എട്ട് പവന്‍റെ ആഭരണങ്ങൾ വാങ്ങി, പേയ്‌മെന്‍റ് റസീപ്റ്റ് കാണിച്ചു; തട്ടിപ്പെന്നറിഞ്ഞത് പിന്നീട്, പിടിയിലായ പ്രതിയുമായി തെളിവെടുപ്പ്

Published : Jun 13, 2025, 12:16 PM IST
gold fraud case arrest

Synopsis

വ്യാജ പേയ്‌മെന്‍റ് ആപ്പ് ഉപയോഗിച്ച് ജ്വല്ലറിയില്‍ നിന്ന് എട്ട് പവന്‍ സ്വര്‍ണം തട്ടിയെടുത്ത ഒന്നാം പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തി.

തൃശൂര്‍: വ്യാജ പേയ്‌മെന്‍റ് ആപ്പ് വഴി പണം അയച്ചതായി വിശ്വസിപ്പിച്ച് ജ്വല്ലറിയില്‍ നിന്നും സ്വര്‍ണവുമായി മുങ്ങിയ ഒന്നാം പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തി. പെരിഞ്ഞനം മൂന്നുപീടികയിലെ ജ്വല്ലറിയില്‍ നിന്ന് എട്ട് പവന്‍റെ സ്വര്‍ണാഭരണങ്ങള്‍ വാങ്ങിയാണ് പാപ്പിനിശേരി സ്വദേശി അഭിഷേക് കടന്നുകളഞ്ഞത്. ജ്വല്ലറിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം അയച്ചതിന്റെ വ്യാജ റസീപ്റ്റ് ജീവനക്കാരെ കാണിച്ച് കടന്നുകളയുകയായിരുന്നു. എടക്കാട് പൊലീസ് സ്റ്റേഷനിലെ തട്ടിപ്പ് കേസില്‍ അറസ്റ്റിലായി തലശേരി സബ് ജയിലില്‍ തടവില്‍ കഴിയുന്ന അഭിഷേകിനെ കയ്പമംഗലം പൊലീസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തി.

മൂന്നുപീടികയിലെ ജ്വല്ലറിയില്‍ നിന്ന് പെരിഞ്ഞനം സ്വദേശിയാണെന്നും ഗള്‍ഫില്‍ ബിസിനസ് നടത്തുകയാണെന്നും പരിചയപ്പെടുത്തി ഫെബ്രുവരി 18നാണ് മാലയും വളയും മോതിരവും അടക്കം എട്ട് പവന്റെ ആഭരണങ്ങൾ അഭിഷേക് വാങ്ങിയത്. മണിക്കൂറുകളോളം കടയില്‍ തങ്ങിയ ഇയാള്‍, തുക കടയുടമയുടെ അക്കൗണ്ടിലേക്ക് നെറ്റ് ബാങ്കിങ് വഴി അയക്കുകയാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഇതിന്റെ റസീത് സ്വന്തം മൊബൈലില്‍ കാണിച്ചു. ഉടമയുടെ അക്കൗണ്ടില്‍ പണമെത്താന്‍ കുറച്ച് സമയമെടുക്കുമെന്നും പറഞ്ഞു. ഇത് വിശ്വസിച്ച ഉടമ ആഭരണങ്ങളുമായി പോകാൻ അനുവദിച്ചു.

ഒരു മണിക്കൂർ കഴിഞ്ഞും അക്കൗണ്ടില്‍ പണമെത്താതായതോടെ ഉടമ കൈപ്പമംഗലം പൊലീസ് സ്റ്റേഷനില്‍ പരാതിപ്പെട്ടു. തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി കൃഷ്ണകുമാറിന്റെ നിര്‍ദേശ പ്രകാരം അന്വേഷണം തുടങ്ങി. തട്ടിപ്പുകാർ വന്ന വാഹനം പൊലീസ് കണ്ടെത്തി. തുടര്‍ന്ന് വാഹനത്തെ പറ്റി നടത്തിയ അന്വേഷണം ചെന്നെത്തിയത് യഥാര്‍ഥ വാഹന ഉടമയുടെ അടുത്തായിരുന്നു. അയാള്‍ സിനിമാ മേഖലയിലുള്ള ഒരാള്‍ക്ക് കാര്‍ വാടകയ്ക്ക് കൊടുത്തിരിക്കുകയാണെന്ന് അറിഞ്ഞതോടെ അതുവഴിയായി പൊലീസ് അന്വേഷണം. ഈ അന്വേഷണത്തിലൂടെ കേസിലെ രണ്ടാം പ്രതി പേരാവൂര്‍ കൊളവന്‍ചാലില്‍ അപ്പാച്ചി എന്ന് വിളിക്കുന്ന അഷറഫിനെ അറസ്റ്റ് ചെയ്തു. പിന്നാലെ ഒന്നാം പ്രതി അഭിഷേകിനെയും പിടികൂടി.

തട്ടിപ്പിനായി ഒരു പ്രത്യേക മൊബൈല്‍ ആപ്പാണ് ഇവർ ഉപയോഗിച്ചിരുന്നത്. പേയ്‌മെന്റ് ചെയ്തതായി സ്‌ക്രീനില്‍ വ്യാജമായി കാണിക്കും എന്നതാണ് ഈ ആപ്പിന്റെ പ്രത്യേകത. ഈ ആപ്പില്‍ കാണുന്ന പേയ്‌മെന്റ് റസീപ്റ്റ് കാണുന്ന ജ്വല്ലറി ഉടമകള്‍ തങ്ങളുടെ അക്കൗണ്ടിലേക്ക് പണം വന്നിട്ടുണ്ടെന്ന് വിശ്വസിച്ചാണ് ആഭരണങ്ങള്‍ നല്‍കുന്നതും വഞ്ചിക്കപ്പെടുന്നതും. കയ്പമംഗലം പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ബിജു കെ ആര്‍, സബ് ഇന്‍സ്‌പെക്ടര്‍ അഭിലാഷ്, സിപിഒ സുനില്‍ കുമാര്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

 

PREV
Read more Articles on
click me!

Recommended Stories

കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്
പ്രചരണത്തിനിടെ സ്ഥാനാർത്ഥി വാഹനാപകടത്തിൽ മരിച്ചു, വിഴിഞ്ഞം വാർഡിൽ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു