്ദ്രം ഭരണസമിതി തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് പാനലില്‍ ബിജെപി പഞ്ചായത്തംഗവും

By Web TeamFirst Published Jul 24, 2019, 4:59 PM IST
Highlights

സംഭവത്തില്‍ എ ഗ്രൂപ്പ് നേതൃത്വം പാര്‍ട്ടിക്കുള്ളില്‍ പ്രചാരണം ശക്തമാക്കിയിരിക്കുകയാണ്. ജില്ലയില്‍ ബിജെപി ഭരിക്കുന്ന ഏക പഞ്ചായത്തിലാണ് ഖാദി കേന്ദ്രം നിലകൊള്ളുന്ന അവിണിശേരി

തൃശൂര്‍: സ്വാതന്ത്ര്യ സമരകാലത്ത് പിറവികൊണ്ട ഖാദി കേന്ദ്രം ഭരണസമിതി തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് പാനലില്‍ ബിജെപിയുടെ പഞ്ചായത്തംഗവും ഉള്‍പ്പെട്ടത് വിവാദമാകുന്നു. മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന സി എന്‍ ബാലകൃഷ്ണന്റെ മകള്‍ സി ബി ഗീത നയിക്കുന്ന പാനലിലാണ് അവണിശേരി പഞ്ചായത്തംഗം പി എന്‍ സുനിലും സ്ഥാനാര്‍ഥിയായിരിക്കുന്നത്.

സംഭവത്തില്‍ എ ഗ്രൂപ്പ് നേതൃത്വം പാര്‍ട്ടിക്കുള്ളില്‍ പ്രചാരണം ശക്തമാക്കിയിരിക്കുകയാണ്. ജില്ലയില്‍ ബിജെപി ഭരിക്കുന്ന ഏക പഞ്ചായത്തിലാണ് ഖാദി കേന്ദ്രം നിലകൊള്ളുന്ന അവിണിശേരി. ഇവിടത്തെ രണ്ടാം വാര്‍ഡംഗമാണ് ബിജെപിയുടെ പി എന്‍ സുനില്‍. ഗീതയ്ക്കും സുനിലിനും പുറമെ ഡിസിസി സെക്രട്ടറി ശിവരാമകൃഷ്ണനും കടങ്ങോട് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റ് കേശവനുമാണ് പ്രധാനികള്‍. ഇവരെല്ലാം അന്തരിച്ച മുന്‍ മന്ത്രി സി എന്‍ ബാലകൃഷ്ണന്റെയും മകള്‍ ഗീതയുടെയും അടുത്ത അനുയായികളാണ്.

തൃശൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍കൂടിയായ സി ബി ഗീത മേയര്‍ പദവിയിലെത്താന്‍ ബിജെപി കൗണ്‍സിലര്‍മാരുടെ സഹായം തേടിയത് വിവാദമായിരുന്നു. ഈ സംഭവത്തില്‍ പ്രതിഷേധവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളടക്കം രംഗത്തുവരികയും ചെയ്തിരുന്നു. സി എന്‍ ബാലകൃഷ്ണന്‍റെ കാലം മുതലേ ഖാദി കേന്ദ്രത്തിന്‍റെ ഭരണം ഇവര്‍ക്കായിരുന്നു. തെരഞ്ഞെടുപ്പ് പ്രക്രിയപോലും പുറത്തറിയുന്ന വിധം ചിട്ടയോടെ നടന്നിട്ടുമില്ല. സി എന്‍ ബാലകൃഷ്ണന്‍റെ അവസാനകാലത്തോടെ ഭരണം മകള്‍ക്ക് കൈമാറി. 

സി ബി ഗീതയുടെ നേതൃത്വത്തിലും ആരുമറിയാതെ തെരഞ്ഞെടുപ്പ് നടത്താനുള്ള തയ്യാറാടെപ്പിനിടെയാണ് ബിജെപി നേതാവിനെ കൂടെക്കൂട്ടി പാനലുണ്ടാക്കിയ വിവരം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ ചര്‍ച്ചയാക്കിയിരിക്കുന്നത്. തൊഴിലാളി പ്രതിനിധി എന്ന നിലയിലാണ് സുനിലിനെ ഉള്‍പ്പെടുത്തിയതെന്നാണ് ഗീതയുടെയും കൂട്ടരുടെയും പക്ഷം. എന്നാല്‍ ഐഎന്‍ടിയുസിയുടെ സംസ്ഥാന നേതാക്കള്‍ പ്രധാനഭാരവാഹികളായി പ്രവര്‍ത്തിക്കുന്ന ഖാദി വര്‍ക്കേഴ്‌സ് കോണ്‍ഗ്രസാണ് ഇവിടുത്തെ പ്രധാന തൊഴിലാളി യൂണിയന്‍. ഐഎന്‍ടിയുസിക്കാരെ അവഗണിച്ച് ബിജെപി നേതാവിനെ പാനലില്‍ ഉള്‍പ്പെടുത്തിയത് ന്യായീകരിക്കാനാവില്ലെന്നാണ് അവരും പറയുന്നത്.

സ്വാതന്ത്ര്യസമര സേനാനിയും കോണ്‍ഗ്രസ് നേതാവുമായ വി ആര്‍ കൃഷ്ണനെഴുത്തച്ഛനാണ് അവിണിശേരിയില്‍ ഖാദി കേന്ദ്രം സ്ഥാപിച്ചത്. കൃഷ്ണനെഴുത്തച്ഛന്‍റെ മകനും കോണ്‍ഗ്രസ് നേതാവും അവിണിശ്ശേരി ഗ്രാമപഞ്ചായത്തിന്‍റെ പ്രഥമ പ്രസിഡന്‍റും നിരവധി വര്‍ഷം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്‍റുമായിരുന്ന വി കെ ജയഗോവിന്ദനും കുടുംബവും നാല് വര്‍ഷം മുമ്പ് ബിജെപിയില്‍ ചേര്‍ന്നിരുന്നു.

click me!