
ഏലപ്പാറ: വർഷങ്ങൾ നീണ്ട പോരാട്ടത്തിനും ഹൈക്കോടതി ഇടപെടലിനുമൊടുവിൽ നിർമാണം പൂർത്തിയാക്കിയ ഇടുക്കി മ്ലാമലയിടെ ശാന്തിപ്പാലം തുറന്നു. നാട്ടുകാർ നിർമിച്ച പഴയ പാലം തകർന്ന് അഞ്ചു വർഷത്തിന് ശേഷമാണ് ശാന്തിപ്പാലത്ത് പുതിയ പാലം പണിതത്. മ്ലാമല ഫാത്തിമ മാത സ്കൂളിലെ കുട്ടികളുടെ പോരാട്ടത്തിനാണ് ഇതോടെ ഫലം കാണുന്നത്.
പെരിയാറിനു കുറുകെ 1984-ൽ ജനങ്ങൾ നിർമിച്ച പാലം 2018 ലെ മഹാപ്രളയത്തിൽ ഒലിച്ചു പോയിരുന്നു. ഇതോടെ അയ്യപ്പൻകോവിൽ, ഏലപ്പാറ, വണ്ടിപ്പെരിയാർ പഞ്ചായത്തുകളിലെ 600 ഓളം കുടുംബങ്ങളുടെ യാത്ര മുടങ്ങി. തുടർന്ന് നാട്ടുകാർ നിർമിച്ച പാലവും രണ്ടു തവണ മലവെള്ള പാച്ചിലിൽ തകർന്നു. പുറം ലോകത്തെത്താനുള്ള മാർഗ്ഗം അടഞ്ഞതോടെ മ്ലാമല ഫാത്തിമ മാതാ സ്കൂളിലെ കുട്ടികൾ 2020 ൽ ഹൈക്കോടതി ചീഫ് ജസ്റ്റിന് കത്തെഴുതി.
ഹൈക്കോടതി ഉത്തരവിനെ തുടർന്ന് സർക്കാർ അനുവദിച്ച ആറു കോടി രൂപ ചെലവഴിച്ചാണ് ശാന്തിപ്പാലത്ത് പുതിയ പാലം പണിതത്. 80 മീറ്റർ നീളത്തിൽ പത്തര മീറ്റർ വീതിയിലാണ് പുതിയ പാലം പണിതത്. ഒന്നര മീറ്റർ വീതിയിൽ ഫുട്പാത്തുമുണ്ട്. മന്ത്രി മുഹമ്മദ് റിയാസ് ഓൺ ലൈനായി പാലം ഉദ്ഘാടനം ചെയ്തു. അതേ സമയം പാലം പണിയുന്നതിന് കാരണക്കാരായ മ്ലാമല ഫാത്തിമ മാതാ സ്കൂളിലെ അഞ്ചു കുട്ടികളെ ക്ഷണിക്കാനോ വേദിയിലിരുത്തി അനുമോദിക്കാനോ സംഘാടകർ തയ്യാറാകാത്തതിൽ നാട്ടുകാർ കടുത്ത അതൃപ്തിയിലാണ്.
സ്വയം സഹായ സംഘങ്ങളുടെ പേരിൽ കുട്ടികൾക്കും, ഹൈക്കോടതി ചീഫ് ജസ്റ്റിസിനും, ലീഗൽ സർവീസ് അതോറിട്ടിക്കും മാത്രം അഭിവാദ്യം അർപ്പിച്ച് ഫ്ലക്സ് വച്ചാണ് നാട്ടുകാർ ഇതിലെ പ്രതിഷേധം വ്യക്തമാക്കിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം