
തൃശൂർ: കെട്ടുക്കണക്കിന് പിഎസ്‍സി ചോദ്യ പേപ്പറുകള്‍ വഴിയോരത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് ജില്ലയില്‍ വിവിധ സെന്‍ററുകളില്‍ നടന്ന പിഎസ്‍സി പരീക്ഷകളുടെ ചോദ്യ പേപ്പറുകളാണ് കെട്ടുകളായി പുതുക്കാട് പാഴായി റോഡിലെ അരമന പാലത്തിന് സമീപത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ നാട്ടുകാരാണ് റോഡില്‍ കിടക്കുന്ന ചോദ്യ പേപ്പറുകള്‍ കണ്ടത്. 2025 സെപ്തംബറില്‍ പിഎസ്‍സി നടത്തിയ വിവിധ തസ്തികകളിലേക്കുള്ള പരീക്ഷകളുടെ ചോദ്യ പേപ്പറുകളാണ് റോഡില്‍ നിന്ന് കിട്ടിയത്.
പരീക്ഷയ്ക്ക് ശേഷം ബാക്കി വരുന്ന ചോദ്യ പേപ്പറുകള്‍ അതാത് ജില്ലാ ഓഫീസുകളില്‍ സൂക്ഷിക്കുകയാണ് ചെയ്യാറുള്ളത്. ഇത്തരത്തില്‍ ജില്ലയിലെ ബാക്കി വരുന്ന ചോദ്യ പേപ്പറുകള്‍ കരാറുകാര്‍ക്ക് കൈമാറും. കരാറുകാര്‍ ചോദ്യ പേപ്പറുകള്‍ തിരുവനന്തപുരത്തുള്ള ഓഫീസില്‍ എത്തിക്കണം. ഇങ്ങനെ കൊണ്ടു പോകുന്നതിനിടെ പേപ്പറുകൾ വാഹനത്തിൽ നിന്ന് വീണ് പോയതാകാമെന്നാണ് അധികൃതര്‍ പറയുന്നത്. കളഞ്ഞു കിട്ടിയ ചോദ്യ പേപ്പറുകള്‍ പുതുക്കാട് സ്റ്റേഷനിലേക്ക് മാറ്റി.
ഡിസംബർ 8 മുതൽ 12 വരെ നടത്തുവാനിരുന്ന പരീക്ഷകൾ മാറ്റിവച്ചതായി പിഎസ്‍സി അറിയിച്ചു.തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് 2025 ഡിസംബർ മാസം 09, 11 തീയതികളിലും വോട്ടെണ്ണൽ ഡിസംബർ 13 നും നടത്തുവാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചിരിക്കുന്ന സാഹചര്യത്തിലാണ് കേരള പബ്ലിക് സർവീസ് കമ്മീഷൻ 2025 ഡിസംബർ 8 മുതൽ 12 വരെ നടത്തുവാൻ നിശ്ചയിച്ചിരുന്ന പരീക്ഷകൾ 2026 ഫെബ്രുവരി മാസത്തേക്ക് മാറ്റി വച്ചത്. തീയതികൾ പിന്നീട് അറിയിക്കുന്നതാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam