
മലപ്പുറം: മലപ്പുറം ജില്ലയിലെ പൂക്കോട്ടൂരിന് സമീപമുള്ള പള്ളിമുക്ക് എന്ന നാട് ഇന്ന് ഉണർന്നത് നടുക്കുന്നൊരു വാർത്ത കേട്ടാണ്. ആ നാട്ടുകാർക്കെല്ലാം പ്രിയപ്പെട്ടവൻ ആയിരുന്ന 26കാരൻ ആമിർ സുഹൈൽ കൊല്ലപ്പെട്ടെന്ന വാർത്ത. കൊന്നത് സ്വന്തം ചേട്ടനാണെന്നത് ഞെട്ടലിന്‍റെ ആക്കം കൂട്ടി. സാമ്പത്തിക തർക്കത്തെ തുടർന്നായിരുന്നു കൊലപാതകം.
പുലർച്ചെ നാലു മണിയോടെയായിരുന്നു കൊലപാതകം. വാക്കു തര്‍ക്കത്തിനിടയില്‍ ജുനൈദ് അനുജൻ അമീര്‍ സുഹൈലിനെ കത്തിയെടുത്ത് കുത്തുകയായിരുന്നു. വീടിലെ ഹാളില്‍ വച്ചായിരുന്നു ആക്രണം. കഴുത്തില്‍ കുത്തേറ്റ അമീര്‍ ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും അടുക്കളയില്‍ കുഴഞ്ഞു വീണ് മരിച്ചു. കൊലപാതകത്തിന് പിന്നാലെ ജുനൈദ് ബൈക്കില്‍ മഞ്ചേരി പൊലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങി.
ചോദ്യം ചെയ്തതില്‍ സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് ജുനൈദ് പൊലീസിനോട് സമ്മതിച്ചു. പല ഇടപാടുകളിലായി അമീര്‍ വലിയ സാമ്പത്തിക ബാധ്യതയിലാണെന്നും ഈ കടത്തെ ചൊല്ലി തര്‍ക്കമുണ്ടായെന്നുമാണ് ജുനൈദിന്‍റെ മൊഴി. മരിച്ച അമീര്‍ അവിവാഹിതനാണ്. തകര്‍ക്കങ്ങളോ വഴക്കോ ഈ കുടുംബത്തില്‍ നേരത്തെ ഉണ്ടായിട്ടില്ലെന്നാണ് അയല്‍വാസികള്‍ പറയുന്നത്. സഹോദരങ്ങളായ ജുനൈദും അമീറും ഇതുവരെ നല്ല സ്നേഹത്തിലാണ് കഴിഞ്ഞിരുന്നതെന്നും അവര്‍ പറഞ്ഞു.
കൊലപാതകം നടത്തിയ ഇന്നലെ ജുനൈദ് ലഹരിയിലായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. മഞ്ചേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാന്‍റ് ചെയ്തു. ഇൻക്വസ്റ്റിനും മഞ്ചേരി മെഡിക്കല്‍ കോളേജിലെ പോസ്റ്റുമോട്ടത്തിനും ശേഷം അമീറിന്‍റെ മൃതദേഹം പൂക്കോട്ടൂരില്‍ കബറടക്കി.
അതിനിടെ തൃശൂരിലെ മുണ്ടൂരിൽ 75കാരിയെ മകളും അയൽവാസിയായ കാമുകനും ചേർന്ന് കഴുത്ത് ഞെരിച്ച് കൊന്നു. സ്വർണം മോഷ്ടിക്കാൻ ലക്ഷ്യമിട്ടായിരുന്നു അരും കൊല. സ്വാഭാവിക മരണമെന്ന് തെറ്റിദ്ധരിപ്പിക്കാൻ ഇരുവരും ശ്രമിച്ചെങ്കിലും ആഭരണങ്ങൾ കാണാതായത് സംശയത്തിന് ഇടയാക്കി. തുടർന്നുള്ള അന്വേഷണമാണ് പ്രതികളെ കുടുക്കിയത്.
45കാരിയായ മകൾ സന്ധ്യയുടെ വീട്ടിലായിരുന്നു തങ്കമണി താമസിച്ചിരുന്നത്. സന്ധ്യയുടെ ഭർത്താവും മക്കളും വീട്ടിലുണ്ടായിരുന്നു. സന്ധ്യയും അയൽവാസിയായ 27കാരൻ നിതിനും തമ്മിൽ മൂന്ന് വർഷമായി അടുപ്പത്തിലായിരുന്നു. സ്വകാര്യ ആശുപത്രിയിൽ നഴ്സിംഗ് അസിസ്റ്റന്റ് ആയി ജോലി ചെയ്തിരുന്ന നിതിൻ കുറച്ചു നാളായി ജോലിക്ക് പോയിരുന്നില്ല. ഇതോടെ കടം കയറി. സാമ്പത്തിക ബാധ്യത തീർക്കാൻ സഹായിക്കണമെന്ന് നിതിൻ കാമുകി സന്ധ്യയോട് ആവശ്യപ്പെട്ടു.
അമ്മ തങ്കമണിയുടെ സ്വർണാഭരണങ്ങൾ ഊരി വാങ്ങാമെന്നും അത് വിറ്റ് പണം കണ്ടെത്താമെന്നും സന്ധ്യ മറുപടി നൽകി. അതിനുള്ള പ്ലാനിംഗിലായിരുന്നു പിന്നീട് നിതിനും സന്ധ്യയും. ശനിയാഴ്ച വൈകിട്ട് 4 മണിയോടെ സന്ധ്യ അമ്മയോട് ആഭരണങ്ങൾ ഊരിത്തരണമെന്ന് പറഞ്ഞെങ്കിലും അമ്മ സമ്മതിച്ചില്ല. ഇതോടെ വാക്ക് തർക്കമായി. അമ്മയെ കഴുത്തിനു കുത്തിപ്പിടിച്ച സന്ധ്യ ഭിത്തിയോട് ചേർത്ത് ഉയർത്തി നിലത്തടിച്ചു. മരിച്ചെന്ന സംശയത്തിൽ എടുത്ത് കട്ടിലിൽ കിടത്തി. നിതിനെ വിളിച്ചുവരുത്തി മീൻ വെട്ടുന്ന കത്രിക ഉപയോഗിച്ച് അമ്മയുടെ മാലയും ചെവിയിൽ കിടന്ന കമ്മലും അറുത്തെടുത്തു.
നിതിന്‍ ഇത് മുണ്ടൂരിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പണയം വെച്ച് ഒരു ലക്ഷത്തി അറുപത്തി അയ്യായിരം രൂപ എടുത്തു. സ്ഥിരമായി ജിമ്മിൽ പോകുന്ന ആളായിരുന്നു സന്ധ്യ. വൈകിട്ട് ആറ് മണിയോടെ ജിമ്മിൽ പോകുന്നതിനു തൊട്ടുമുമ്പ് തങ്കമണിയുടെ മൃതദേഹം വീടിന് പുറത്ത് കൊണ്ടു ചെന്നിട്ടു. പിറ്റേന്ന് പുലർച്ചെ നിതിൻ ശബരിമലയ്ക്ക് പോകാനായി പുറത്തിറങ്ങിയപ്പോൾ വീടിന്റെ ഒരു വശത്ത് ഒരാൾ കിടക്കുന്ന കണ്ടു എന്ന് സന്ധ്യ ഉൾപ്പെടെയുള്ള വീട്ടുകാരെ അറിയിക്കുന്നു. അതിനുശേഷം ശബരിമലയ്ക്ക് പോയി. വീട്ടുകാരും നാട്ടുകാരും എത്തി നടത്തിയ പരിശോധനയിൽ തങ്കമണി മരിച്ചു കിടക്കുന്നതായി ബോധ്യപ്പെട്ടു. മൃതദേഹത്തിൽ ആഭരണങ്ങൾ ഇല്ലെന്ന് കണ്ടതിനെ തുടർന്നാണ് സംശയം തോന്നിയത്.
തൃശൂർ മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് കൊലപാതകമാണ് നടന്നത് എന്ന് വ്യക്തമായത്. പോലീസ് പരിശോധന നടത്തുന്നതിനിടെ തങ്കമണിയുടെ മകൾ സന്ധ്യ പറമ്പിൽ നിന്ന് കിട്ടിയതെന്ന് പറഞ്ഞ് അമ്മയുടെ മാലയുടെ ഒരു കഷ്ണം പോലീസുകാരെ ഏൽപ്പിച്ചു. സംശയം തോന്നിയ പോലീസ് ഉദ്യോഗസ്ഥർ സന്ധ്യയെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. അപ്പോഴേക്കും സന്ധ്യയും നിതിനും തമ്മിലുള്ള ചാറ്റുകളും ഫോൺ സംഭാഷണങ്ങളും പോലീസ് ശേഖരിച്ചിരുന്നു. സന്ധ്യയെ കസ്റ്റഡിയിലെടുത്തു. ശബരിമലയിൽ പോയി തിരിച്ച് എത്തിയ നിതിനെയും പിടികൂടി. തങ്കമണിയുടെ കൊലപാതകത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് ആദ്യ ഘട്ടത്തിൽ സന്ധ്യയും നിതിനും വാദിച്ചു. എന്നാൽ തെളിവുകൾ പൂർണമായും എതിരാണെന്ന് തിരിച്ചറിഞ്ഞ പ്രതികൾ കുറ്റസമ്മതം നടത്തുകയായിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam