ഏതു നിമിഷവും നിലംപതിക്കാവുന്ന വീട്ടിൽ അർബുദരോഗിയും കുടുംബവും; 'ലൈഫിലും' വീടനുവദിച്ചില്ല

By Web TeamFirst Published Jul 1, 2020, 9:02 PM IST
Highlights

ചോർന്നൊലിച്ച് ഏതുനിമിഷവും തകർന്നുവീഴാവുന്ന കുടിലിൽ അർബുദരോഗിയും കുടുംബവും. ആറാട്ടുപുഴ കിഴക്കേക്കര കനകക്കുന്ന് അമ്പാടിയിൽ ബൈജുവും കുടുംബവും ജീവൻ പണയംവെച്ചാണ് നിലംപൊത്താറായ വീട്ടിൽ കഴിയുന്നത്. 

മുതുകുംളം: ചോർന്നൊലിച്ച് ഏതുനിമിഷവും തകർന്നുവീഴാവുന്ന കുടിലിൽ അർബുദരോഗിയും കുടുംബവും. ആറാട്ടുപുഴ കിഴക്കേക്കര കനകക്കുന്ന് അമ്പാടിയിൽ ബൈജുവും കുടുംബവും ജീവൻ പണയംവെച്ചാണ് നിലംപൊത്താറായ വീട്ടിൽ കഴിയുന്നത്. മഴയൊന്ന് കനത്താലോ കാറ്റൊന്ന് ആഞ്ഞടിച്ചാലോ ഇവർ ഭയന്നുവിറയ്ക്കും. 

സർക്കാർ രേഖകളിൽ ഈ വീട് വാസയോഗ്യമാണ്. അതുകൊണ്ടുതന്നെ ഇവർ ലൈഫ് മിഷൻ പദ്ധതിക്ക് പുറത്താണ്. സർവേക്കെത്തിയവർ തെറ്റായ റിപ്പോർട്ട് നൽകിയതാണ് വിനയായതെന്ന് ബൈജു പറയുന്നു. ഒറ്റ മുറിയും പേരിനൊരു അടുക്കളയും മാത്രമാണ് വീടിനുള്ളത്. 

മറ്റൊരു വീടിന്റെ പഴകിയ ഓലയും തകരഷീറ്റും ഉപയോഗിച്ച് പത്തുവർഷം മുൻപാണ് ഇത് നിർമിച്ചത്. കാലപ്പഴക്കം കാരണം തകരഷീറ്റുകൾ ദ്രവിച്ചു. ചോർന്നൊലിക്കുന്നതിനാൽ വീടിന് മുകളിൽ പ്ലാസ്റ്റിക് വലിച്ചുകെട്ടിയിരിക്കുകയാണ്.

അർഹതപ്പെട്ട വീട് ലഭിക്കാനായി കുടുംബം നാലുവർഷമായി സർക്കാർ ഓഫീസുകളിൽ കയറിയിറങ്ങുന്നു. ഇതിനിടെ കെട്ടിട നിർമാണത്തൊഴിലാളിയായ ബൈജുവിന് വായ്ക്കുള്ളിൽ അർബുദം പിടിപെട്ടു. ഇദ്ദേഹം ആർസിസിയിലെ ചികിത്സയിലാണ്. 

ബൈജുവിന് ജോലിചെയ്യാനാകാതെവന്നതോടെ ഭാര്യ കലമോൾ തൊഴിലുറപ്പ് ജോലിക്ക് പോകാൻ തുടങ്ങി. ഇവരുടെ മൂത്തമകൻ പത്താം കാസിലും ഇളയ മകൻ മൂന്നിലുമാണ് പഠിക്കുന്നത്. പഞ്ചായത്തംഗം ശ്രീജാ രാമകൃഷ്ണൻ ചെയർപേഴ്സണായും രാജി സതീഷ് സെക്രട്ടറിയായും പ്രവർത്തിക്കുന്ന വാർഡ് ജനകീയ കുടുംബസഹായനിധി ഇവരെ സഹായിക്കാൻ തീരുമാനമെടുത്തിരിക്കുകയാണ്. ഇതിനായി ബറോഡ ബാങ്ക് കായംകുളം ശാഖയിൽ 25240100012948 എന്ന നമ്പരിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. ഐ. എഫ്. എസ്. കോഡ്- BARB0KAYAMX. ഫോൺ: 9544942394.

click me!