കൊല്ലം കരുനാഗപ്പള്ളിയിൽ എക്സൈസ് നടത്തിയ പരിശോധനയിൽ 25കാരൻ പിടിയിൽ. ഇയാളിൽ നിന്ന് മാരക ലഹരിമരുന്നുകളായ എംഡിഎംഎ ഗുളികകളും, എംഡിഎംഎ പൗഡറും, കഞ്ചാവും പിടിച്ചെടുത്തു. സാധാരണ എംഡിഎംഎയെക്കാൾ വീര്യം കൂടിയ ഗുളികകൾ ഒന്നിന് 4000 രൂപയ്ക്കാണ് ഇയാൾ വിറ്റിരുന്നത്.

കൊല്ലം : എംഡിഎംഎ ഗുളികയും കഞ്ചാവുമടക്കം ലഹരി ഉൽപ്പന്നങ്ങളുമായി 25കാരൻ എക്സൈസിൻ്റെ പിടിയിലായി. കരുനാഗപ്പള്ളി ക്ലാപ്പന കോട്ടയ്ക്കപ്പുറം ഷഹനാസ് മൻസിലിൽ നിഷാദ് ആണ് പിടിയിലായത്. എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ ദിലീപ് സിപിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതിയെ ക്ലാപ്പനയിൽ നിന്നും പിടികൂടിയത്. ഇയാളുടെ കൈവശമുണ്ടായിരുന്ന അഞ്ച് എംഡിഎംഎ ടാബ്‌ലെറ്റുകളും 3.11 ഗ്രാം എംഡിഎംഎയും 204 ഗ്രാം കഞ്ചാവും പൊലീസ് പിടിച്ചെടുത്തു. 

Add Asianetnews as a Preferred SourcegooglePreferred

സാധാരണ പൗഡർ രൂപത്തിൽ ഏജൻ്റുമാർ വിപണിയിലെത്തിക്കുന്ന എംഡിഎംഎയെ അപേക്ഷിച്ച് എംഡിഎംഎ ഗുളികയ്ക്ക് വീര്യം കൂടുതലാണ്. ടാബ്‌ലെറ്റ് രൂപത്തിലുള്ള എംഡിഎംഎ ഒരെണ്ണം 4000 രൂപയ്ക്കാണ് പ്രതി വിൽപന നടത്തിയിരുന്നത്. നിഷാദിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ്) നിർമലൻ തമ്പി പ്രിവന്റീവ് ഓഫീസർ പ്രസാദ് കുമാർ സിവിൽ എക്സൈസ് ഓഫീസർമാരായ അനീഷ് എംആർ, അജിത്ത് ബി എസ്, സൂരജ് പി എസ്, ബാലു എസ് സുന്ദർ, അഭിരാം എച്ച് വനിത സിവിൽ എക്സൈസ് ഓഫീസർ വർഷ വിവേക് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.