
കാസർകോട്: കാസർകോട് മഞ്ചേശ്വരത്തെ ദമ്പതികളുടെ ആത്മഹത്യക്ക് പിന്നിൽ സാമ്പത്തിക ഇടപാടുകളെ തുടർന്നുള്ള തർക്കമെന്ന് സൂചന. ദിവസങ്ങൾക്ക് മുൻപ് അജിത്തിന്റെ ഭാര്യ ശ്വേതയെ വീടിന് അടുത്ത് വെച്ച് രണ്ട് പേർ ചേർന്ന് മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. സാമ്പത്തിക പ്രശ്നങ്ങളോ മറ്റോ ഉണ്ടായിരുന്നതായി രണ്ട് പേരും പറഞ്ഞിട്ടില്ലെന്ന് കുടുംബം വ്യക്തമാക്കി.
അജിത്തും ശ്വേതയും മരിക്കുന്നതിന് ദിവസങ്ങൾക്ക് മുൻപാണ് രണ്ട് പേർ ശ്വേതയെ വഴിയിൽ തടഞ്ഞ് ചോദ്യം ചെയ്യുന്നത്. കടമ്പാറിലെ വീട്ടിലേക്ക് പോകുന്ന വഴിയിൽ വെച്ചു തർക്കിക്കുന്നതും ഒടുവിൽ ശ്വേതയെ മർദിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. സമീപത്തെ വീട്ടിലെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളിലുള്ള സ്ത്രീകൾ ആരാണെന്ന് വ്യക്തമല്ല. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് തർക്കം എന്നാണ് സൂചന. അതേസമയം, സാമ്പത്തിക ബുദ്ധിമുട്ടുകളെ കുറിച്ചോ മറ്റു പ്രയാസങ്ങളെ കുറിച്ചോ അജിത്തും ശ്വേതയും അറിയിച്ചിരുന്നില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. വിവാഹ ആവശ്യത്തിനും അച്ഛന്റെ ചികിത്സക്കുമായി അജിത് നേരത്തെ ലോൺ എടുത്തിരുന്നു. ഇവ തിരിച്ചടക്കാൻ സഹായിച്ചിരുന്നെന്നും ബന്ധുക്കൾ അവകാശപ്പെടുന്നു. സാമ്പത്തിക പ്രയാസം ഉണ്ടായിരുന്നോ എന്നും ആരാണ് മർദിച്ചത് എന്നത് കണ്ടെത്തണം എന്നുമാണ് ബന്ധുക്കൾ ആവശ്യപ്പെടുന്നത്.
അജിത്തിന്റെയും ശ്വേതയുടെയും ഫോണിലേക്ക് തുടർച്ചയായി വിളിച്ചവരെ കേന്ദ്രീകരിച്ചാണ് നിലവിൽ പൊലീസ് അന്വേഷണം. ആത്മഹത്യ പ്രേരണ കുറ്റം ചുമത്താൻ കുടുംബം പരാതി നൽകിയിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കി ഇന്നാണ് മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ട് നൽകിയത്. ഇരുവർക്കും അന്തിമോപചാരം അർപ്പിക്കാൻ നിരവധി പേരാണ് കടമ്പാറിലെ വീട്ടുമുറ്റത്ത് എത്തിയത്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam