ലോട്ടറി വില്‍പന ആരംഭിച്ചിട്ട് ദിവസങ്ങള്‍ മാത്രം; ഒന്നാം സമ്മാനം ഷെെനി വിറ്റ ടിക്കറ്റിന്

By Web TeamFirst Published Jan 28, 2019, 10:38 PM IST
Highlights

സുഹൃത്തുകള്‍ ചിലര്‍ നിര്‍ബന്ധിച്ചതോടെ ഷെെനി പഴക്കടയില്‍ തന്നെ ലോട്ടറി വില്‍പനയും ആരംഭിച്ചു. എന്നാല്‍, അതിവേഗം തന്നെ കടയേ തേടി ഒരു ഭാഗ്യം എത്തുമെന്ന് ഷെെനി പോലും വിചാരിച്ചിരുന്നില്ല. ലോട്ടറി വില്‍പന തുടങ്ങിയ ഒരാഴ്ച പോലും തികയും മുമ്പ് ഷെെനി വിറ്റ നിര്‍മല്‍ ഭാഗ്യക്കുറിയെ തേടി ഒന്നാം സമ്മാനമായ 60 ലക്ഷമാണ് എത്തിയത്

തളിപ്പറമ്പ്: കേരള ഭാഗ്യക്കുറി വഴി ദുരിത ജീവിതത്തില്‍ നിന്ന് കരകയറിയ കഥകള്‍ ഒരുപാട് കേട്ടിട്ടുണ്ടാകും. എന്നാല്‍, കണ്ണൂരിലെ ബക്കളത്ത് ദേശീയ പാതയുടെ ഓരത്ത് ലോട്ടറി വില്‍പന നടത്തുന്ന ഷെെനി പ്രകാശന്‍റെ കഥ മറ്റൊന്നാണ്. തന്‍റെ ജീവിതം കഷ്ടപ്പാടുകളിലൂടെ മൂന്നോട്ട് പോകുമ്പോഴും മറ്റൊരാളുടെ ജീവിത്തില്‍ വലിയ ഒരു സൗഭാഗ്യത്തിന് വഴിയൊരുക്കിയ സന്തോഷത്തിലാണ് ഇപ്പോള്‍ ഷെെനി.

ചെത്ത് തൊഴിലാളി ആയിരുന്ന മുണ്ടപ്രം കാനൂല്‍ സ്വദേശി കരിക്കന്‍ പ്രകാശന് സംഭവിച്ച ഒരു അപകടമാണ് ആ കുടുംബത്തെ ദുരിതത്തിലാഴ്ത്തിയത്. ജോലിക്കിടയില്‍ തെങ്ങില്‍ നിന്ന് വീണ പ്രകാശന് ഒരുപാട് കാലം ചികിത്സയില്‍ കഴിയേണ്ടി വന്നു. ഇതോടെ ലക്ഷങ്ങളുടെ കടബാധ്യതയാണ് കുടുംബത്തിനുണ്ടായത്.

കഠിനമായ ജോലിക്ക് പോകാനാകാതെ വന്നതോടെ പ്രകാശന്‍ ഓട്ടോ ഡ്രെെവറുടെ പുതിയ വേഷത്തിലേക്ക് കടന്നു. എന്നാല്‍, കടബാധ്യത പെരുകിയതിനാല്‍ അത് വീട്ടുന്നതിന് വലിയ തുക അത്യാവശ്യമായി വന്നു. ഇതിന് ഭര്‍ത്താവിന് കെെത്താങ്ങാകുക എന്ന ലക്ഷ്യത്തോടെയാണ് ഷെെനി കഴിഞ്ഞ മാസം പഴങ്ങള്‍ വില്‍ക്കുന്ന ഒരു കട തുടങ്ങിയത്.

സുഹൃത്തുകള്‍ ചിലര്‍ നിര്‍ബന്ധിച്ചതോടെ ഷെെനി പഴക്കടയില്‍ തന്നെ ലോട്ടറി വില്‍പനയും ആരംഭിച്ചു. എന്നാല്‍, അതിവേഗം തന്‍റെ കടയേ തേടി ഒരു ഭാഗ്യം എത്തുമെന്ന് ഷെെനി പോലും വിചാരിച്ചിരുന്നില്ല. ലോട്ടറി വില്‍പന തുടങ്ങി ഒരാഴ്ച പോലും തികയും മുമ്പ് ഷെെനി വിറ്റ നിര്‍മല്‍ ഭാഗ്യക്കുറിയെ തേടി ഒന്നാം സമ്മാനമായ 60 ലക്ഷമാണ് എത്തിയത്.

തളിപ്പറമ്പിലെ ലോട്ടി മൊത്ത വിതരണക്കാരായ പത്മ ലോട്ടറിയില്‍ നിന്ന് ഷെെനി ടിക്കറ്റുകള്‍ വാങ്ങുന്നത്. ഷെെനി വിറ്റ NW - 520352  എന്ന ടിക്കറ്റെടുത്ത ഒഴക്രോത്തെ മത്സ്യത്തൊഴിലാളിയായ ഭാസ്കരനാണ് ആ ഒന്നാം സമ്മാനത്തിന്‍റെ അവകാശി. ശരീരം വേദന കൊണ്ട് ജോലിക്ക് പോകാന്‍ കഴിയാത്ത അവസ്ഥയിലായിരുന്ന ഭാസ്കരനും ഷെെനിയുടെ ടിക്കറ്റ് ഭാഗ്യം കൊണ്ടു വന്നു.

ബാങ്കില്‍ നിന്നെടുത്ത വായ്പകള്‍ തിരിച്ചടയ്ക്കാനാകാതെ കഷ്ടപ്പെട്ടിരുന്ന ഭാസ്കരനും കുടംബത്തിനും വീട് വരെ നഷ്ടപ്പെടുമെന്ന ഘട്ടത്തിലാണ് ഷെെനിയുടെ ടിക്കറ്റിന്‍റെ രൂപത്തില്‍ ഭാഗ്യമെത്തിയത്. ഇതിലും ഷെെനിയും കുടുംബവും സന്തോഷിക്കുകയാണ്. ഒന്നാം സമ്മാനം അടിച്ചതിനാല്‍ കമ്മീഷനായി നല്ലൊരു തുകയും ഷെെനിക്ക് ലഭിക്കും. ഇതോടെ സന്തോഷം ഇരട്ടിച്ചെന്ന് മക്കളായ ശ്രേയക്കും തീര്‍ഥയ്ക്കും ഒപ്പം ഷെെനി പറയുന്നു. 

click me!