
ആലപ്പുഴ: ആശുപത്രി കിടക്കയില്‍ കൈകാലിട്ടടിച്ച് വേദന സഹിക്കവയ്യാതെ നിലവിളിക്കുന്ന ഒന്നര വയസ്സുകാരി ഫാത്തിമയെ സന്ദര്‍ശിക്കുന്നവര്‍ക്ക് കണ്ണീര്‍ തുടച്ചല്ലാതെ അവിടെ നിന്ന് ഇറങ്ങാനാകില്ല. എല്ലാം സഹിച്ച് കരയാനിനി കണ്ണുനീരു പോലുമില്ലാതെ ഫാത്തിമയുടെ ഉമ്മ സുറുമി എന്ന ഇരുപത്കാരി കുഞ്ഞിനരികില്‍ ശിരസ് കുനിച്ചിരിപ്പാണ്. അല്ലെങ്കില്‍ തന്നെ മുതിര്‍ന്നവര്‍ക്ക് പോലും താങ്ങാനാകുമൊ, ആറ് കീമോതെറാപ്പി ശരീരത്ത് കഴിഞ്ഞാലുണ്ടാകുന്ന വേദന. ഫാത്തിമ മോള്‍ക്ക് രോഗം ക്യാന്‍സറാണ്.
കുഞ്ഞിന്റെ കരളിനെയാണ് അസുഖം ബാധിച്ചിരിക്കുന്നത്. വൈദ്യശാസ്ത്രം ഈ അസുഖത്തിന് നല്‍കിയിരിക്കുന്ന പേര് ഹിപ്പറ്റൊ ബ്ലാസ്‌റ്റോമ കരള്‍ അമിതമായി വളരുന്ന രോഗം. എറണാകുളത്തെ പ്രശസ്തമായ ലേക്‌ഷോര്‍ ഹോസ്പറ്റിലില്‍ കുറെ ദിവസം കുട്ടിയെ ചികിത്സിച്ചു. പ്രത്യേകിച്ച് തൊഴിലുകളൊന്നുമില്ലാത്ത കുഞ്ഞിന്റെ പിതാവ് ഷജീറിനെ ഇതിന് സഹായിച്ചത് സുമനസുകളാണ്. പിന്നീട് ചികിത്സ തിരുവനന്തപുരം ആര്‍ സി സിയിലേക്ക് മാറ്റി. അവിടെ ആറ് കീ മൊതെറാപ്പി കഴിഞ്ഞപ്പോള്‍ കുട്ടി തീരെ അവശയായി.
ആര്‍ സി സി അധികൃതര്‍ ഉപദേശിച്ചു കുട്ടിയെ ഏതെങ്കിലും സ്വകാര്യ ആശുപത്രിയില്‍ ചികിത്സിക്കാന്‍. ഭക്ഷണത്തിന് പോലും വകയില്ലാത്ത ഫാത്തിമ മോളുടെ മാതാപിതാക്കള്‍ ചികിത്സാ ചെലവ് കേട്ട് ആകെ തളര്‍ന്നു. മുപ്പത് ലക്ഷം രുപ. മുഖത്തോടു മുഖം നോക്കി കരയുവാനെ അവര്‍ക്കായുള്ളൂ. തിരുവല്ല പുഷ്പഗിരി ആശുപത്രിയില്‍ പ്രശസ്ത കാന്‍സര്‍ രോഗ വിദഗ്ധന്‍ ഡോ വി പി ഗംഗാധാരന്റെ ചികിത്സയിലാണിപ്പോള്‍.
മുല്ലാത്ത് വളപ്പ് സ്വദേശികളായ സ്വന്തമായി ഒരു കൂര പോലുമില്ലാത്ത ഈ ദരിദ്ര ദമ്പതികളുടെ കുഞ്ഞിന്റെ തുടര്‍ന്നുള്ള ചികിത്സയ്ക്കും അത് വഴി അവളെ വേദനയുടെ ലോകത്ത് നിന്നും കര കയറ്റി സുഖനിദ്ര പ്രദാനം ചെയ്യാനും മനുഷ്യസ്‌നേഹികള്‍ മനസ് വെച്ചാല്‍ സാധിക്കും.' .ഫോൺ: 7736881697.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam