'അവകാശവാദങ്ങള്‍ വ്യാജം': മോഹനൻ നായര്‍ക്കെതിരെ കൂടുതല്‍ പരാതികള്‍

By Web TeamFirst Published Sep 2, 2019, 5:26 PM IST
Highlights

സോഷ്യൽ മീഡിയ വഴിയുള്ള അമിത അവകാശവാദങ്ങളുടെ പ്രചാരണത്തിലൂടെ ഗുരുതരമായ രോഗങ്ങള്‍ക്ക് വരെ ചികിത്സിച്ചിരുന്നുവെന്ന് കാണിച്ച് ക്യാപ്സ്യൂൾ കേരള വിവിധ വകുപ്പുകള്‍ക്ക് പരാതി നല്‍കി.

തിരുവനന്തപുരം: മോഹനന്‍ വൈദ്യര്‍ എന്നവകാശപ്പെടുന്ന മഹനന്‍ നായര്‍ക്കെതിരെ കൂടുതല‍് പരാതികള്‍.  സോഷ്യൽ മീഡിയ വഴിയുള്ള അമിത അവകാശവാദങ്ങളുടെ പ്രചാരണത്തിലൂടെ ഗുരുതരമായ രോഗങ്ങള്‍ക്ക് വരെ ചികിത്സിച്ചിരുന്നുവെന്ന് കാണിച്ച് ക്യാപ്സ്യൂൾ കേരള വിവിധ വകുപ്പുകള്‍ക്ക് പരാതി നല്‍കി.

ക്യാൻസർ, കരൾ രോഗങ്ങൾ, വൃക്ക രോഗങ്ങൾ  തുടങ്ങി കുട്ടികളിലെ ജനിതക വൈകല്യങ്ങൾ വരെയുള്ള  അതീവ ശ്രദ്ധയും, പരിചരണവും ആവശ്യമുള്ള രോഗങ്ങൾ വരെ  മോഹനൻ വൈദ്യർ ചികിത്സിച്ചുവെന്ന് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.

ഇത്തരം രോഗാവസ്ഥകളിൽ ശരീരത്തിൽ നടക്കുന്ന രാസ ജൈവ പ്രക്രിയകൾ സങ്കീർണ്ണമായതിനാൽ ആവശ്യമായ പഠനവും, തുടർ നിരീക്ഷണം നടത്താനുള്ള കഴിവും ആവശ്യമാണ്. മോഹനൻ നായരുടെ സംഭാഷണങ്ങൾ, വീഡിയോ എന്നിവ ശ്രദ്ധിച്ചാൽ അത്തരം അറിവുകൾ അദ്ദേഹത്തിനില്ല.

2018 ഏപ്രിൽ 13ലെ സുപ്രീംകോടതി വിധി പ്രകാരം മതിയായ യോഗ്യത ഇല്ലാതെ നാട്ടുവൈദ്യം, പാരമ്പര്യ വൈദ്യം എന്നീ പേരുകളിൽ അദ്ദേഹം നടത്തിവരുന്ന ചികിത്സ നിയമ വിരുദ്ധവും ആണെന്ന് പരാതിയില്‍ വ്യക്തമാക്കുന്നു.

മോഹനൻ നായരുടെ അവകാശവാദങ്ങളിൽ കുടുങ്ങി ശരിയായ ചികിത്സ നിഷേധിക്കപ്പെട്ടവരുടെ  വിവരങ്ങളും ചേർത്തുകൊണ്ട് ഇദ്ദേഹത്തിന്റെ ചികിത്സയും, ചികിത്സാ പ്രചാരണങ്ങളും തടയണമെന്നാവശ്യപ്പെട്ടുകൊണ്ടാണ്    കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ബന്ധപ്പെട്ട വകുപ്പുകൾക്ക്  പരാതി നല്‍കിയിരിക്കുന്നത്.

click me!