
തൃശൂർ: കൊടുങ്ങല്ലൂർ സ്വദേശിയായ അധ്യാപികയുടെ മൃതദേഹം അതിരപ്പിള്ളിക്ക് സമീപം ചാലക്കുടിപ്പുഴയിൽ കണ്ടെത്തി. മാള മാരേക്കാട് എഎംഎൽപി സ്കൂളിലെ അധ്യാപികയായ ലിപ്‌സി(42) യാണ് മരിച്ചത്. പ്ലാന്റേഷൻ പള്ളിക്ക് സമീപത്തുനിന്നാണ് ചൊവ്വാഴ്ച രാവിലെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ഒരാഴ്ചയായി അവധിയിലായിരുന്ന ലിപ്‌സി, ചികിത്സയ്ക്കായി അവധി നീട്ടിയതിന് ശേഷം തിങ്കളാഴ്ച സ്കൂളിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് വീട്ടിൽ നിന്നിറങ്ങിയത്. എന്നാൽ വൈകുന്നേരമായിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് ഭർത്താവ് രാജീവ് കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ ലിപ്‌സിയുടെ മൊബൈൽ ലൊക്കേഷൻ അതിരപ്പിള്ളി ഭാഗത്താണെന്ന് കണ്ടെത്തി.
അതിനിടെ, തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ പിള്ളപ്പാറ ഭാഗത്ത് ഒരു യുവതി പുഴയിൽ ചാടിയതായി നാട്ടുകാർ പൊലീസിനെ അറിയിച്ചിരുന്നു. ഇതേ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ പിള്ളപ്പാറയിലെ റോഡരികിൽനിന്ന് ലിപ്‌സിയുടെ സ്കൂട്ടർ കണ്ടെത്തുകയും ചെയ്തു. തുടർന്ന് പൊലീസ് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ചൊവ്വാഴ്ച രാവിലെ വീണ്ടും തിരച്ചിൽ ആരംഭിച്ചു. അങ്ങനെ പിള്ളപ്പാറയിൽനിന്ന് ഏകദേശം എട്ട് കിലോമീറ്ററോളം അകലെനിന്നാണ് മൃതദേഹം കണ്ടെത്തിയത്. അതിരപ്പിള്ളി സ്റ്റേഷനിലെ സി.ഐ. എച്ച്.എൽ. സജീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് മൃതദേഹം കണ്ടെത്തിയത്. ഫോറൻസിക് സംഘവും ചാലക്കുടി അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തിയിരുന്നു. അഴീക്കോട് മേനോൻബസാറിനു സമീപം ശ്രീധരന്റെയും പങ്കജത്തിന്റെയും മകളാണ് ലിപ്‌സി. ഋതു എന്നൊരു മകളുണ്ട്.
സംഭവിച്ചത് എന്തെന്നറിയാതെ കുടുംബം
ലിപ്സിയ മരിച്ചു എന്ന് വിശ്വസിക്കാനാവാതെ ബന്ധുക്കൾ. 22 വർഷമായി അധ്യാപികയായി ജോലി ചെയ്യുന്നു. എന്തെങ്കിലും പ്രശ്നങ്ങളുള്ളതായി ആർക്കും അറിയില്ല. സഹപ്രവർത്തകരും രക്ഷിതാക്കളുമായി നല്ല സൗഹൃദത്തിലായിരുന്നു. കുറച്ചുദിവസമായി ലീവിലായിരുന്നു ലിസിയ. തിങ്കളാഴ്ച സ്കൂളിലേക്ക് എന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് ഇറങ്ങിയത്. പക്ഷേ ലിസിയ സ്കൂളിൽ എത്തിയില്ല. സ്കൂളിൽ പോകുന്നതിനു പകരം ചാലക്കുടിയിലുള്ള അധ്യാപകരുടെ സഹകരണസംഘത്തിലേക്കാണ് യുവതി പോയത്.
അവിടെ എത്തി പണം അടച്ചു. പിന്നീട് ചാലക്കുടിയിലെ ടെക്‌സ്റ്റൈൽസിൽനിന്ന് മകൾ ഋതുവിന് ഓണത്തിന് ധരിക്കാനായി പട്ടുപാവാട തുന്നിക്കാൻ സാരി വാങ്ങി സ്കൂട്ടറിൽ സൂക്ഷിച്ചു. രണ്ടുമണിയോടെ മകൾക്ക് ഫോൺ ചെയ്ത് അമ്മ സാരി വാങ്ങിയെന്നും എത്താൻ ഇത്തിരി വൈകുമെന്നും പറഞ്ഞു. എന്നാൽ ഏറെ വൈകിയിട്ടും വീട്ടിൽ തിരിച്ചെത്തിയില്ല. ഡ്രസ്സ് എടുത്തതിനുശേഷം അതിരപ്പള്ളി ഭാഗത്തേക്കാണ് ഇവര്‍ പോയത്. എന്താണ് സംഭവിച്ചതെന്നോ, എന്തിന് ഇങ്ങനെ ചെയ്തു എന്നോ വ്യക്തമായി ഉത്തരം കിട്ടാതെ സങ്കടത്തിലാണ് കുടുംബം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam