
തിരുവനന്തപുരം: വർക്കല ഇടവ ശ്രീ മംഗലേശ്വരി ക്ഷേത്രത്തിൽ കവർച്ച നടത്തിയ പ്രതി പൊലീസിന്‍റെ പിടിയിലായി. അയിരൂർ സ്വദേശി അജിത്(30) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം പുലർച്ചെയായിരുന്നു ക്ഷേത്രത്തിൽ മോഷണം നടന്നത്. രാവിലെ ജീവനക്കാരും ശാന്തിയും എത്തി നട തുറന്നപ്പോഴാണ് പ്രധാന ക്ഷേത്രത്തിന്‍റെയും ഉപദേവത ക്ഷേത്രങ്ങളുടെയും മുന്നിൽ വച്ചിരുന്ന കാണിക്കവഞ്ചികൾ തകർത്ത നിലയിൽ കണ്ടെത്തിയത്. തുടർന്ന് ക്ഷേത്ര ഭാരവാഹികൾ ഉടൻ തന്നെ അയരൂർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
സംഭവസ്ഥലത്തും പരിസരത്തുമുള്ള സിസിടിവി ക്യാമറകളിൽ നിന്ന് പ്രതിയുടെ ദൃശ്യങ്ങൾ വ്യക്തമായി ലഭിച്ചിരുന്നു. ക്ഷേത്രത്തിലെ സിസിടിവിയിൽ ദൃശ്യം ലഭിക്കാതിരിക്കാൻ പായ കൊണ്ട് ശരീരം മറച്ചായിരുന്നു മോഷണം. എന്നാൽ ഗേറ്റിന് സമീപത്തെ ക്യാമറയിലടക്കം പ്രതിയുടെ ദൃശ്യം പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ ഊർജിതമായ അന്വേഷണത്തിനൊടുവിലാണ് പൊലീസ് പ്രതിയെ പിടികൂടിയത്. ഇയാളുടെ വീടിന് പരിസരത്തുനിന്നാണ് പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇയാൾക്കെതിരെ തുടർ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam