
പാലക്കാട്: മലയോര വാർഡിൽ മത്സരിക്കാൻ ടിക്കറ്റ് എടുത്ത് വനിതാ കണ്ടക്ടർ സന്ധ്യ. മംഗലം ഡാം പൊൻകണ്ടം പതിനഞ്ചാം വാർഡിൽ എൽഡിഎഫിന്റെ ഘടകകക്ഷിയായ കേരള കോൺഗ്രസ് സ്ഥാനാർത്ഥിയായാണ് സന്ധ്യ മത്സരിക്കുന്നത്. മംഗലംഡാം കടപ്പാറ- തൃശ്ശൂർ റൂട്ടിലോടുന്ന കൊമ്പൻസ് ബസിൽ ടിക്കറ്റ് ചോദിച്ചെത്തുന്ന സന്ധ്യ ജിജുവിനെ നാട്ടുകാർക്ക് സുപരിചിതമാണ്. സ്വന്തം ബസിലെ കണ്ടക്ടർ ജോലിയിൽ നിന്ന് തത്കാലം അവധിയെടുത്ത് സ്ഥാനാർഥിയാകുകയാണ് സന്ധ്യ. സ്ഥാനാർഥിയായി വോട്ട് ചോദിച്ച് വീടുകൾ കയറിയിറങ്ങുകയാണിപ്പോൾ. അതിനിടയ്ക്ക് ബസിൽ ജോലിക്കിടെ കാശു വാങ്ങുമ്പോഴും സ്ഥാനാർഥി വോട്ട് ചോദിക്കാൻ മറക്കുന്നില്ല.
വണ്ടാഴി ഗ്രാമപ്പഞ്ചായത്തിലെ മലയോര വാർഡായ പൊൻകണ്ടത്തിലെ (15) എൽഡിഎഫിന്റെ ഘടകകക്ഷിയായ കേരള കോൺഗ്രസ് (എം) സ്ഥാനാർഥിയാണ് സന്ധ്യ ജിജു. ഭർത്താവ് കടപ്പാറ കൊമ്പനാൽ വീട്ടിൽ കെ.ആർ.ജിജുമോനാണ് ബസ് ഡ്രൈവർ. ഒന്നര വർഷം മുമ്പാണ് ഇവർ ബസ് വാങ്ങിയത്. ബസ് സർവീസ് മുന്നോട്ടു കൊണ്ടുപോകുന്നത് അത്ര എളുപ്പമല്ലാതായതോടെയാണ് ഇരുവരും തൊഴിലാളികൾ കൂടി ആയത്. അത്യാവശ സന്ദർഭങ്ങളിൽ മാത്രമേ പുറത്തു നിന്ന് തൊഴിലാളികളെ നിയോഗിക്കാറുള്ളുവെന്ന് ഇവർ പറയുന്നു. രാഷ്ട്രീയത്തിൽ പ്രവർത്തന പരിചയമില്ലെങ്കിലും കണ്ടക്ടറെന്ന നിലയിലും നാട്ടുകാരി എന്ന നിലയിലുമുള്ള പരിചയം വോട്ടാകുമെന്ന പ്രതീക്ഷയിലാണ് സന്ധ്യ. ഭർത്താവ് ജിജുമോനും മക്കളായ നയനയും നിവേദും സന്ധ്യയ്ക്ക് പിന്തുണയുമായി ഒപ്പമുണ്ട്. നിലവിൽ യുഡിഎഫിന്റെ സിറ്റിങ് വാർഡാണ് പൊൻകണ്ടം. മുൻ വണ്ടാഴി ഗ്രാമപ്പഞ്ചായത്തംഗം അച്ചാമ്മയാണ് യുഡിഎഫ് സ്ഥാനാർഥി. ഈ വാർഡിൽ ബിജെപിയും മത്സരരംഗത്തുണ്ട്.