
തൃശൂർ: വായ്പയെടുത്ത് നിർമ്മിച്ച വീട് പ്രളയത്തിൽ മുങ്ങി നശിച്ചു; കരകയറാൻ വഴി നോക്കുന്നതിനിടെ, കുടലിൽ കണ്ടെത്തിയ കാൻസർ ജീവിതത്തെയാകെ കാർന്നു തിന്നുന്ന അവസ്ഥയിലേക്കുമെത്തി, ജീവൻ നിലനിർത്താനുള്ള വൈദ്യലോകത്തിന്‍റെ പ്രയത്നത്തിനാണെങ്കിൽ ഇനിയും ലക്ഷങ്ങൾ വേണം. ആലുവയിലെ സാമൂഹിക മേഖലയിൽ നിറ സാന്നിധ്യമായ കരുമാലൂർ മാമ്പ്ര കിഴക്കേടത്ത് പള്ളം വീട്ടിൽ സി എസ് സുനേഷിന് (സുനീഷ് കോട്ടപ്പുറം-31) വേണ്ടി കുടുംബവും സഹപ്രവർത്തകരുമാണ് സുമനസുകളുടെ സഹായം തേടുന്നത്.
ചുണങ്ങുംവേലി രാജഗിരി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സുനേഷിന്റെ കുടലിൽ രണ്ട് ശസ്ത്രക്രിയകൾ കഴിഞ്ഞു. ഇപ്പോഴും അതിതീവ്രത പരിചരണ വിഭാഗത്തിലാണ് സുനേഷ്. തുടർ ചികിത്സകൾക്കായി ഭീമമായ തുക ആവശ്യമാണെന്നാണ് ഡോക്ടർമാർ അറിയിച്ചത്. കൂലിപണിക്കാരായ അച്ഛൻ സുബ്രഹ്മണ്യനും അമ്മ മങ്കയും മകന്‍റെ ചികിത്സയ്ക്കായി എന്തുചെയ്യണമെന്ന പ്രയാസത്തിലാണ്. മൂത്ത സഹോദരി സുനിത വിവാഹിതയാണ്. നിർദ്ധന കുടുംബത്തിൽ ജനിച്ച സുനേഷ് ഏറെ കഷ്ടപ്പെട്ടാണ് ഫോട്ടോഗ്രാഫി മേഖലയിൽ സജീവമായത്. ആലുവയിൽ നടക്കുന്ന ഭൂരിഭാഗം പരിപാടികളുടേയും സംഭവങ്ങളുടേയും ദൃശ്യങ്ങൾ പത്രങ്ങൾക്കായി പകർത്തിയിരുന്നത് സുനേഷാണ്.
ജനയുഗം ദിനപത്രത്തിന്റെ ആലുവ ലേഖകനായി ഏറെ കാലം പ്രവർത്തിച്ചു. ദി ആലുവ മർച്ചന്റ്‌സ് അസോസിയേഷൻ യൂത്ത് വിങ് ട്രഷററുമായിരുന്നു. അടുത്തിടെയാണ് ആലുവ ശ്രീകൃഷ്ണ ടെമ്പിൾ റോഡിൽ 'ലില്ലിപ്പുട്ട്‌സ്' എന്ന പേരിൽ സ്വന്തം സ്റ്റുഡിയോ തുടങ്ങിയത്.ബാങ്ക് വായ്പയെടുത്ത് നിർമ്മിച്ച വീട് കഴിഞ്ഞ പ്രളയകാലത്ത് മുഴുവനായും വെള്ളത്തിനടിയിലായിരുന്നു. വീട്ടുപകരണങ്ങളും നശിച്ചു. വീട് നിർമ്മിച്ചതിന്റെ ബാധ്യത നിലനിൽക്കേയാണ് പ്രളയം നാശം വിതച്ചത്. പുതിയ സ്റ്റുഡിയോവിലൂടെ ജീവിതം വീണ്ടും മുന്നോട്ട് കൊണ്ടു പോകുന്നതിനിടെയാണ് ക്യാൻസർ രോഗം പിടികൂടിയത്. വയറുവേദനയെ തുടർന്ന് രാജഗിരി ആശുപത്രിയിൽ നടത്തിയ വിദഗ്ധ പരിശോധനയിലാണ് ക്യാൻസർ രോഗം കണ്ടെത്തിയത്.
ആലുവ മീഡിയ ക്ളബിന്റെ നേതൃത്വത്തിൽ എംഎൽഎമാരായ അൻവർസാദത്ത്, വി കെ ഇബ്രാഹിംകുഞ്ഞ്, ജിസിഡിഎ ചെയർമാൻ വി സലീം എന്നിവരെ മുഖ്യരക്ഷാധികാരികളാക്കി 'സുനേഷ് ചികിത്സാ സഹായ സമിതി' രൂപീകരിച്ചിട്ടുണ്ട്. ആലുവ മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് ഇ എം നസീർ ബാബു സമിതിയുടെ ചെയർമാനും ആലുവ മീഡിയ ക്ളബ് വൈസ് പ്രസിഡന്റ് ജോസി പി ആൻഡ്രൂസ് ജനറൽ കൺവീനറും മീഡിയ ക്ലബ്ബ് ട്രഷറർ റഫീക്ക് അഹമ്മദ് ട്രഷററുമാണ്. ആലുവ അർബൻ സഹകരണ ബാങ്ക് ആലുവ മുഖ്യ ശാഖയിൽ സമിതി അക്കൗണ്ട് തുറന്നിട്ടുണ്ട്. CD അക്കൗണ്ട് നമ്പർ: 030201100000791. ഐ.എഫ്.എസ്.സി കോഡ്: FDRL0AUCB02. വിവരങ്ങൾക്ക്: 99617 22075, 89219 39443.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam