യുഡിഎഫ് അവിശ്വാസത്തിന് ബിജെപി പിന്തുണ; തൊടുപുഴയിലെ എല്‍ഡിഎഫ് ചെയര്‍പേഴ്സണ്‍ പുറത്ത്

By Web TeamFirst Published Jan 25, 2019, 7:56 PM IST
Highlights

സിപിഎം കൗണ്‍സിലറായ സബീന ബിഞ്ചുവിനെ വൈകിയെത്തിയെന്ന കാരണത്താല്‍ പ്രമേയ ചര്‍ച്ചയില്‍ പങ്കെടുപ്പിക്കാത്തതിനെ തുടര്‍ന്നു എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നു

ഇടുക്കി: തൊടുപുഴ നഗരസഭാ ചെയര്‍പേഴ്‌സണ്‍ മിനി മധു അവിശ്വാസ വോട്ടെടുപ്പിലൂടെ പുറത്ത്. യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് ബിജെപി പിന്തുണ നല്‍കിയതോടെയാണ് ചെയര്‍പേഴ്‌സണ്‍ സ്ഥാനം എല്‍ഡിഎഫിന് നഷ്ടമായത്. സിപിഎം കൗണ്‍സിലറായ സബീന ബിഞ്ചുവിനെ വൈകിയെത്തിയെന്ന കാരണത്താല്‍ പ്രമേയ ചര്‍ച്ചയില്‍ പങ്കെടുപ്പിക്കാത്തതിനെ തുടര്‍ന്നു എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നു.

തുടര്‍ന്ന് യുഡിഎഫിന്റെ 14 വോട്ടും ബിജെപിയുടെ എട്ട് വോട്ടും ഉള്‍പ്പെടെ 22 വോട്ടിനാണ് ചെയര്‍പേഴ്‌സണെ പുറത്താക്കിയത്. ഇതോടെ ഭരണസമിതിയില്‍ ഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും എതിര്‍ചേരിയിലെ ഒരംഗത്തിന്റെ കൈപ്പിഴവില്‍ ആറ് മാസം മുമ്പ് ഇടത് മുന്നണിക്ക് വീണുകിട്ടിയ അധ്യക്ഷ സ്ഥാനം തിരികെ പിടിക്കാനുള്ള അവസരമാണ് യുഡിഎഫിന് ലഭിച്ചിരിക്കുന്നത്.

ശബരിമല വിഷയത്തില്‍ ഹിന്ദു വികാരത്തെ വ്രണപ്പെടുത്തിയ എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിലപാടില്‍ പ്രതിഷേധിച്ച് പ്രമേയത്തെ അനുകൂലിക്കുന്നതായി ചര്‍ച്ചയില്‍ പങ്കെടുത്ത ബിജെപി കൗണ്‍സിലര്‍മാര്‍ വ്യക്തമാക്കി. കഴിഞ്ഞ ആറു മാസമായി മതനിരപേക്ഷ ഭരണമാണ് നഗരസഭയില്‍ നടക്കുന്നതെന്ന് ചെയര്‍പേഴ്‌സണ്‍ പറഞ്ഞത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഈ സാഹചര്യത്തിലാണ് അവിശ്വാസം കൊണ്ടു വരാന്‍ നിര്‍ബന്ധിതരായതെന്നും പ്രമേയത്തെ അനുകൂലിച്ച് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ നിലപാട് വ്യക്തമാക്കി.

രാവിലെ 10.30 നു തുടങ്ങിയ ചര്‍ച്ച രണ്ടര മണിക്കൂറോളം നീണ്ടു. 35 അംഗ കൗണ്‍സിലില്‍ യുഡിഎഫ് -14, എല്‍ഡിഎഫ് -13, ബിജെപി - 8 എന്നിങ്ങനെയാണ് കക്ഷിനില. ഭരണസമിതിയില്‍ ഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും കോണ്‍ഗ്രസിലെ ടി കെ സുധാകരന്‍ നായരുടെ വോട്ട് അസാധു ആയതിനെ തുടര്‍ന്നാണ് ആറ് മാസം മുമ്പ് ഇടതുമുന്നണിയിലെ മിനി മധുവിന് അധ്യക്ഷ സ്ഥാനം ലഭിച്ചത്.

18 വര്‍ഷത്തിന് ശേഷമാണ് തൊടുപുഴ നഗരസഭയുടെ അധ്യക്ഷ പദവിയില്‍ ഇടത് മുന്നണി എത്തിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിന് ശേഷം ഒറ്റയ്ക്ക് ഭൂരിപക്ഷം കരസ്ഥമാക്കിയ യുഡിഎഫിലെ ധാരണപ്രകാരം ആദ്യത്തെ രണ്ട് വര്‍ഷം മുസ്ലീം ലീഗിനും അടുത്ത രണ്ടുവര്‍ഷം കോണ്‍ഗ്രസിനും അവസാനത്തെ ഒരു വര്‍ഷം കേരള കോണ്‍ഗ്രസിനും അധ്യക്ഷ പദവി വീതം വച്ചിരുന്നു.

ഇതനുസരിച്ച് മുസ്ലീം ലീഗിന്റെ സഫിയ ജബാര്‍ ആദ്യ ഊഴം പൂര്‍ത്തിയാക്കി രാജിവച്ച ഒഴിവില്‍ തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ യുഡിഎഫിലെ ഒരംഗത്തിന്റെ വോട്ട് അസാധുവായി. ഇതേത്തുടര്‍ന്ന് പതിമൂന്ന് വീതം വോട്ട് നേടിയ യുഡിഎഫ്-എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ പേര് നറുക്കിട്ടു.

ഭാഗ്യം തുണച്ചത് ഇടതുമുന്നണിയുടെ മിനി മധുവിനെയായിരുന്നു. അവിശ്വാസ പ്രമേയം പരിഗണിക്കുന്നതിനെതിരെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും വിജയിച്ചില്ല. നിലവില്‍ വൈസ് ചെയര്‍മാനായ മുസ്ലിം ലീഗിലെ സി കെ ജാഫറിനാണ് ആക്ടിംഗ് ചെയര്‍മാന്റെ ചുമതല. അടുത്ത മാര്‍ച്ച് പത്തിനുള്ളില്‍ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേയ്ക്കുള്ള തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് സൂചന. യുഡിഎഫ് ധാരണയനുസരിച്ച് കേരളാ കോണ്‍ഗ്രസ്-എമ്മിലെ ജെസി ആന്റണിയായിരിക്കും ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ത്ഥി.

click me!