Over speed : അമിതവേഗത ചോദ്യം ചെയ്ത ബൈക്ക് യാത്രികനെ ഇടിച്ച് വീഴ്ത്തി സ്വകാര്യ ബസ് കടന്നു കളഞ്ഞതായി പരാതി

By Web TeamFirst Published Jan 4, 2022, 7:47 PM IST
Highlights

കെ.എസ്.ആര്‍.ടി.സി ബസ്  ടെര്‍മിനലിനു സമീപത്ത് എത്തിയപ്പോള്‍  ബൈക്കിനുപിന്നില്‍ ഇടിക്കുകയും നിര്‍ത്താതെ പോവുകയുമായിരുന്നുവെന്നാണ് അഷ്‌റഫ് നടക്കാവ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.
 

കോഴിക്കോട്: തിരക്കേറിയ മാവൂര്‍ റോഡില്‍ അമിതവേഗതയില്‍ (Over speed) വന്ന ദീര്‍ഘദൂര ബസിന്റ (Bus) വേഗത ചോദ്യം ചെയ്ത ബൈക്ക് യാത്രികനെ (Bike rider) മനഃപൂര്‍വം ഇടിപ്പിച്ച് സ്വകാര്യബസ് കടന്നു കളഞ്ഞതായി പരാതി. ഇരുകാലുകള്‍ക്കും ഗുരുതര പരിക്കേറ്റ് റോഡില്‍ കിടന്ന ബൈക്ക് യാത്രികന്‍ കോഴിക്കോട് നടക്കാവ് സ്വദേശി കണ്ണങ്കടവത്ത് അഷ്‌റഫിനെ കാല്‍നടക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് ആംബുലന്‍സിലാണ് ആശുപത്രിലാക്കിയത്. കൂടെ ഉണ്ടായിരുന്ന മകന്‍ ആദിലിനും പരിക്കേറ്റു. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്നരയോടെ കോഴിക്കോട് മാവൂര്‍ റോഡിലാണ് സംഭവം. കോഴിക്കോട്-കണ്ണൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെ.എല്‍ -58 ജി 3069 നമ്പര്‍ 'ഫെറാരി' ബസാണ് ഇടിച്ചുതെറിപ്പിച്ചതെന്നാണ് അഷ്‌റഫ് പറയുന്നത്.

അമിത വേഗതയില്‍ സഞ്ചരിച്ച ബസിലെ ഡ്രൈവറോട് പതുക്കെ പോയാല്‍ പോരേയെന്ന് മാവൂര്‍ റോഡിലെ ബസ് സ്റ്റോപ്പിനടുത്തുനിന്ന് അഷ്‌റഫ് പറഞ്ഞിരുന്നു. തുടര്‍ന്ന് ബസിലെ ക്ലീനര്‍ അഷ്‌റഫിനെ ഭീഷണിപ്പെടുത്തിയതായും പറയുന്നു. തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി ബസ്  ടെര്‍മിനലിനു സമീപത്ത് എത്തിയപ്പോള്‍  ബൈക്കിനുപിന്നില്‍ ഇടിക്കുകയും നിര്‍ത്താതെ പോവുകയുമായിരുന്നുവെന്നാണ് അഷ്‌റഫ് നടക്കാവ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. അഷ്‌റഫിന്റെ കാലിന് പൊട്ടല്‍ സംഭവിച്ചിട്ടുണ്ട്. മകന്‍ ആദിലിന്റെ കാല്‍ വിരലുകള്‍ക്കാണ് പരിക്ക്. ഇവര്‍ കോഴിക്കോട്  മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കോഴിക്കോട്- കണ്ണൂര്‍ ദീര്‍ഘദൂര ബസുകളുടെ വേഗപാച്ചിലില്‍ കഴിഞ്ഞ ദിവസം വെസ്റ്റ്ഹില്ലില്‍ രണ്ട് ബൈക്ക് യാത്രികരായ യുവാക്കള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു.

click me!