'മിഠായിത്തെരുവ്' ഇനി ഓൺലൈനിലും; എസ്എം സ്ട്രീറ്റ് ആപ് ഉടൻ പുറത്തിറങ്ങും

By Web TeamFirst Published Sep 28, 2020, 9:47 AM IST
Highlights

കൊവിഡ് വ്യാപനത്തിൽ കച്ചവടം കുറഞ്ഞതോടെ ഓൺലൈൻ വ്യാപാര രംഗത്ത് ചുവടുറപ്പിക്കാനൊരുങ്ങുകയാണ് കോഴിക്കോട്ടെ പൈതൃക തെരുവ്. എസ്എം സ്ട്രീറ്റ് എന്ന ആപ്പിലൂടെയാണ് വിപണനം.

കോഴിക്കോട്: മിഠായിതെരുവിലെ മധുരവും തുണിത്തരങ്ങളുമെല്ലാം ഇനി കോഴിക്കോട്ടുകാരുടെ വീട്ടുപടിക്കലെത്തും. കൊവിഡ് വ്യാപനത്തിൽ കച്ചവടം കുറഞ്ഞതോടെ ഓൺലൈൻ വ്യാപാര രംഗത്ത് ചുവടുറപ്പിക്കാനൊരുങ്ങുകയാണ് കോഴിക്കോട്ടെ പൈതൃക തെരുവ്. എസ്എം സ്ട്രീറ്റ് എന്ന ആപ്പിലൂടെയാണ് വിപണനം.

നിപയുടെ വരവിൽ പിടിച്ചു നിന്ന മിഠായിത്തെരുവിലെ കച്ചവടക്കാർക്ക് കൊവിഡിൽ കാലിടറി. ദിവസം മുപ്പതിനായിരം രൂപയിൽ കൂടുതൽ വരുമാനം ഉണ്ടായിരുന്നവർക്ക് അയ്യായിരം രൂപപോലും കിട്ടാതായി. ചില ദിവസങ്ങളിൽ കച്ചവടം തീരെ നടക്കാത്ത കടകളും ഏറെയാണ്. ഇതോടെയാണ് വ്യാപാരികൾ ഓൺലൈൻ വിപണന രംഗത്തേക്ക് ചുവട് മാറ്റുന്നത്. എസ്എം സ്ട്രീറ്റ് എന്ന ആപ്പാണ് ഇതിനായി തയ്യാറാക്കുന്നത്. ഫിക്സോ എന്ന ഇ കൊമേഴ്സ് സ്ഥാപനവുമായി സഹകരിച്ചാണ് പദ്ധതി.

ഓർഡർ ചെയ്ത സാധനങ്ങൾക്കായി ഏറെ കാത്തിരിക്കേണ്ടി വരില്ലെന്ന് കച്ചവടക്കാർ പറയുന്നു. നഗരപരിധിയിൽ ആണെങ്കിൽ രണ്ട് മണിക്കൂറിനകം സാധനങ്ങൾ കൈകളിലെത്തും. കടകളിലേതിന് സമാനമായി വിലപേശി വാങ്ങാനുള്ള സൗകര്യവും ഓൺലൈനിൽ ഉണ്ടാകും. ഒക്ടോബർ പതിനഞ്ചിനുള്ളിൽ ഓൺലൈൻ വിപണനം തുടങ്ങാനാകുമെന്നാണ് വ്യാപരികളുടെ കണക്ക് കൂട്ടൽ.

click me!