കാരുണ്യ തണലൊരുക്കാൻ ഇനി ആ ബുദ്ധ ചിത്രങ്ങളും

By Web TeamFirst Published Sep 25, 2018, 9:26 AM IST
Highlights

 പുതിയ കാലത്തിന്റെ 'വികസന' കുതിപ്പുകൾക്കിടയിൽ മനുഷ്യൻ പ്രകൃതിയുടെ അവിഭാജ്യ ഘടകമാണെന്ന് ഓർമ്മിപ്പിക്കുന്ന ബുദ്ധൻ, ഭൂമിയിലെ ഏറ്റവും വലിയ ജീവിയോടും സംവദിക്കുന്ന ബുദ്ധൻ , കാരുണ്യവും ശാന്തതയും അഹിംസയും തുടങ്ങിയ ജീവിതത്തിന്റെ  ഭാവങ്ങളെ പ്രതിനിധാനം ചെയ്യുന്ന ബുദ്ധൻ തുടങ്ങി 80 ഓളം ബുദ്ധ ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്

കോഴിക്കോട്: കരുണയെ തന്റെ ബോധ്യങ്ങളുടെ കേന്ദ്രത്തിൽ പ്രതിഷ്ഠിച്ച ശ്രീബുദ്ധനെപ്പോലെ തന്നെ ആ ബുദ്ധ ചിത്രങ്ങളും ഇനി കാരുണ്യത്തിന്റെ തണലൊരുക്കും. പ്രമുഖ ചിത്രകാരൻ അഭിലാഷ് തിരുവോത്ത് വരച്ച ബുദ്ധ പരമ്പരയിലെ ചിത്രങ്ങളാണ് ദുരിതക്കെടുതിയിൽ കഴിയുന്ന ജനതയുടെ അതിജീവന ശ്രമങ്ങളിൽ കൈത്താങ്ങാവുന്നത്. രണ്ടു ദിവസത്തെ ചിത്ര പ്രദർശനത്തിൽ നിന്നുള്ള വരുമാനം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കും.

സാമൂതിരി ഗുരുവായൂരപ്പൻ കോളജ് പൂർവ്വ വിദ്യാർത്ഥി- അധ്യാപക - അനധ്യാപക കൂട്ടായ്മയായ ബോധി ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ തുക വിനിയോഗിക്കുക. പുതിയ കാലത്തിന്റെ 'വികസന' കുതിപ്പുകൾക്കിടയിൽ മനുഷ്യൻ പ്രകൃതിയുടെ അവിഭാജ്യ ഘടകമാണെന്ന് ഓർമ്മിപ്പിക്കുന്ന ബുദ്ധൻ, ഭൂമിയിലെ ഏറ്റവും വലിയ ജീവിയോടും സംവദിക്കുന്ന ബുദ്ധൻ , കാരുണ്യവും ശാന്തതയും അഹിംസയും തുടങ്ങിയ ജീവിതത്തിന്റെ  ഭാവങ്ങളെ പ്രതിനിധാനം ചെയ്യുന്ന ബുദ്ധൻ തുടങ്ങി 80 ഓളം ബുദ്ധ ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്.

ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി , ചിത്രകാരനും ശിൽപ്പിയുമായ ജോൺസ് മാത്യുവിന് ചിത്രം നൽകി പ്രദർശനം ഉദ്ഘാടനം ചെയ്തു. 
സഹായങ്ങൾ അർഹരിലേക്ക് എത്തുന്നുവെന്ന് ഉറപ്പുവരുത്താൻ വ്യക്തികൾക്കും സംഘടനകൾക്കും കഴിയണമെന്ന് അവർ പറഞ്ഞു. 
ഗുരുവായൂരപ്പൻ കോളജ് പ്രിൻസിപ്പൽ ഡോ.ടി.രാമചന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ദേശീയ ചലച്ചിത്ര പുരസ്ക്കാര ജേതാവ് സന്ദീപ് പാമ്പള്ളിയെ ചടങ്ങിൽ അനുമോദിച്ചു. ജോൺസ് മാത്യു ഉപഹാരം നൽകി. ബോധി പ്രസിഡന്റ് ടി.നിഷാദ് സ്വാഗതവും ചിത്രകാരൻ അഭിലാഷ് തിരുവോത്ത് നന്ദിയും പറഞ്ഞു.

click me!