
കല്‍പ്പറ്റ: കനത്ത മഴയില്‍ തകര്‍ന്ന തവിഞ്ഞാല്‍ പഞ്ചായത്തിലെ വയനാംപാലത്തിലൂടെ താത്കാലിക യാത്രാ സൗകര്യമൊരുക്കി നാട്ടുകാര്‍. ഇതോടെ 44ാം മൈല്‍ കൈതക്കൊല്ലി വഴി മക്കിമലയിലേക്ക് ചെറുവാഹനങ്ങള്‍ക്കെത്താം. എങ്കിലും ബസ് ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ക്ക് ഓടണമെങ്കില്‍ പുതിയ പാലം തന്നെ വേണം.
പ്രദേശവാസികള്‍ ചേര്‍ന്നാണ് ശനിയാഴ്ച താത്കാലികമായി വയനാംപാലം ഗതാഗത യോഗ്യമാക്കിയത്. മണ്ണ് മാന്തി യന്ത്രത്തിന്റെ സഹായത്തോടെ തകര്‍ന്ന ഭാഗം കല്ലുംമണ്ണും ഉപയോഗിച്ച് നേരെയാക്കുകയായിരുന്നു. രണ്ടാഴ്ച മുമ്പ് ശക്തമായ മലവെള്ള പാച്ചിലില്‍ പാലം തകര്‍ന്ന് പുഴ ദിശമാറി ഒഴുകുകയായിരുന്നു ഇവിടെ. പാലമില്ലാതായതോടെ മക്കിമലയിലും പരിസരത്തുമായി താമസിക്കുന്ന നൂറ് കണക്കിനാളുകളാണ് വലഞ്ഞത്.
പാലം ഇല്ലാതായതിന് പുറമെ റോഡ് പലയിടങ്ങളിലായി ഇടിഞ്ഞതോടെ ബസ് സര്‍വ്വീസ് നിലച്ചു. അത് ഇതുവരെ പുനസ്ഥാപിച്ചിട്ടില്ല. പൊയില്‍, കമ്പമല, കൈതക്കൊല്ലി എന്നീ പ്രദേശങ്ങളിലുള്ളവരാണ് വയനാംപാലത്തിന്റെ തകര്‍ച്ചയില്‍ നന്നേ ദുരിതത്തിലായത്. ഇപ്പോള്‍ പുതിയിടം വഴി അഞ്ച് കിലോമീറ്ററോളം ചുറ്റിക്കറങ്ങിയാണ് ഇവിടുത്തുകാര്‍ മറ്റിടങ്ങളിലേക്ക് പോകുന്നത്.
ബസ് സര്‍വീസ് നിലച്ചതോടെ ജീപ്പുകളും ഓട്ടോറിക്ഷയും ആശ്രയിക്കേണ്ട സ്ഥിതിയായി. മക്കിമലയില്‍ ഉരുള്‍പ്പൊട്ടലിന് സമാനമായ മണ്ണിടിച്ചിലാണ് ആഗസ്ത് ഒമ്പതിന് രാത്രി ഉണ്ടായത്. ഒപ്പം മക്കിമലയില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെ വനത്തിനുള്ളിലും വലിയ രീതിയില്‍ മണ്ണിടിച്ചിലുണ്ടായി. ഇതുമൂലം മലവെള്ളം കുത്തിയൊലിച്ച് വയനാപാലം തകരുകയായിരുന്നു.
മൂന്ന് പതിറ്റാണ്ടു മുമ്പാണ് വയനാം പാലം നിര്‍മ്മിച്ചത്. പാലത്തിന് ഉയരം കുറവായത് പെട്ടെന്നുള്ള തകര്‍ച്ചയ്ക്ക് വഴിവെച്ചു. 4ാം മൈല്‍ കൈതക്കൊല്ലി മക്കിമല റോഡ് പൂര്‍ണ്ണതോതില്‍ ഗതാഗത യോഗ്യമാകണമെങ്കില്‍ പുതിയ പാലം നിര്‍മ്മിച്ച് റോഡില്‍ ഒന്നര കിലോമീറ്ററോളം നീളത്തില്‍ സംരക്ഷണ ഭിത്തി കെട്ടണം.
റോഡും പാലവും നേരെയാക്കണമെന്നാവശ്യപ്പെട്ട് അധികൃതര്‍ക്ക് നിവേദനം നല്‍കിയതായി പ്രദേശവാസിയായ ടി.കെ.ഗോപി പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam