
സുൽത്താൻബത്തേരി: വയനാട് വാഴവറ്റയിൽ വൈദ്യുതാഘാതം ഏറ്റ് സഹോദരങ്ങൾ മരിച്ചു. വാഴവറ്റ സ്വദേശികളായ കരിങ്കണ്ണിക്കുന്ന് പൂവണ്ണിക്കുംതടത്തിൽ അനൂപ്, സഹോദരനായ ഷിനു എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ 8 മണിയോടെ വാഴവറ്റ തെനേരി കരിങ്കണ്ണിക്കുന്ന് ഇവർ നടത്തിവന്ന കോഴിഫാമിൽ വെച്ചായിരുന്നു അപകടം. ഫാമുടമ പുൽപ്പറമ്പിൽ വീട്ടിൽ സൈമൺ ഇരുവരെയും കാണാതായതോടെ നടത്തിയ തിരച്ചിലിനിടെയാണ് ഇരുവരെയും ഫാമിൽ ഷോക്കേറ്റ് നിലയിൽ കണ്ടെത്തിയത്. ഉടനെ കൽപ്പറ്റയിലെ ആശുപത്രികളിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വന്യമൃഗങ്ങൾ കടക്കാതിരിക്കാൻ ഫാമിന് ചുറ്റും സ്ഥാപിച്ച കോപ്പർ വയറിൽ നിന്ന് ഇരുവർക്കും ഷോക്കേറ്റതാകാൻ ആണ് സാധ്യത എന്നാണ് പ്രാഥമിക നിഗമനം. ഇരുവരും ചേർന്ന് വാഴവറ്റ സ്വദേശിയായ സൈമണിൽ നിന്നും കോഴി ഫാം പാട്ട വ്യവസ്ഥയിൽ എടുത്ത് നടത്തിവരികയായിരുന്നു. ഷിനുവിന്‍റെ മൃതദേഹം കൽപ്പറ്റ ജനറൽ ആശുപത്രിയിലും, അനൂപിന്‍റെ മൃതദേഹം കൽപ്പറ്റ ലിയോ ആശുപത്രിയിലുമാണുള്ളത്. മീനങ്ങാടി പോലീസും കെഎസ്ഇബി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam