
കോഴിക്കോട്: കോഴിക്കോട്(Kozhikode) ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു(car catches fire). ഇന്ന് രാവിലെ എട്ട് മണിയോടെ കോഴിക്കോട് മെഡിക്കൽ കോളേജ്(kozhikode medical college) ആശുപത്രിയ്ക്ക് സമീപത്താണ് സംഭവം. ഓടി കൊണ്ടിരുന്ന കാറിൽ നിന്നും പുക വരികയും പിന്നാലെ തീ പടര്‍ന്നുപിടിക്കുകയുമായിരുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ തീ പടര്‍ന്ന് കാർ കത്തി നശിച്ചു.
കാറില്‍ നിന്നും പുക ഉയര്‍ന്നതുകണ്ട് യാത്രക്കാർ ഉടനെ തന്നെ കാർ നിർത്തി പുറത്തിറങ്ങിയതിനാൽ വൻ അപകടം ഒഴിവായി. മുൻ എം.എൽ.എ. പുരുഷൻ കടലുണ്ടിയുടെ മകനും തൊണ്ടയാട് സ്വദേശിയുമായ വിമൽ പുരുഷോത്തമന്‍റെ മാരുതി വാഗണ്‍ ആര്‍ കാറാണ് കത്തി നശിച്ചത്. വിമലും അദ്ദേഹത്തിന്‍റെ കുട്ടിയുമാണ് കാറിലുണ്ടായിരുന്നത്.
കാറിലെ ഏ.സി. സിസ്റ്റത്തിൽ നിന്നാണ് പുകയുയർന്നതെന്നാണ് സംശയിക്കുന്നത്. മെഡിക്കൽ കോളേജ് ഭാഗത്ത് നിന്നും തൊണ്ടയാടേക്ക് പോകുകയായിരുന്നു കാർ. രാവിലെ മെഡിക്കൽ കോളേജിന് സമീപത്തെ ഗതാഗത കുരുക്കിൽ കുടുങ്ങിയ കാറിൽ നിന്ന് പുക പുറത്ത് വരുന്നത് ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഉടൻ കാർ റോഡരുകിലേക്ക് മാറ്റി നിർത്തി യാത്രക്കാർ പുറത്തിറങ്ങിയപ്പോഴേക്കും തീ പടര്‍ന്നുപിടിച്ചു.
കോഴിക്കോട് വെള്ളിമാടുക്കുന്നിൽ നിന്നും ഒരു യുണിറ്റ് അഗ്നിശമന സേനയെത്തിയാണ് തീയണച്ചത്. സ്റ്റേഷൻ ഓഫീസർ ബാബുരാജ്, റെസ്ക്യു ഓഫീസർ അനിൽ എന്നിവരുടെ നേതൃത്വത്തിലുള്ള ഫയർ ആൻഡ് റെസ്ക്യു ഫോഴ്സാണ് സ്ഥലത്തെത്തിയത്. മെഡിക്കൽ കോളേജ് പൊലീസും സ്ഥലത്തെത്തി. കാറിന്‍റെ എഴുപത് ശതമാനത്തിലേറെ കത്തി നശിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam