
കൽപ്പറ്റ: ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി കൽപ്പറ്റയിൽ നിർമിക്കുന്ന ടൗൺഷിപ്പ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യണമെന്ന് ബിജെപി. ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രിയെ ക്ഷണിക്കണമെന്നും എല്ലാ കാര്യത്തിലും പ്രധാനമന്ത്രിയുടെ കൈയൊപ്പ് ചാർത്തിയിട്ടുണ്ടെന്നും ജില്ലാ പ്രസിഡന്റ് പ്രശാന്ത് മടവയൽ ആവശ്യപ്പെട്ടു. പദ്ധതിക്ക് കേന്ദ്രം സാമ്പത്തിക സഹായം നൽകിയെന്നും 529.50 കോടി രൂപ വയനാട് പദ്ധതിക്കായി നൽകി. അതിന് ശേഷം 260 കോടി രൂപ ജനങ്ങൾക്ക് നേരിട്ട് നൽകാനും കൊടുത്തു. 530 കോടി രൂപ നിർമാണ പ്രവൃത്തികൾക്ക് വേണ്ടിയുള്ളതാണെന്നും ബിജെപി നേതാവ് അവകാശപ്പെട്ടു. നിർമാണ പ്രവർത്തനങ്ങൾക്ക് സാസ്കി ഫണ്ട് നൽകിയിട്ടുണ്ടെന്നും മാനദണ്ഡങ്ങൾ അനുസരിച്ചാണ് ഫണ്ട് അനുവദിച്ചതെന്നും ബിജെപി നേതാവ് പറഞ്ഞു. കേന്ദ്രം സഹായം നൽകിയില്ലെന്ന് പറയാൻ സംസ്ഥാനത്തെ മന്ത്രിമാരെ വെല്ലുവിളിക്കുന്നു. അങ്ങനെ പറഞ്ഞാൽ അതിനെ ഖണ്ഡിക്കാനുള്ള തെളിവുണ്ടെന്നും പ്രശാന്ത് പറഞ്ഞു. പദ്ധതി വൈകുകയാണെന്നും എന്നാൽ നിർമാണ പ്രവൃത്തിയിൽ പരാതിയില്ലെന്നും ബിജെപി പറഞ്ഞു.
പദ്ധതിക്ക് കേന്ദ്രം സഹായം നൽകിയെന്ന ബിജെപി നേതാവിന്റെ അവകാശ വാദത്തിന് മറുപടിയുമായി റവന്യൂമന്ത്രി കെ. രാജനും രംഗത്തെത്തി. ഞാനുറക്കെ ചിരിച്ചതായി കൂട്ടുകയെന്ന് മന്ത്രി പറഞ്ഞു. പ്രധാനമന്ത്രിയെ ക്ഷണിക്കണമെങ്കിൽ അത് പറയുക. വിഴിഞ്ഞത്ത് ഒന്നും തരാതെയും പ്രധാനമന്ത്രിയെ ക്ഷണിച്ചു. അതിനായി ഇല്ലാത്ത കണക്ക് പറയരുത്. സാസ്കി ഫണ്ട് തിരിച്ചുകൊടുക്കേണ്ട പണമാണെന്നും കടമായിട്ടാണ് നൽകിയതെന്നും മന്ത്രി പറഞ്ഞു. തിരിച്ചു തരേണ്ടെന്ന് പറഞ്ഞാൽ വരവുവെക്കാമെന്നും കടമൊരു ധനമല്ലെന്നും മന്ത്രി പറഞ്ഞു. വീടുകളുടെ നിർമാണത്തിന് കേന്ദ്രം ഒന്നും തന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam