
അമ്പലപ്പുഴ: ഭാവിയുടെ വാഗ്ദാനങ്ങളായ ആറ് യുവ ഡോക്ടർമാരുടെ ജീവൻ വാഹനാപകടത്തിൽ പൊലിഞ്ഞിട്ട് ഒരാണ്ട് പിന്നിടുന്നു. എങ്കിലും മരിക്കാത്ത ഓർമകളുമായി അവർ മെഡിക്കൽ കോളജ് സെൻട്രൽ ലൈബ്രറി ഹാളിലുണ്ടാകും. ആലപ്പുഴ മെഡിക്കൽ കോളജിലെ വിദ്യാര്‍ത്ഥികളായ ശ്രീ ദീപ് വൽസൻ, മുഹമ്മദ് ഇബ്രാഹിം പി പി, മുഹമ്മദ് അബ്ദുൾ ജബ്ബാർ, ആയുഷ് ഷാജി, ദേവനന്ദൻ ബി, ആൽവിൻ ജോർജ് എന്നിവരാണ് കഴിഞ്ഞ ഡിസംബർ രണ്ടിന് രാത്രി ദേശീയപാതയിൽ കളർകോട് ചങ്ങനാശേരി ജങ്ഷനിലുണ്ടായ വാഹനാപകടത്തിൽ മരിച്ചത്. ഒന്നാം ചരമ വാർഷികത്തിൽ വിദ്യാര്‍ത്ഥികളുടെ അനുസ്മരണ യോഗം പി ടി എയുടെയും കോളജ് യൂണിയന്റെയും സംയുക്താഭിമുഖ്യത്തിൽ ഡിസംബർ 2 ന് രാവിലെ ലൈബ്രറി ഹാളിൽ നടത്തും.
ആറ് വിദ്യാര്‍ത്ഥികളുടേയും ഫോട്ടോ സെൻട്രൽ ലൈബ്രറി ഹാളിൽ അനാച്ഛാദനം ചെയ്യും. പുഷ്പാർച്ചനയ്ക്കു ശേഷം കോളജ് പ്രിൻസിപ്പൽ ഡോ ബി പത്മകുമാർ അനുസ്മരണ പ്രഭാഷണം നടത്തും. തുടർന്ന് ആറ് വിദ്യാര്‍ത്ഥികളുടേയും ഓർമയ്ക്കായി കേരളത്തിന്റെ വൃക്ഷമായ പ്ലാവ് വിദ്യാര്‍ത്ഥികളുടെ കുടുംബാംഗങ്ങൾ നടും. 'വൃന്ദാവൻ' എന്ന പേരിട്ടിരിക്കുന്ന പൂന്തോട്ടത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ അന്നേ ദിവസം തുടക്കം കുറിക്കും. കോളജിലെ വിവിധ ബാച്ചുകളുടെ നേതൃത്വത്തിൽ പൂന്തോട്ടത്തിന്റെ പരിപാലന ചുമതല ഏറ്റെടുക്കും.
പൂന്തോട്ടത്തിന്റെ ഭാഗമായി ആയിരം ഔഷധ ചെടികൾ കോളജിന്റെ വിവിധ ഭാഗങ്ങളിൽ നട്ടുപിടിപ്പിക്കുന്ന പ്രവർത്തനങ്ങൾ ഡിസംബർ മാസം പൂർത്തിയാക്കുമെന്ന് പി ടി എ വൈസ് പ്രസിഡന്റ് ഷാജി വാണിയപുരയ്ക്കൽ പറഞ്ഞു. ഇതിനോടകം തന്നെ മരിച്ച വിദ്യാര്‍ത്ഥികൾ താമസിച്ചിരുന്ന ഹോസ്റ്റലിലെ പഠനമുറി അവരുടെ ഓർമ്മയ്ക്കായി 'ഹൊറൈസൺ' എന്ന പേരിൽ ശീതീകരിച്ച ആധുനിക പഠനമുറി പി ടി എയുടെ നേതൃത്വത്തിൽ സജ്ജീകരിച്ചു കഴിഞ്ഞു.