
കാസർകോട്: കാസര്‍കോട് കോളിച്ചാല്‍ മാവേലി സ്റ്റോറിൽ സാധനം വാങ്ങാനെത്തിയ ആളുടെ വ്യത്യസ്ത സമരം. മാവേലി സ്റ്റോറിലെ അവസ്ഥ കണ്ട് അതിന് മുന്നിൽ തന്നെ സുകുമാരൻ എന്നയാളാണ് വ്യത്യസ്ത സമരം നടത്തിയത്. മാവേലി സ്റ്റോറില്‍ അവശ്യ സാധനങ്ങള്‍ ഇല്ലാത്തതാണ് സുകുമാരനെ പ്രകോപിപ്പിച്ചത്. കാസർകോട് കോളിച്ചാല്‍ മാവേലി സ്റ്റോറിൽ നിന്നും പുറത്തിറങ്ങിയ സുകുമാരൻ പായവിരിച്ച് കിടന്ന് ഒറ്റയാള്‍ സമരം നടത്തുകയായിരുന്നു. ആദിവാസി നേതാവ് കൂടിയാണ് ഈ വേറിട്ട പ്രതിഷേധം നടത്തിയ സുകുമാരൻ.
സംഭവം ഇങ്ങനെ
മുൻ പഞ്ചായത്ത് അംഗവും ആദിവാസി കോണ്‍ഗ്രസ് കാസര്‍കോട് ജില്ലാ വൈസ് പ്രസിഡന്‍റുമായ സുകുമാരന്‍ വിത്തുകളമാണ് പായവിരിച്ച് മാവേലി സ്റ്റോറിന് മുന്നിൽ കിടപ്പ് സമരം നടത്തിയത്. മാവേലി സ്റ്റോറിൽ സാധനങ്ങളില്ലാത്തതിൽ പ്രതിഷേധിച്ചുള്ള സുകുമാരന്റെ കോളിച്ചാല്‍ മാവേലി സ്റ്റോറിന് മുന്നിലെ ഒറ്റയാള്‍ പ്രതിഷേധം ഇതിനകം വലിയ ശ്രദ്ധ നേടുകയും ചെയ്തു. വീട്ടിലേക്ക് അത്യാവശ്യ സാധനങ്ങള്‍ വാങ്ങാന്‍ മാവേലി സ്റ്റോറിൽ എത്തിയതായിരുന്നു സുകുമാരന്‍. എന്നാല്‍ സബ്സിഡി സാധനങ്ങള്‍ ഭൂരിഭാഗവും തീര്‍ന്ന നിലയിലായിരുന്നു. ആകെ സ്റ്റോക്കുള്ളത് കുറുവ അരി , വെള്ളക്കടല , മല്ലി , വെളിച്ചെണ്ണ എന്നിവ മാത്രമായിരുന്നുവെന്നാണ് ഇദ്ദേഹം പറയുന്നത്. ഇതോടെയാണ് പ്രതിഷേധിക്കാൻ തീരുമാനിച്ചതെന്നും സുകുമാരൻ വ്യക്തമാക്കി. കിലോമീറ്ററുകള്‍ താണ്ടി ആളുകള്‍ എത്തുമ്പോള്‍ അവശ്യസാധനങ്ങള്‍ ഇല്ലാത്തതിനാല്‍ തിരിച്ചു പോകേണ്ട അവസ്ഥയാണ് മാവേലി സ്റ്റോറിൽ എന്നും അദ്ദേഹം ചൂണ്ടികാട്ടി. പ്രശ്നം പരിഹരിക്കാന‍് അധികൃതര്‍ എത്രയും വേഗം ഇടപടണമെന്നാണ് ഒറ്റയാൾ കിടപ്പ് സമരത്തിലൂടെ സുകുമാരൻ മുന്നോട്ട് വയ്ക്കുന്ന ആവശ്യം. പ്രശ്നം എത്രയും വേഗം പരിഹരിക്കണമെന്നും മാവേലി സ്റ്റോറിന് മുന്നിൽ വേറിട്ട പ്രതിഷേധം നടത്തിയ സുകുമാരൻ ആവശ്യപ്പെട്ടു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം