
തൃശൂര്‍: ഒന്നര കിലോയോളം കഞ്ചാവും മാരകായുധങ്ങളുമായി കൊലക്കേസ് പ്രതിയുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍. കോടന്നൂര്‍ എസ് എന്‍ നഗറില്‍ കൊടപ്പുള്ളി വീട്ടില്‍ മണികണ്ഠന്‍ (ആനമണി, 29), ചിറക്കല്‍ കുറുമ്പിലാവ് കൊല്ലയില്‍ വീട്ടില്‍ അബിന്‍രാജ് (28) എന്നിവരാണ് വാടാനപ്പള്ളി എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. ഇവരില്‍ നിന്ന് 1.32 കിലോ ഗ്രാം കഞ്ചാവും വടിവാളുകള്‍ ഉള്‍പ്പെടെ മാരകായുധങ്ങളും പിടിച്ചെടുത്തു.
റേഞ്ച് ഇന്‍സ്‌പെക്ടര്‍ എസ് എസ് സച്ചിന്റെ നേതൃത്വത്തില്‍ പട്രോളിങ്ങിനിടെയാണ് ഇരുവരും കുടുങ്ങിയത്. വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്യാനായി കഞ്ചാവുമായി പോയിരുന്ന അബിന്‍ രാജാണ് ആദ്യം പിടിയിലായത്. ചോദ്യം ചെയ്യലില്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ മണികണ്ഠന്റെ കോടന്നൂരിലെ വീട്ടിലെ പരിശോധനയിലാണ് കൂടുതല്‍ കഞ്ചാവും മാരകായുധങ്ങളും കണ്ടെത്തിയത്. മണികണ്ഠന്‍ രണ്ട് കൊലക്കേസുകള്‍ ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്.
മാപ്രാണത്തെ തിയേറ്റര്‍ കൊലപാതകത്തിലും മൂന്നാറില്‍ സഹപ്രവര്‍ത്തകനായ ആനപ്പാപ്പാനെ കൊലപ്പെടുത്തിയ കേസിലും പ്രതിയാണ്. മാരകായുധങ്ങള്‍ സംബന്ധിച്ച് പൊലീസ് അന്വേഷണത്തിലൂടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകും. പ്രിവന്റീവ് ഓഫീസര്‍മാരായ കെ ആര്‍ ഹരിദാസ്, ടി ആര്‍ സുനില്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ജെയ്‌സണ്‍ പി ദേവസി, ആര്‍ രതീഷ്‌കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
അതേസമയം, മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച എംഡിഎംഎയുമായി കോട്ടയം വൈക്കത്ത് രണ്ട് യുവാക്കള്‍ പിടിയിലായി. 32 ഗ്രാം എംഡിഎംഎയാണ് യുവാക്കളില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തത്. ഈരാറ്റുപേട്ട പത്താഴപ്പടി സ്വദേശി മുഹമ്മദ് മുനീറും, തലനാട് സ്വദേശി അക്ഷയ് സോണിയുമാണ് അറസ്റ്റിലായത്. 25 വയസ് മാത്രമാണ് ഇരുവരുടെയും പ്രായം. ഇരുവരും ഏറെ നാളായി നിരീക്ഷണത്തിലായിരുന്നെന്ന് പൊലീസ് പറയുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam