നൗഷാദും ലിനുവും ചെഗുവേരയും അടക്കം മനസില്‍ പതിയുന്നതെല്ലാം 'കുപ്പിയിലാക്കി' ഗോപിക

By Web TeamFirst Published Aug 31, 2019, 12:46 PM IST
Highlights

മനസിൽ പതിയുന്നവയെല്ലാം കുപ്പിയിലാക്കുകായാണ് കടക്കൽ ആൽത്തറമൂട്ടിൽ  ദ്വാരകയിൽ  ഗോപിക. എസ്. നായർ. 

തിരുവനന്തപുരം: മനസിൽ പതിയുന്നവയെല്ലാം കുപ്പിയിലാക്കുകായാണ് കടക്കൽ ആൽത്തറമൂട്ടിൽ  ദ്വാരകയിൽ  ഗോപിക. എസ്. നായർ. വഴിയിൽ ഉപേക്ഷിച്ച കുപ്പികൾ ശേഖരിച്ചാണ് സ്വതസിദ്ധമായി ലഭിച്ച കഴിവിനെ  ഇവിടെ ഗോപിക നിറങ്ങളിൽ ചാലിക്കുന്നത്.  മൂന്നു മാസം മുൻപാണ് കുപ്പികളിൽ ഫാബ്രിക്ക് പെയിന്റ് പരീക്ഷിച്ചത്. റോഡിൽ വലിച്ചെറിയുന്ന ഭംഗിയുള്ള മദ്യകുപ്പികൾ ഉൾപ്പെടെ ശേഖരിക്കുന്ന ശീലം ഭർത്താവ് ലിബിന് ഉണ്ടായിരുന്നു. ഇദ്ദേഹം ശേഖരിച്ചു അടുക്കി വച്ച കുപ്പികൾ ആദ്യം ഒന്നു രണ്ടെണ്ണം ഫാബ്രിക്ക് പെയിന്റ് ചെയ്തു നോക്കി. 

ലിബിന്റെ പ്രോത്സാഹനം ഉണ്ടായപ്പോൾ പ്രകൃതിയും, കഥകളിയും, രക്ഷാപ്രവർത്തനത്തിനിടെ ജീവൻ വെടിഞ്ഞ ലിനുവും, കടയിലെ വസ്ത്രങ്ങൾ മുഴുവൻ സൗജന്യമായി നൽകി മാതൃകയായ നൗഷാദ്, കാർട്ടൂൺ കഥാപാത്രങ്ങൾ, ചെഗുവേരയും എന്നുവേണ്ട മനസ്സിൽ പതിയുന്നവയെല്ലാം കുപ്പി കാൻവാസിൽ നിറഞ്ഞു. 

ആനുകാലിക സംഭവങ്ങൾ,  വിവാഹം, പിറന്നാൾ, വാർഷികങ്ങൾ തുടങ്ങിയവയും കുപ്പികളിലെ  വർണ്ണക്കാഴ്ചയാണ്. നൂറോളം കുപ്പികളിൽ മാത്രമേ ഇപ്പോൾ വരച്ചുള്ളുവെങ്കിലും  ലഹരി കുപ്പികളിൽ ലഹരിക്കെതിരെ അവബോധം സൃഷ്ടിക്കാൻ വേണ്ടിയുള്ള സന്ദേശങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ചിത്രങ്ങൾ വരച്ച് പൊതു സമൂഹത്തിൽ എന്തിക്കണമെന്നാണ്  ഗോപികയുടെ ആഗ്രഹം.

അതേസമയം കുപ്പികളിൽ വിലപ്ന ഉദ്ദേശത്തിൽ അല്ല വരച്ചതെങ്കിലും ഇതിൽ കൗതുകം തോന്നി വേണമെന്ന് ആവശ്യപ്പെടുന്നവരും സമ്മാനം നൽകാനായി വരച്ചു നൽകാമോ എന്ന് ചോദിക്കുന്നവരും ഉണ്ട്. അങ്ങനെ  നൽകുമ്പോൾ കിട്ടുന്നതിന്റെ ഒരു വിഹിതം ജീവകാരുണ്യ പ്രവർത്തനത്തിനുവേണ്ടി   ഉപയോഗിക്കുകയാണ് ഗോപിക. 

കടക്കൽ  ആൽത്തറ മൂട്ടിൽ ദ്വാരകയിൽ  ലിബിൻ, മകൾ കാർത്തു എന്നിവരോടൊപ്പം താമസിക്കുന്ന ഗോപിക ഗാർഡെനിംഗ്, കോസ്റ്റ്യൂം ഡിസൈനിംഗ്, കൂടാതെ ലീഫ് പ്ലാന്റ്  ശേഖരണം എന്നിവയിലും ശ്രദ്ധകേന്ദ്രീകരിക്കുന്നു.

click me!