
കോഴിക്കോട്: പരമ്പരാഗത കൃഷിരീതികൾക്കൊപ്പം ആധുനിക രീതിയും പരീക്ഷിച്ച് വിജയം നേടിയിരിക്കുകയാണ് ഈ കർഷകൻ. ചെറുവാടി സ്വദേശി കട്ടയാട്ട് തച്ചോളിൽ മുഹമ്മദ് അബ്ദുൽ നജീബാണ് പരീക്ഷണങ്ങളിലൂടെ പച്ചക്കറി കൃഷിയിൽ നേട്ടം കൈവരിച്ചത്. കഴിഞ്ഞ 40 വർഷമായി കാർഷിക രംഗത്ത് സജീവ സാന്നിധ്യമായ നജീബ് സ്വന്തം സ്ഥലത്തിന് പുറമെ സ്ഥലം പാട്ടത്തിനെടുത്തും കൃഷി ചെയ്യുന്നുണ്ട്.
ശീതകാല പച്ചക്കറികളാണ് ഈ സീസണിൽ വിളയിച്ചത്. മുളക്, കാബേജ്, കോളി ഫ്ലവർ, മത്തൻ, കാപ്സിക്കം, ബ്രുക്കോളി, പയർ, കക്കിരി, വഴുതിന, തക്കാളി, തണ്ണി മത്തൻ, കുമ്പളം, കൈപ്പ, പടവലം, ചുരങ്ങ, കാരറ്റ്, ബീറ്റ്റൂട്ട്, കാപ്സിക്കം തുടങ്ങിയവയെല്ലാം ഇവിടെ സമൃദ്ധമായി വളരുന്നു. കൃഷി നഷ്ടമാണെന്ന് പറഞ്ഞ് കാർഷിക വൃത്തിയിൽ നിന്ന് പിൻമാറുന്നവരോട് കൃഷി ലാഭകരമാണെന്ന് ഈ കർഷകൻ തന്റെ അനുഭവം മുൻനിർത്തി പറയുന്നു.
ഗ്രാമപ്രദേശങ്ങളിൽ അധികമാരും പരീക്ഷിക്കാത്ത പ്ലാസ്റ്റിക് മൾച്ചിങ് കൃഷി രിതിയും ഡ്രിപ്പ് ഇറിഗേഷൻ ജലസേചനത്തിനും പരീക്ഷിച്ചത് വലിയ വിജയമായി മാറി. കള ശല്യം ഇല്ല എന്നതാണ് പ്ലാസ്റ്റിക് മൾച്ചിങിന്റെ പ്രത്യേകത. ഇത് വളപ്രയോഗം 25 ശതമാനം വരെ കുറക്കാനും ജലസേചനത്തിനടക്കം തൊഴിലാളികളെ കുറക്കാനും സഹായകമായി.
അതിരാവിലെ വയലിലേക്കിറങ്ങി തൊഴിലാളികൾക്കൊപ്പം ഒരു കർഷകനായി പ്രവർത്തിക്കുന്നതും ഇദ്ദേഹത്തിന്റെ വിജയ രഹസ്യമാണ്. ജലസേചനത്തിനും വളപ്രയോഗത്തിനും പുതിയ രീതിയാണ് സ്വീകരിക്കുന്നത്. കുളത്തിൽ നിന്ന് വെള്ളം പമ്പ് ചെയ്ത് ഓരോ കൃഷിക്കും ആവശ്യമായ വെള്ളവും വളവും മാത്രം പൈപ്പുകൾ വഴി നൽകുകയാണ് ചെയ്യുന്നത്. പച്ചക്കറി കൃഷിക്കൊപ്പം തന്നെ രണ്ട് തടങ്ങൾക്കിടയിൽ നെല്ല് നട്ടും നജീബ് തന്റെ കാർഷികവൃത്തിയോടുള്ള സ്നേഹം പ്രകടിപ്പിക്കുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam