
തിരുവനന്തപുരം: ശക്തമായ തിരയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് കടലിൽ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. വെട്ടുകാട് തൈവിളാകത്ത് ടിസി 80/816ൽ പരേതനായ ആൻഡ്രുവിന്‍റെയും ആനിയുടെയും മകൻ അനിൽ ആൻഡ്രുവിന്‍റെ മൃതദേഹമാണ് ഇന്നലെ വിഴിഞ്ഞം തുറമുഖത്തിനു സമീപത്തുനിന്നും മറൈൻ എൻഫോഴ്സ്മെന്‍റ് കണ്ടെത്തിയത്.
വെട്ടുകാട് സ്വദേശി ജോയ് മാർക്കോസിന്‍റെ വള്ളത്തിലായിരുന്നു ഒരു സംഘം മീൻപിടിത്തത്തിനുപോയിരുന്നത്. കഴിഞ്ഞ 18-ന് രാവിലെ 6.30ഓടെ വെട്ടുകാട് കടലിലായിരുന്നു അപകടമെന്നും ശക്തമായ തിരയിൽ വള്ളം മറിഞ്ഞപ്പോഴാണ് അനിലിനെ കാണാതായതെന്നും കോസ്റ്റൽ പൊലീസ് പറഞ്ഞു.
അനിലിനൊപ്പം വള്ളത്തിലുണ്ടായിരുന്ന ജോൺസൺ, വർഗീസ്, ജോബിൻ, പേർളി എന്നിവർ നീന്തി രക്ഷപ്പെട്ടിരുന്നു. അനിലിനായി കടലിൽ തെരച്ചിൽ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. വിഴിഞ്ഞം കോസ്റ്റൽ പൊലീസ് കേസെടുത്തു.