കൊവിഡ്: തകര്‍ന്നടിഞ്ഞ് സ്വകാര്യ ബസ് വ്യവസായം; തിരിച്ചുവരവ് പ്രയാസമെന്ന് ഉടമകള്‍

By Web TeamFirst Published May 9, 2021, 10:29 AM IST
Highlights

ഉള്ള ആളുകളെ വെച്ച് വണ്ടിയോടിച്ചാലും ഡീസല്‍ ചിലവ് പോലും ലഭിക്കുമായിരുന്നില്ല. കൊവിഡിന് മുമ്പ് ജില്ലയില്‍ 320 സ്വകാര്യബസുകളാണ് സര്‍വ്വീസ് നടത്തിയിരുന്നത്. ഇതില്‍ വലിയൊരു ശതമാനവും കൊവിഡിന്റെ വരവോടെ നിരത്തൊഴിഞ്ഞു. 

കല്‍പ്പറ്റ: ലോക്ഡൗണിനെ തുടര്‍ന്നുണ്ടായ സാമ്പത്തികബാധ്യതകള്‍ പല സ്വകാര്യ ബസുടമകള്‍ക്കും ഇനിയും തീര്‍ന്നിട്ടില്ല. അതിനിടയിലേക്കാണ് കൊവിഡിന്റെ രണ്ടാംവരവ്. ഇതോടെ തീര്‍ത്തും തകര്‍ന്നടിയുകയാണ് സംസ്ഥാനത്തെ പ്രത്യേകിച്ച് മലയാരജില്ലകളിലെ സ്വകാര്യബസ് വ്യവസായം. രണ്ടാംതരംഗത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചതോടെ സര്‍വ്വീസുകള്‍ കഴിഞ്ഞ മാസം തന്നെ നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു പല ഉടമകളും. 

സമ്പൂര്‍ണ ലോക്ഡൗണ്‍ വരുന്നതിന് മുമ്പേ തന്നെ വയനാട്ടില്‍ പലയിടത്തും കണ്ടെയിന്‍മെന്റ് സോണുകളായത് തിരിച്ചടിയായെന്ന് ഉടമകള്‍ പറഞ്ഞു. ഉള്ള ആളുകളെ വെച്ച് വണ്ടിയോടിച്ചാലും ഡീസല്‍ ചിലവ് പോലും ലഭിക്കുമായിരുന്നില്ല. കൊവിഡിന് മുമ്പ് ജില്ലയില്‍ 320 സ്വകാര്യബസുകളാണ് സര്‍വ്വീസ് നടത്തിയിരുന്നത്. ഇതില്‍ വലിയൊരു ശതമാനവും കൊവിഡിന്റെ വരവോടെ നിരത്തൊഴിഞ്ഞു. പിടിച്ചു നിന്ന ബസുകളില്‍ ചിലതിലാകട്ടെ തൊഴിലാളികള്‍ക്ക് പകരം മുതലാളിമാര്‍ തന്നെയാണ് പണിയെടുക്കുന്നത്.

ഏപ്രില്‍ പകുതിയോടെയാണ് സ്ഥിതി തീര്‍ത്തും മോശമായി തുടങ്ങിയത്. സമ്പര്‍ക്കവ്യാപനം രൂക്ഷമായതോടെ സര്‍ക്കാര്‍ ഓഫീസുകളില്‍ ജീവനക്കാരുടെ എണ്ണം കുറഞ്ഞു. ഇതോടെ യാത്രക്കാരുടെ എണ്ണം 70 ശതമാനത്തോളം കുറഞ്ഞു. വര്‍ധിപ്പിച്ച നിരക്കിലും കുറഞ്ഞ യാത്രക്കാരാണെങ്കില്‍ ചിലവ് പോലും കിട്ടില്ലെന്നതാണ് സ്ഥിതി. സമ്പൂര്‍ണ ലോക്ഡൗണിന് മുമ്പ് 20 ശതമാനത്തിലും താഴെ സ്വകാര്യ ബസുകള്‍ മാത്രമാണ് വയനാട്ടില്‍ സര്‍വ്വീസ് നടത്തിയിരുന്നത്. തൊഴിലാളികള്‍ തങ്ങളെ പോലെ തന്നെ കഷ്ടത്തിലാണെങ്കിലും അവര്‍ക്ക് ഈ തൊഴില്‍ വിട്ട് മറ്റൊന്നിലേക്ക് പോകാം. ഭീമമായ തുക ചിലവഴിച്ച് ബസ് വാങ്ങിയ തങ്ങള്‍ എന്ത് ചെയ്യുമെന്നതാണ് ബസ് ഉടമകളുടെ ചോദ്യം. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!