കാറ്റിൽപ്പെട്ട് ബോട്ട് ഡീ​ഗോ ​ഗാർഷ്യയിലെത്തി, ബ്രിട്ടീഷ് നാവികസേന പിടികൂടിയ മത്സ്യത്തൊഴിലാളികളെ വിട്ടയച്ചു

Published : Nov 21, 2023, 01:02 AM IST
കാറ്റിൽപ്പെട്ട് ബോട്ട് ഡീ​ഗോ ​ഗാർഷ്യയിലെത്തി, ബ്രിട്ടീഷ് നാവികസേന പിടികൂടിയ മത്സ്യത്തൊഴിലാളികളെ വിട്ടയച്ചു

Synopsis

തമിഴ്നാട് കന്യാകുമാരി സ്വദേശികളായ സംഘത്തെ ഇന്നലെ ഉച്ചയോടെ വിഴിഞ്ഞം തീരത്ത് നിന്ന് 20 നോട്ടിക്കൽ മൈൽ ഉൾക്കടലിൽ വെച്ചാണ്  ബ്രിട്ടിഷ് നാവിക സേന വിഴിഞ്ഞത്തെ തീരസംരക്ഷണ സേനക്ക് കൈമാറിയത്.

 

തിരുവനന്തപുരം: സമുദ്രാതിർത്തി കടന്ന് ബ്രിട്ടിഷ് നാവിക  സേനയുടെ പിടിയിലായിരുന്ന 32 ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ മോചിതരായി. നീണ്ട 43 ദിവസത്തെ കസ്റ്റഡി ജീവിതത്തിനൊടുവിൽ ഇന്നലെ രാത്രിയോടെ അവർ വിഴിഞ്ഞം തീരത്തണഞ്ഞു. തമിഴ്നാട് കന്യാകുമാരി സ്വദേശികളായ സംഘത്തെ ഇന്നലെ ഉച്ചയോടെ വിഴിഞ്ഞം തീരത്ത് നിന്ന് 20 നോട്ടിക്കൽ മൈൽ ഉൾക്കടലിൽ വെച്ചാണ്  ബ്രിട്ടിഷ് നാവിക സേന വിഴിഞ്ഞത്തെ തീരസംരക്ഷണ സേനക്ക് കൈമാറിയത്. തീര സംരക്ഷണ സേനയുടെ പട്രോളിംഗ് കപ്പലുകളായ ചാർളി 441 ലെ അസിസ്റ്റന്റ് കമാൻഡന്റ് അരുൺ കുമാർ, അനഘ് ഡെപ്യൂട്ടി കമാൻഡന്റ് പട്ടോടിയ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ്  മത്സ്യതൊഴിലാളികളെയും ബോട്ടും ഏറ്റ് വാങ്ങി വിഴിഞ്ഞത്തെത്തിച്ചത്. 

ഇക്കഴിഞ്ഞ സെപ്റ്റംബർ 15 നാണ് മഞ്ചു മാതാ ഒന്ന്, മഞ്ചു മാതാ രണ്ട് എന്നി രണ്ട് ബോട്ടുകളിലായി തമിഴ്നാട്ടിലെ ചിന്നത്തുറ സ്വദേശികളായ 17 പേരും തൂത്തൂർ സ്വദേശികളായ 4 ഉം ഇരവി പുത്തൻ തുറക്കാരായ 5 ഉം നാഗപട്ടണം കാരായ 2 ഉം ഇരയിമ്മൻതുറക്കാരായ  2 ഉം പുത്തൻ തുറക്കാരനായ ഒരാളും ഒരു ആസാം സ്വദേശിയുമടങ്ങുന്ന 32 പേരടങ്ങുന്ന 32 അംഗ സംഘം  തേങ്ങാപ്പട്ടണത്തു നിന്ന് ഉൾക്കടലിലേക്ക് പുറപ്പെട്ടത്. മീൻ പിടിത്തം തുടരുന്നതിനിടയിൽ കാറ്റിൽപ്പെട്ട ബോട്ടുകൾ ഇന്ത്യൻ സമുദ്രാതിർത്തി കടന്നു. ബ്രിട്ടീഷ് അധീനതയിലുള്ള ഡീഗോ ഗാർഷ്യാ ദ്വീപിന് സമീപം എത്തപ്പെട്ട ബോട്ടുകൾ ബ്രിട്ടീഷ് നാവിക സേനയുടെ പിടിയിലായി. കാര്യമായ പരിശോധനക്കും ചോദ്യം ചെയ്യലിനും ശേഷം അവിടത്തെ ജയിലിലേക്ക് മാറ്റി. ബോട്ടിലുണ്ടായിരുന്ന മീനുകൾ നശിപ്പിച്ചു. 

സമുദ്രാർത്ഥി കടന്ന് നിയമലംഘനം നടത്തി മത്സ്യബന്ധനം നടത്തിയതിന് ഓരോ ബോട്ടിനും 25000 പൗണ്ട് വീതമുള്ളവലിയ തുകപിഴയും ചുമത്തി. ഈ തുക അടയക്കാൻ ഒരു മാസത്തെ സാവകാശം നൽകിയെങ്കിലും പിഴയടക്കാനായില്ല. തുടർന്ന് വിവരം  ഇന്ത്യൻ ഓഷ്യൻ ഡയറക്ടറേറ്റ്,  കോമൺ‌വെൽത്ത് ആൻഡ് ഡെവലപ്‌മെന്റ് ഓഫീസ് വഴി  ഇന്ത്യാ ഗവൺമെന്റിന് റിപ്പോർട്ട് ചെയ്തു. തുടർന്ന് മഞ്ചുമാതാ ഒന്ന് എന്ന വലിയ ബോട്ടിനെ ദ്വീപിൽ പിടിച്ചിട്ട ശേഷം 32 തൊഴിലാളികളെയും ഒരു ബോട്ടും ഇന്ത്യയ്ക്ക് കൈമാറുകയായിരുന്നു. ഇക്കഴിഞ്ഞ 15 ന് ദ്വീപിൽ  നിന്ന് പുറപ്പെട്ട മത്സ്യതൊഴിലാളികളെ ബ്രിട്ടീഷ് നാവിക സേനയുടെ ഗാമ്പിയൻ എൻഡ്യൂറൻസ് എന്ന കപ്പൽ അനുഗമിച്ചു. അഞ്ചു ദിവസത്തെ യാത്രക്കൊടുവിൽ ഇന്നലെ വൈകുന്നേരം നാല് മണിയോടെ ഇന്ത്യൻ അതിർത്തിയിൽ എത്തിയ ബ്രിട്ടിഷ് സേന തീരസംരക്ഷണ സേനക്ക് മത്സ്യത്തൊഴിലാളികളെയും അവർ സഞ്ചരിച്ച ബോട്ടിനെയും കൈമാറി. 

കസ്റ്റഡി കാലയളവിൽ ആഹാരവും ഭക്ഷണവും നൽകി നല്ല രീതിയിലാണ്  ബ്രിട്ടീഷ് നാവിക സേന പെരുമാറിയതെന്ന് തൊഴിലാളികൾ പറഞ്ഞു. ഇന്നലെ രാത്രി എട്ട് മണി യോടെ വിഴിഞ്ഞം തുറമുഖത്തെ പുതിയ വാർഫിൽ എത്തിച്ച മത്സ്യതൊഴിലാളികളെ വിഴിഞ്ഞത്തെ  തീരസംരക്ഷണ ആസ്ഥാനത്തേക്ക് മാറ്റി. ഇവിടെ ഇവരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം  കസ്റ്റംസ്, ഐ.ബി, തീരസംരക്ഷണ സേന എന്നിവരുടെ നേതൃത്വത്തിലുള്ള പരിശോധനയ്ക്കും ശേഷം വിഴിഞ്ഞത്തെ ഫിഷറീസ് വകുപ്പധികൃതർക്ക് കൈമാറുമെന്ന് തീരസംരക്ഷണ സേന കമാണ്ടർ ജി.ശ്രീകുമാർ പറഞ്ഞു.

PREV
click me!

Recommended Stories

ആഘോഷ രാവുകൾ എത്തി! കനകക്കുന്നിൽ പുഷ്പമേളയും ലൈറ്റ് ഷോയും; തീയതി കുറിച്ചോളൂ, ഡിസംബർ 23
പിറന്നാൾ ആഘോഷത്തിന് ബന്ധുവീട്ടിലെത്തി; ചക്ക പറിക്കുന്നതിനിടെ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം