
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ പ്രതിക്ക് 12 വർഷം കഠിനതടവും 50,000 പിഴയും ശിക്ഷ. കൊല്ലയിൽ വില്ലേജിൽ മേൽകൊല്ല ദേശത്ത് ഉദിയൻകുളങ്ങര തുണ്ടുവിളാകത്ത് വീട്ടിൽ സതീഷ് (51)നെയാണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്‌ജി എസ്. രമേശ്‌കുമാർ ശിക്ഷിച്ചത്. പിഴ തുക അതിജീവിതയ്ക്ക് നൽകണമെന്നും, പിഴ അടച്ചില്ലെങ്കിൽ 6 മാസം കൂടി കഠിന തടവനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു. പിഴ തുക അപര്യാപ്‌തമായതിനാൽ, കുട്ടിക്ക് അർഹമായ നഷ്ടപരിഹാരം നൽകുന്നതിന് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിക്കും കോടതി നിർദ്ദേശം നൽകി. 2023 ഡിസംബർ 25നായിരുന്നു കേസിനാസ്‌പദമായ സംഭവം നടന്നത്.
കണ്ണ് പരിശോധിപ്പിക്കുന്നതിനായി മാതാവിനൊപ്പം ആശുപത്രിയിൽ എത്തിയപ്പോഴായിരുന്നു സംഭവം. ഒപിയിലേക്ക് പോകുന്ന സ്റ്റെപ്പിൽ വച്ചായിരുന്നു പ്രതി കുട്ടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയത്. തുടർന്ന് കുട്ടിയിരുന്ന സീറ്റിന്റെ പിന്നിലേക്ക് ചെന്ന പ്രതി വീണ്ടും സമാന നടപടി തുടർന്നു. ഇതോടെ കുട്ടി അമ്മയോട് പറയുകയായിരുന്നു. കുട്ടിയുടെ അമ്മ നോക്കിയപ്പോൾ പ്രതി ഇറങ്ങി ഓടി ബൈക്കിൽ കയറി രക്ഷപെടുകയുമായിരുന്നു.
തുടർന്ന് അമ്മ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. കേസെടുത്ത പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. പ്രോസിക്യൂഷൻ ഭാഗത്ത് നിന്ന് 17 സാക്ഷികളെ വിസ്‌തരിക്കുകയും 29 രേഖകളും 4 തൊണ്ടിമുതലുകളും ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഡി. ആർ. പ്രമോദ് കോടതിയിൽ ഹാജരായി. അന്നത്തെ നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്‌ടർ സുജിത്ത് എസ്. ആണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam