ഇടപ്പള്ളിയിൽ കാർ ഡിവൈഡറിലിടിച്ചു, ബോണറ്റിൽ നിന്ന് പുക, വൈകാതെ കത്തിയമർന്നു

By Web TeamFirst Published Nov 11, 2022, 8:56 AM IST
Highlights

ഇടപ്പള്ളി ദേശീയപാതയിൽ കാർ ഡിവൈഡറിലിടിച്ച് കത്തിനശിച്ചു.

എറണാകുളം: ഇടപ്പള്ളി ദേശീയപാതയിൽ കാർ ഡിവൈഡറിൽ ഇടിച്ച് കത്തിനശിച്ചു. പുലർച്ചെയായിരുന്നു അപകടം. ബോണറ്റിൽ നിന്ന് പുക ഉയരുന്നത് കണ്ട് യാത്രക്കാർ കാറിൽ നിന്ന് ഓടിയിറങ്ങിയതിനാൽ ദുരന്തം ഒഴിവായി. 

കാർ പൂർണമായും കത്തിയമർന്നു. അഗ്നിശമന സേനയെത്തിയാണ് തീയണച്ചത്. റോഡിലെ ഡിവൈഡറിൽ ഇടിക്കാതിരിക്കാനായി തിരിച്ചപ്പോൾ കാറിന്‍റെ നിയന്ത്രണം നഷ്ടമാകുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഹിന്ദുജ ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള കാറാണ് അപകടത്തിൽപ്പെട്ടത്.

Read more: ബസ് സ്റ്റോപ്പിൽ നിന്ന പെൺകുട്ടിയെ സ്കൂളിൽ വിടാമെന്ന് പറഞ്ഞ് കാറിൽ കയറ്റി പീഡനം, പ്രതിക്ക് 20 വർഷം തടവ്

അതേസമയം, കഴിഞ്ഞ മാസം പാലായിലും കാറിന് തീപിടിച്ച സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. പാലായില്‍ ഓടിക്കൊണ്ടിരുന്ന മാരുതി കാര്‍ തീപിടിച്ച് പൂര്‍ണമായി കത്തി നശിക്കുകയായിരുന്നു. പാലാ പൊന്‍കുന്നം റോഡില്‍ വാഴേമഠം ഭാഗത്ത് സിവില്‍ സപ്ലൈസ് വെയര്‍ഹൗസിന് സമീപമാണ് കാറിന് തീ പിടിച്ചത്. വലിയകാപ്പില്‍ വി എം തോമസിന്റെ വാഹനമാണ് കത്തിയത്. 

വീടിന് സമീപത്ത് വച്ച് വാഹനത്തില്‍ നിന്നും പുക ഉയര്‍ന്നതോടെ വാഹനത്തിലുണ്ടായിരുന്നവര്‍ പുറത്തിറങ്ങി. പിന്നാലെ തീ ആളിപ്പടരുകയായിരുന്നു. വീട്ടുകാർ ഉടൻ തന്നെ വിവരം ഫയർ ഫോഴ്സിൽ അറിയിച്ചു. പാലാ ഫയര്‍ഫോഴ്‌സ് യൂണിറ്റെത്തിയാണ് തീയണച്ചത്. അപ്പോഴേക്കും വാഹനത്തിന്റെ അകംഭാഗം മുഴുവനും കത്തി നശിച്ചിരുന്നു.

മൂവാറ്റുപുഴയിൽ വാഴക്കുളത്തായിരുന്നു ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചത്. വാഴക്കുളം സൗത്ത് ഇന്ത്യൻ ബാങ്കിന് മുമ്പിലായിരുന്നു സംഭവം. കാറിൻറെ ബോണറ്റിൽ നിന്ന് പുക ഉയരുന്നതു കണ്ട് വാഹനം വഴിയരികിൽ ഒതുക്കി നിർത്തി നടത്തിയ പരിശോധനയിലാണ് തീപിടിച്ചതാണെന്ന് മനസ്സിലായത്. സ്വദേശിയായ വാഹന ഉടമയും രണ്ടു കുട്ടികളും ഡ്രൈവറുമാണ് വാഹനത്തിലുണ്ടായിരുന്നത്. വയനാടിനു പോകുകയായിരുന്ന ഇവർ അപകടത്തിൽ നിന്ന് തലനാരിഴക്കാണ് രക്ഷപ്പെട്ടത്. കല്ലൂർക്കാടു നിന്നും അഗ്നി രക്ഷാ സേനാംഗങ്ങളെത്തി തീയണച്ചു

click me!