
ആലുവ: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി എറണാകുളം റൂറലിൽ നടത്തിയ വ്യാപക പരിശോധനയിൽ ആൾതാമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികൾ കണ്ടെടുത്തു. അയ്യമ്പുഴയിൽ പോസ്റ്റോഫീസ് ജംഗ്ഷൻ ഭാഗത്തെ ആൾ താമസമില്ലാത്ത വീട്ടുവളപ്പിൽ നിന്നുമാണ് മൂന്ന് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. അതോടൊപ്പം രാസ ലഹരിയുമായി ആറ് പേർ പിടിയിലായി.
ചെങ്ങമനാട് 1.96 ഗ്രാം രാസ ലഹരിയുമായി രണ്ട് പേരാണ് പിടിയിലായത്. കരുമാലൂർ സ്വദേശികളായ ഇബ്രാഹിം (37), ബിനു ആൻ്റണി (37) എന്നിവരാണ് ചെങ്ങമനാട് പൊലീസിന്റെ പിടിയിലായത്. സിപ്പ് കവറിൽ വില്പനയ്ക്കായി കൊണ്ടുവന്നപ്പോഴാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. പാൻ്റ്സിന്റെ പോക്കറ്റിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു രാസ ലഹരി കണ്ടെത്തിയത്. പറമ്പയം ഭാഗത്ത് പാർക്ക് ചെയ്ത കാറിലാണ് ഇരുവരും ഉണ്ടായിരുന്നത്.
ഞാറയ്ക്കൽ കാളമുക്ക് ഭാഗത്ത് വച്ച് ഓട്ടോ റിക്ഷയിൽ വന്നയാളിൽ നിന്നും 3.450 ഗ്രാം എംഡിഎംഎ പിടികൂടി. നായരമ്പലം സ്വദേശി അഥീൻ (25) ആണ് ഞാറക്കൽ പൊലീസിന്റെ പിടിയിലായത്. ബാഗിൽ രണ്ട് സിപ്പ് ലോക്ക് കവറിലായി ഒളിപ്പിച്ചു വെച്ച നിലയിലായിരുന്നു രാസ ലഹരി കണ്ടെത്തിയത്.
ബിനാനിപുരം എടയാറിൽ നിന്ന് മൂന്നു ഗ്രാം എംഡിഎംഎയുമായി രണ്ട് പേരെ അറസ്റ്റ് ചെയ്തു. ബിനാനിപുരം സ്വദേശികളായ മുഹമ്മദ് സാലിഖ് (34), അബ്ദുൽ മുഹാദ് ( 34) എന്നിവരെയാണ് ബിനാനിപുരം പൊലീസ് അറസ്റ്റ് ചെയ്തത്. മുഹമ്മദ് സാലിക്കിന്റെ എടയാറുള്ള വീട്ടിൽ നിന്നുമാണ് രാസ ലഹരി പിടികൂടിയത്. അലമാരിയിൽ പ്രത്യേക കവറിൽ പൊതിഞ്ഞ നിലയിൽ ആണ് രാസലഹരി കണ്ടെത്തിയത്.
ഹെറോയിനുമായി ആസാം സ്വദേശി സദ്ദാം ഹുസൈൻ (25) നെ കുറുപ്പുംപടി പൊലീസ് പിടികൂടി. മനയ്ക്കപ്പടി പുത്തൂരം കവലയിലുള്ള ഇയാൾ താമസിക്കുന്ന വീട്ടിൽ നിന്നുമാണ് ഒരു സോപ്പുപെട്ടി നിറയെ ഹെറോയിനുമായി കസ്റ്റഡിയിലെടുത്തത്. പരിശോധനയുമായി ബന്ധപ്പെട്ട് നിരവധി പേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവി കെ എസ് സുദർശന്റെ നേതൃത്വത്തിൽ ശനിയാഴ്ച പുലർച്ചെ ആരംഭിച്ച പരിശോധന രാത്രിയിലും തുടർന്നു. ഇതിൻ്റെ ഭാഗമായി വാഹന പരിശോധനയും നടത്തി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam