
പുല്‍പ്പള്ളി: പെരിക്കല്ലൂര്‍ പാതിരി റിസര്‍വ് വനത്തിനുള്ളില്‍ നിന്ന് കേഴമാനിനെ കുരുക്കുവച്ച് പിടികൂടി ഇറച്ചിയാക്കുന്നതിനിടെ സഹോദരങ്ങളെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി. വനത്തിനുള്ളില്‍ കേബിള്‍ കുരുക്ക് സ്ഥാപിച്ച് സ്ഥിരമായി മാനുകളെ പിടിച്ച് ഇറച്ചിയാക്കിയിരുന്ന സഹോദരങ്ങളായ പാതിരി മാവിന്‍ചുവട് തടത്തില്‍ ബെന്നി (54), തടത്തില്‍ റെജി തോമസ് (57) എന്നിവരാണ് പിടിയിലായത്. രാത്രികാല പരിശോധന നടത്തുന്ന പുല്‍പ്പള്ളി ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലക സംഘമാണ് ഇരുവരെയും പിടികൂടിയത്.
പ്രതികളില്‍ നിന്നും പത്ത് കിലോയില്‍ അധികം വരുന്ന കേഴമാനിന്റെ ഇറച്ചി, കത്തികള്‍, ഹെഡ് ലൈറ്റുകള്‍ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. പുല്‍പ്പള്ളി ഫോറസ്റ്റ് സ്റ്റേഷന്‍ റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ നിജേഷിന്റെ നേതൃത്വത്തില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ പി.എസ്. ശ്രീജിത്ത്, കെ.കെ. ജോജിഷ്, ടി.ആര്‍. പ്രഭീഷ്.ടി എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. ചെതലത്ത് റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എം.കെ രാജീവ് കുമാറിന്റെ നേതൃത്വത്തില്‍ പ്രതികളെ പാതിരി റിസര്‍വ് വനത്തില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി.
തെളിവെടുപ്പിനിടെയാണ് കേഴമാനിന്‍റെ തലയും തൊലിയും അവശിഷ്ടങ്ങളും കുരുക്ക് വെച്ച് പിടികൂടാന്‍ ഉപയോഗിച്ച കേബിള്‍ കുരുക്ക് തുടങ്ങിയവ കണ്ടെത്തിയത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ സുല്‍ത്താന്‍ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. അടുത്ത കാലത്തായി പാതിരി ഭാഗത്ത് നിന്നും കുരുക്ക് വെച്ച് വന്യജീവികളെ പിടികൂടുന്ന രണ്ടാമത്തെ സംഘമാണ് പിടിയിലായിരിക്കുന്നത്. ഈ മേഖലയില്‍ പരിശോധന കൂടുതല്‍ കര്‍ശനമാക്കുമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്നും ചെതലത്ത് റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam